തലയും പിള്ളേരും ഡബിൾ സ്ട്രോങ്ങ്, കിംഗിന്റെ വരവ് ജയത്തോടെ തുടങ്ങാൻ; കണക്കുകളിൽ മുൻതൂക്കം ആർക്ക്?
ചെന്നൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ നാളെ തുടങ്ങുകയാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളുടെ കാര്യത്തിൽ ഐപിഎല്ലിനെ വെല്ലാൻ മറ്റാർക്കും ആവില്ലെന്ന് ഈ പതിനേഴാം സീസണിലേക്ക് കടക്കുമ്പോഴും വ്യക്തമാണ്. ടാറ്റയാണ് ഇക്കുറിയും ഐപിഎല്ലിലെ സ്‌പോൺസർമാർ. ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ്.
പത്ത് ടീമുകളാണ് ഇത്തവണ കിരീടത്തിനായി പോരടിക്കുന്നത്. കന്നി മത്സരം നിലവിലെ ചാമ്പ്യന്മാരായ സിഎസ്കെയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വച്ചാണ്. നാളെ ഒരു സൂപ്പർതാര പോരാട്ടത്തിനാണ് തന്നെയാണ് ചെപ്പോക്ക് വേദിയാവുക എന്നുറപ്പായി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ അതികായരായ രണ്ട് പേർ ഉൾപ്പെടുന്ന ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുമ്പോൾ മികച്ച മത്സരം തന്നെ നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സിഎസ്കെയുടെ പ്രതീക്ഷ
എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി ഇറങ്ങുന്ന സിഎസ്കെ മറ്റേത് ടീമിനെക്കാളും അപകടകാരിയാണ്. പ്രത്യേകിച്ച് സ്വന്തം ഗ്രൗണ്ടായ ചെപ്പോക്കിൽ അവരെ വെല്ലാൻ മറ്റ് ടീമുകൾ ഒരിത്തിരി വിയർക്കും. പരിചയസമ്പത്തും യുവത്വവും ഒരുപോലെ ഒത്തിണങ്ങിയ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ധോണിയുടെ സാന്നിധ്യം തന്നെയാണ് ഏറ്റവും വലിയ മുതൽക്കൂട്ട്.
സിഎസ്കെ സ്‌ക്വാഡ്:
എംഎസ് ധോണി (ക്യാപ്റ്റൻ), മൊയിൻ അലി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ്, രാജ്വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്, മുകേഷ് ചൗധരി, അജിങ്ക്യ രഹാനെ, ഷെയ്ക് റഷീദ്, മിച്ചൽ സാൻ്റ്‌നർ, സിമർജീത് സിംഗ്, സിമർജീത് സിംഗ്, പ്രിശാന്ത് സിംഗ്, , മഹേഷ് തീക്ഷണ, രച്ചിൻ രവീന്ദ്ര, ശാർദുൽ താക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, മുസ്താഫിസുർ റഹ്മാൻ, അവനീഷ് റാവു ആരവേലി.
ആർസിബിയുടെ സാധ്യതകൾ
കഴിഞ്ഞ പതിനാറ് സീസണുകളിലും കിണഞ്ഞ് പരിശ്രമിച്ചിട്ടും കിട്ടാത്ത കിരീടത്തിനായാണ് ആർസിബി ഇത്തവണ ചെന്നൈയിലേക്ക് ആദ്യ മത്സരത്തിന് വേണ്ടി വണ്ടി കയറുന്നത്. വിരാട് കോഹ്ലി തന്നെയാണ് ടീമിനെ നെടുംതൂൺ. ഏത് വമ്പന്മാരെയും അട്ടിമറിക്കാൻ ശേഷിയുള്ള ആർസിബിക്ക് പക്ഷേ അവസാനവട്ടം ചുവട് പിഴയ്ക്കാറാണ് പതിവ്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, മാക്‌സ്‌വെൽ എന്നിവരും ടീമിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
ആർസിബി സ്‌ക്വാഡ്:
ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ഗ്ലെൻ മാക്‌സ്‌വെൽ, വിരാട് കോഹ്‌ലി, രജത് പതിദാർ, അനൂജ് റാവത്ത്, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്ക്‌സ്, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വിജയ് കുമാർ വൈശാക്, ആകാശ് ദീപ്, റെയ്, മുഹമ്മദ് സിറാജ്, ടോപ്ലി, ഹിമാൻഷു ശർമ്മ, രാജൻ കുമാർ, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, യാഷ് ദയാൽ, ടോം കുറാൻ, ലോക്കി ഫെർഗൂസൺ, സ്വപ്നിൽ സിംഗ്, സൗരവ് ചൗഹാൻ.
അവസാന അഞ്ച് മത്സരങ്ങളിലെ ഫലം
ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് കഴിഞ്ഞ ഐപിഎല്ലിൽ ആയിരുന്നു. എന്നാൽ ഫോർമാറ്റിൽ മാറ്റം കാരണം ഒരു തവണ മാത്രമാണ് ഇരു ടീമുകളും തമ്മിൽ മത്സരം നടന്നത്. അതിൽ സിഎസ്കെ ആയിരുന്നു ജയം സ്വന്തമാക്കിയത്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 റൺസിനായിരുന്നു സിഎസ്കെയുടെ ജയം.
മറ്റ് നാല് മത്സരങ്ങളിൽ ഒരു തവണയാണ് ആകെ ആർസിബിക്ക് ജയിക്കാൻ കഴിഞ്ഞത്. അതായത് കഴിഞ്ഞ അഞ്ച് മത്സ്യങ്ങളിൽ നാലിലും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. 2022 സീസണിൽ നടന്ന ആദ്യ മത്സരത്തിൽ സിഎസ്കെയെ ആർസിബി തകർത്തിരുന്നു. 23 റൺസിനായിരുന്നു അവരുടെ ജയം. എന്നാൽ രണ്ടാം മത്സരത്തിൽ ചെന്നൈ പകരം വീട്ടി. 13 റൺസിന് അവർ ആർസിബിയെ തോൽപ്പിച്ചു.
അതിന് മുൻപത്തെ സീസണിൽ നടന്ന രണ്ട് മത്സരങ്ങളും ചെന്നൈ ഏകപക്ഷീയമായി ജയിക്കുകയായിരുന്നു. മുംബൈയിൽ നടന്ന മത്സരത്തിൽ 63 റൺസിനും, ഷാർജയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനുമായിരുന്നു ചെന്നൈയുടെ ജയം.
എന്നാൽ ഈ കടലാസിലെ കണക്കുകൾ കളത്തിൽ പ്രസക്തിയില്ല. വനിതാ ടീമിന്റെ കിരീട വിജയത്തിന്റെ ചുവട് പിടിച്ച് ഇക്കുറി ആഗ്രഹിച്ച കപ്പ് ബെംഗളൂരുവിൽ എത്തിക്കാമെന്നാണ് കോഹ്‌ലിയും കൂട്ടരും കണക്ക് കൂട്ടുന്നത്. മറുവശത്ത് കിരീട വിജയത്തിൽ മുംബൈയുടെ നേട്ടം മറികടന്ന് ഏറ്റവും കൂടുതൽ തവണ കപ്പടിച്ചവർ എന്ന റെക്കോർഡ് ലക്ഷ്യമിട്ട് ചെന്നൈയും ഇറങ്ങുമ്പോൾ ഗ്രൗണ്ടിൽ തീപാറുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications