ദക്ഷിണാഫ്രിക്ക നിഷ്പ്രഭം, പൊരുതാന്‍ പോലുമാകാതെ വീണു; ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 106 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇതോടെ ടി 20 പരമ്പര 1-1 എന്ന നിലയില്‍ കലാശിച്ചു. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ടി 20യില്‍ ആതിഥേയര്‍ക്കായിരുന്നു ജയം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 201 റണ്‍സാണ് അടിച്ചെടുത്തത്.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജഡേജ രണ്ട് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാനായുള്ളൂ. ഡേവിഡ് മില്ലര്‍ (35), എയ്ദന്‍ മാര്‍ക്രം (25) എന്നിവര്‍ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഫെറേറിയ 12 റണ്‍സ് എടുത്ത് പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി മികവില്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 202 റണ്‍സ് വിജയലക്ഷ്യം വെച്ചത്. നാലാം ടി 20 സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ആണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 56 പന്തുകളില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് 100 റണ്‍സ് നേടിയത്.
എട്ട് സിക്സും ഏഴ് ഫോറും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. യശസ്വി ജയ്സ്വാള്‍ 41 പന്തില്‍ 60 റണ്‍സ് റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്സും ആറ് ഫോറുമാണ് യശസ്വി ജയ്സ്വാള്‍ നേടിയത്. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ് - യശ്വസി ജയ്‌സ്വാള്‍ സഖ്യമാണ് കരകയറ്റിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
എന്നാല്‍ പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തി. റിങ്കു സിംഗ് (14), ജിതേഷ് ശര്‍മ്മ (4) രവീന്ദ്ര ജഡേജ (4) എന്നിവര്‍ വേഗം മടങ്ങി. അതേസമയം യശ്വസി ജയ്‌സ്വാള്‍ പോയ ശേഷവും സൂര്യകുമാര്‍ യാദവ് കത്തിക്കയറിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നത്. എന്നാല്‍ സെഞ്ച്വറി പിന്നിട്ടതോടെ നായകനും വീണു. അവസാന ഓവറില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്.












Click it and Unblock the Notifications