IPL 2023: അര്‍ജുനും തിലകും തിരിച്ചെത്തും... ഗുജറാത്തിന്റെ കുതിപ്പ് മുംബൈ തടയുമോ? സാധ്യതാ ഇലവന്‍
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സുമായി ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ടീമില്‍ മാറ്റത്തിന് സാധ്യത. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ അവസാന മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് എത്തുന്നത്. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 21 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം കണ്ടത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും ഇതേ പ്രകടനം ആവര്‍ത്തിക്കാനാണ് അഞ്ച് തവണ ജേതാക്കളായ മുംബൈ ടീം ആഗ്രഹിക്കുന്നത്. ഈ സീസണില്‍ നേരത്തെ ഗുജറാത്തിനോട് ഏറ്റുമുട്ടിയപ്പോള്‍ മുംബൈ പരാജയം രുചിച്ചിരുന്നു. അതിനാല്‍ പ്രതികാര ദാഹത്തോടെയായിരിക്കും മുംബൈ ഇന്നിറങ്ങുക. ഗുജറാത്ത് 16 പോയിന്റുമായി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ ജയം പ്ലേഓഫില്‍ അവരുടെ സ്ഥാനം ഉറപ്പിക്കും.

അതേസമയം 12 പോയന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമിലാണ് എന്നതാണ് മുംബൈയ്ക്ക് ആശ്വാസം. എന്നാല്‍ ബൗളിംഗ് ആശങ്കാജനകമാണ്. വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള ഒഴികെ മറ്റാരും നന്നായി പന്തെറിയുന്നില്ല സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ അര്‍ജുനെ ഒഴിവാക്കിയെങ്കിലും ഇന്ന് താരം തിരിച്ചെത്തിയേക്കാനാണ് സാധ്യത. പവര്‍പ്ലേ ഓവറുകളില്‍ അര്‍ജുന്‍ നന്നായി പന്തെറിയുന്നുണ്ട്. അര്‍ജുന്‍ തുടക്കത്തില്‍ രണ്ട് ഓവര്‍ എറിയുകയാണെങ്കില്‍, ഡെത്ത് ഓവറുകളില്‍ ക്രിസ് ജോര്‍ദാന്‍, റിലേ മെറിഡിത്ത്, അല്ലെങ്കില്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് എന്നിവരെ സംരക്ഷിക്കാന്‍ രോഹിതിനാകും.
ബാറ്റിംഗില്‍ ഫോമിലുള്ള തിലക് വര്‍മ്മയ്ക്ക് അസുഖം കാരണം അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇന്നത്തെ മത്സരത്തില്‍ തിലക് വര്‍മ്മ കളിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെ എങ്കില്‍ ആരെ പുറത്താക്കും എന്നാണ് മുംബൈയുടെ പ്രശ്‌നം. തിലക് വര്‍മ്മയുടെ അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ നെഹാല്‍ വധേരയ്ക്ക് അവസരം ലഭിച്ചു. തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടി വധേര തീരുമാനം ശരിവെക്കുകയും ചെയ്തു.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, വധേര, ടിം ഡേവിഡ് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര നിലവിലെ ഫോമില്‍ ഏറെ അപകടകാരികളാണ്. മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതാ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വാധേര, ക്രിസ് ജോര്‍ദാന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്.












Click it and Unblock the Notifications