ഒറ്റ ഇന്നിംഗ്‌സില്‍ സച്ചിന്റെ ആരും തകര്‍ക്കില്ലെന്ന് കരുതിയ മൂന്ന് റെക്കോഡുകള്‍ നിഷ്പ്രഭം; 'സൂപ്പര്‍മാന്‍ കോലി
ആധുനിക ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയാണ് എന്ന് വിരാട് കോലി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ന്യൂസിലാന്റിനെതിരായ ആദ്യ സെമി ഫൈനലില്‍ വിരാട് കോലി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്. ഇന്നത്തെ പ്രകടനത്തോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മൂന്ന് റെക്കോഡുകളാണ് വിരാട് കോലി സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ഏകദിനത്തില്‍ തന്റെ അമ്പതാം സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് കുറിച്ചത്. ഇതോടെ ലോകത്ത് ആദ്യമായി ഏകദിനത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡ് വിരാട് കോലി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. സെമിക്ക് മുന്‍പ് ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 49 സെഞ്ച്വറി എന്ന ലോകറെക്കോഡിനൊപ്പമായിരുന്നു വിരാട് കോലി.

ഇന്ന് 106 പന്തില്‍ സെഞ്ച്വറി തികച്ചതോടെ ക്രിക്കറ്റിലെ തന്നെ അപൂര്‍വം എന്ന് വിളിക്കപ്പെടുന്ന റെക്കോഡിനാണ് വിരാട് കോലി അര്‍ഹനായിരിക്കുന്നത്. ഇത് കൂടാതെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന സച്ചിന്റെ റെക്കോഡും വിരാട് കോലി മറികടന്നു. 20 വര്‍ഷം ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാതിരുന്ന റെക്കോഡാണ് വിരാട് കോലി ഇന്ന് മറികടന്നിരിക്കുന്നത്.
2003 ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 673 റണ്‍സായിരുന്നു നേടിയത്. ഈ ലോകകപ്പില്‍ വിരാട് കോലിക്ക് ഇതുവരെ 711 റണ്‍സായി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഈ ലോകകപ്പില്‍ ഇത് എട്ടാം തവണയാണ് വിരാട് കോലി 50 കടക്കുന്നത്. നേരത്തെ ഏഴ് തവണ 50 കടന്ന സച്ചിന്റേയും ഷാക്കിബ് അല്‍ ഹസന്റേയും പേരിലായിരുന്നു റെക്കോഡ്.
ഈ ലോകകപ്പില്‍ വിരാട് കോലി നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ രണ്ടാമത് എത്താനും കോലിക്കായി. ഏകദിനത്തില്‍ എക്കാലത്തെയും റണ്‍സ് നേടിയവരുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിന്റെ 13,704 റണ്‍സെന്ന നേട്ടവും കോലി ഇന്ന് മറികടന്നു. അതേസമയം 50-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഗ്രൗണ്ടില്‍ വച്ച് തന്നെ വണങ്ങാനും കോലി മറന്നില്ല.
സച്ചിനാണ് തന്റെ റോള്‍ മോഡല്‍ എന്ന് പലകുറി വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. സച്ചിനും തന്റെ റെക്കോഡുകള്‍ മറികടക്കാന്‍ സാധ്യതയുള്ള താരം കോലിയും രോഹിതും ആയിരിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications