ഇശാന്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ തകര്‍ന്ന് ലഖ്‌നൗ; അര്‍ഷാദിന്റെ പോരാട്ടം വിഫലം
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 19 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റെടുത്ത ഇശാന്ത് ശര്‍മ്മയാണ് ലഖ്‌നൗവിനെ തകര്‍ത്തത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 27 പന്തില്‍ ആറ് ഫോറും നാല് സിക്സും അടക്കം 61 റണ്‍സ് നേടിയ നിക്കോളാസ് പൂരനും 33 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും അടക്കം 58 റണ്‍സ് എടുത്ത അര്‍ഷദ് ഖാനും മാത്രമെ തിളങ്ങിയുള്ളൂ. തന്റെ ആദ്യ സ്‌പെല്ലില്‍ തന്നെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കിനേയും (12) കെഎല്‍ രാഹുലിനേയും (5) ദീപക് ഹൂഡയേയും (0) മടക്കി കൊണ്ട് ഇശാന്ത് ശര്‍മ്മ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്.

സ്റ്റോയിനിസിനെ അക്‌സര്‍ പട്ടേലും ബദൗനിയെ സ്റ്റബ്‌സും മടക്കിയതോടെ ലഖ്‌നൗ ഏഴോവറില്‍ 71ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൂരനും ക്രുണാള്‍ പാണ്ഡ്യയുമാണ് സ്‌കോര്‍ 100 കടത്തിയത്. എന്നാല്‍ പൂരന്‍ മടങ്ങിയതോടെ ലഖ്‌നൗവിന്റെ വിജയപ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു. അതിനിടെ അര്‍ഷദ് ഖാനും ക്രുണാളും (18) സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് തോന്നിച്ചെങ്കിലും പാണ്ഡ്യയെ കുല്‍ദീപിന്റെ പന്തില്‍ റിഷഭ് സ്റ്റംപ് ചെയ്ത് പുറത്താക്കി.
നേരത്തെ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹിയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രാഹുലിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കും വിധം രണ്ടാം പന്തില്‍ തന്നെ കൂറ്റനടിക്കാരന്‍ ജേക്ക് ഫ്രേസര്‍ മക്ഗ്രൂക്കിനെ അര്‍ഷദ് ഖാന്‍ പറഞ്ഞയച്ചു. എന്നാല്‍ പിന്നീട് ലഖ്നൗവിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് കൊണ്ട് അഭിഷേക് പോറല്‍ വെടിക്കെട്ട് പ്രകടനം നടത്തി.
ഫസ്റ്റ് ഡൗണായി എത്തിയ ഷായ് ഹോപ്പ് അഭിഷേകിന് മികച്ച പിന്തുണ നല്‍കിയതോടെ രണ്ടാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 33 റണ്‍സെടുത്ത ഹോപ്പിനെ രവി ബിഷ്ണോയി മടക്കി അയച്ചു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തും നിലയുറപ്പിച്ച് കളിച്ചു. അതിനിടെ അഭിഷേക് അര്‍ധ സെഞ്ച്വറി പിന്നിട്ടു.
33 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും അടക്കം 58 റണ്‍സെടുത്ത അഭിഷേകിനെ നവീന്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്സിനൊപ്പം റിഷഭ് പന്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ ടീം ടോട്ടല്‍ 158 ല്‍ എത്തിയപ്പോള് പന്ത് പുറത്തായി. 23 പന്തില്‍ അഞ്ച് ഫോര്‍ അടക്കം 33 റണ്‍സാണ് പന്ത് നേടിയിരുന്നത്. അവസാന ഓവറുകളില്‍ സ്റ്റബ്സ് ആഞ്ഞടിച്ചതോടെയാണ് സ്‌കോര്‍ 200 കടന്നത്.
സ്റ്റബ്സ് 25 പന്തില്‍ 3 ഫോറും 4 സിക്സും അടക്കം 57 റണ്‍സെടുത്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഏഴ് പേരാണ് ലഖ്നൗവിനായി ഇന്ന് പന്തെറിഞ്ഞത്.












Click it and Unblock the Notifications