വിശാഖപട്ടണത്ത് ധോണി ഷോ, ചെന്നൈക്ക് പക്ഷേ ജയമില്ല, ഡല്‍ഹിക്ക് 20 റണ്‍സ് വിജയം
ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 20 റണ്‍സ് തോല്‍വി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ഇരുപതോവറില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കം മുതല്‍ ഗംഭീര ബൗളിംഗാണ് ഡല്‍ഹി കാഴ്ച്ചവെച്ചത്. ചെന്നൈയുടെ അതിശക്തമായ ഓപ്പണിംഗ് മത്സരത്തില്‍ റണ്‍സെടുക്കാന്‍ നന്നായി ബുദ്ധിമുട്ടി.
റിതുരാജ് ഗെയ്ക്വാദ്(1) രചിന്‍ രവീന്ദ്ര(2) എന്നിവര്‍ കാര്യമായ സംഭാവനകളൊന്നും നല്‍കാതെ മടങ്ങുകയായിരുന്നു. സിഎസ്‌കെയുടെ പേരുകേട്ട മധ്യനിരയും മത്സരത്തില്‍ വിജയത്തിലെത്തിക്കാനായില്ല. അജിന്‍ക്യ രഹാനെ(45) ഡാരില്‍ മിച്ചല്‍(34) എന്നിവര്‍ നന്നായി കളിച്ചെങ്കിലും വിചാരിച്ചത് പോലെ സ്‌കോറിംഗിന് വേഗം വന്നില്ല. ഇതിന് പ്രധാന കാരണം ഡല്‍ഹിയുടെ മികച്ച ബൗളിംഗ് തന്നെയായിരുന്നു.

ചെന്നൈ നിരയില്‍ ആകെ ആശ്വസിക്കാനുണ്ടായിരുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ മിന്നലടികള്‍ മാത്രമായിരുന്നു. ഈ സീസണില്‍ ആദ്യമായിട്ടാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. 16 പന്തില്‍ 37 റണ്‍സടിച്ച ധോണി പുറത്താവാതെ നിന്നു. നാല് ബൗണ്ടറിയും മൂന്ന് കിടിലന്‍ സിക്‌സറും താരം പറത്തി.
മത്സരത്തില്‍ വെറും 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറും നാലോവറില്‍ 21 മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും തിളങ്ങി. ശേഷിച്ച വിക്കറ്റ് അക്‌സര്‍ പട്ടേലിനാണ്. നേരത്തെ 200 റണ്‍സിന് നേടുമെന്ന് മുകളില്‍ ഡല്‍ഹി തോന്നിച്ചെങ്കിലും പിന്നീട് റണ്‍റേറ്റും വിക്കറ്റുമെല്ലാം നഷ്ടമാവുകയായിരുന്നു.
ടീമിലേക്ക് തിരിച്ചെത്തിയ പൃഥ്വി ഷാ(43( ഡേവിഡ് വാര്‍ണര്‍(52) എന്നിവര്‍ ചേര്‍ന്നാണ് ടീമിന് അടിത്തറയിട്ടത്. പൃഥ്വി ഷായും വാര്‍ണറും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 9.3 ഓവറില്‍ 93 റണ്‍സാണ്‍ അടിച്ചെടുത്തത്. വാര്‍ണര്‍ 35 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമാണ് 52 റണ്‍സടിച്ചത്. വാര്‍ണറെ അസാധ്യമായ ഒരുക്യാച്ചിലാണ് പതിരാന പുറത്താക്കിയത്.
പൃഥ്വി ഷാ 27 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് 43 റണ്‍സെടുത്ത് തിരിച്ചുവരവ് മികച്ചതാക്കുകയും ചെയ്തു. അതേസമയം റിഷഭ് പന്തിന്റെ അവസാന ഓവറുകളിലെ മിന്നടികളാണ് ഇത്ര വലിയ സ്‌കോറിലേക്ക് ഡല്‍ഹിയെ നയിച്ചത്. പന്ത് 32 പന്തില്‍ 51 റണ്‍സടിച്ചു. ഈ സീസണില്‍ പന്തിന്റെ ആദ്യത്തെ അര്‍ധ സെഞ്ച്വറിയാണിത്.
അത് മാത്രമല്ല, ആദ്യ രണ്ട് മത്സരങ്ങളിലും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പന്തിന് ഇത് ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പാണ്. നാല് ബൗണ്ടറികളിലും മൂന്ന് സിക്‌സറുകളും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മിച്ചല്‍ മാര്‍ഷ്(18) ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്(0) എന്നിവര്‍ പരാജയപ്പെട്ടു. ചെന്നൈ ബൗളര്‍മാരില്‍ നാലോവരില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത പതിരാനയാണ് തിളങ്ങിയത്. മുസ്തഫിസുര്‍ റഹ്‌മാനും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications