വന്നവരെല്ലാം ബെംഗളൂരുവിനെ പഞ്ഞിക്കിട്ടു, ചാമ്പ്യന്‍ ഷോയുമായി ചെന്നൈ: ആറ് വിക്കറ്റ് വിജയം
ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഓവറില്‍ മറികടക്കുകയായിരുന്നു സിഎസ്കെ. പുതിയ ക്യാപ്റ്റന് കീഴില്‍ ജയത്തോടെ തുടക്കമിടാനും ഇതോടെ സിഎസ്‌കെയ്ക്ക് സാധിച്ചു.
ശിവം ദുബെ(38*) രചിന്‍ രവീന്ദ്ര(37) അജിന്‍ക്യ രഹാനെ(27) രവീന്ദ്ര ജഡേജ(25*) എന്നിവര്‍ സിഎസ്‌കെയ്ക്കായി തിളങ്ങി. ടീമില്‍ ആരും അര്‍ധ സെഞ്ച്വറി നേടിയില്ലെങ്കിലും ചെറിയ സ്‌കോറുകളിലൂടെ മികച്ച വിജയം നേടിയെടുക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗിന് സാധിക്കുകയായിരുന്നു.

സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്(15) പുറത്താവുമ്പോള്‍ നാലോവറില്‍ തന്നെ 38 റണ്‍സടിച്ചിരുന്നു സിഎസ്‌കെ. എന്നാല്‍ പവര്‍പ്ലേയില്‍ 62 റണ്‍സാണ് ടീം അടിച്ച് കൂട്ടിയത്. രചിന്‍ രവീന്ദ്ര വെറും 15 പന്തിലാണ് 37 റണ്‍സടിച്ചത്. മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളും താരം പറത്തി.
അജിന്‍ക്യ രഹാനെ 19 പന്തിലാണ് 27 റണ്‍സടിച്ചത്. രണ്ട് സിക്‌സറുകള്‍ രഹാനെയും പറത്തി. ഡാരില്‍ മിച്ചല്‍ 18 പന്തില്‍ 22 റണ്‍സടിച്ചു. എന്നാല്‍ ടീമിനെ വിജയ തീരത്ത് എത്തിച്ചത് ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേര്‍ന്ന കൂട്ടുകെട്ടാണ്. ദുബെ 28 പന്തില്‍ 34 റണ്‍സടിച്ചു. നാല് ബൗണ്ടറിയും ഒരു സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
രവീന്ദ്ര ജഡേജ 17 പന്തിലാണ് 25 റണ്‍സടിച്ചത്. ബെംഗളൂരു നിരയില്‍ കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തു. ഓരോ വിക്കറ്റ് കരണ്‍ ശര്‍മയ്ക്കും യഷ് ദയാലിനും ലഭിച്ചു. നേരത്തെ പതിവ് പരിപാടിയെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ മികച്ച സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.
ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ഫാഫ് ഡുപ്ലെസി(35) വിരാട് കോലി(21ഃ) എന്നിവര്‍ അതിവേഗം സ്‌കോര്‍ ചെയ്തു. 4.3 ഓവറില്‍ 41 റണ്‍സിലെത്തിയിരുന്നു ടീം. ഇതില്‍ 35 റണ്‍സും ഡുപ്ലെസിയായിരുന്നു അടിച്ചെടുത്തത്. 23 പന്തില്‍ എട്ട് ബൗണ്ടറികളോടെയാണ് ഡുപ്ലെസി 35 റണ്‍സെടുത്തത്. എന്നാല്‍ ഡുപ്ലെസിസ് പോയതോടെ കൂട്ടത്തകര്‍ച്ച നേരിട്ട ബെംഗളൂരു അത്ഭുതകരമായി തിരിച്ചുവരികയായിരുന്നു.
വിരാട് കോലി, രജത് പാട്ടീദാര്‍(0) ഗ്ലെന്‍ മാക്‌സ്വെല്‍(0) കാമറൂണ്‍ ഗ്രീന്‍(18) എന്നിവരെ നഷ്ടപ്പെട്ട് 12 ഓവറാകുമ്പോഴേക്ക് 78 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു ആര്‍സിബി. തകര്‍ച്ച നേരിട്ട ഘട്ടത്തിലായിരുന്നു ബെംഗളൂരുവിന്റെ രക്ഷകനായ അനൂജ് റാവത്ത്(48) ദിനേഷ് കാര്‍ത്തിക്(38) എന്നിവരെത്തിയത്. ഇരുവരും അവസാന എട്ടോവറില്‍ തകര്‍ത്തടിക്കുകയായിരുന്നു. റാവത്ത് 25 പന്തിലാണ് 48 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി.
കാര്‍ത്തിക് 26 പന്തിലാണ് 38 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. 150 റണ്‍സിലെത്തില്ല എന്ന് കരുതിയ ആര്‍സിബി 173 റണ്‍സിലെത്തുകയ.ായിരുന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 95 റണ്‍സാണ് 57 പന്തില്‍ കൂട്ടിച്ചേര്‍ത്തത്. അതേസമയംസിഎസ്‌കെ നിരയില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹ്‌മാന്‍ തിളങ്ങി. ദീപക് ചാഹറിനാണ് ശേഷിച്ച വിക്കറ്റ്. അനൂജ് റാവത്ത് അവസാന പന്തില്‍ റണ്ണൗട്ടാവുകയായിരുന്നു.












Click it and Unblock the Notifications