മുംബൈ ഉടച്ചുവാര്‍ക്കും... അടുത്ത സീസണില്‍ സൂര്യയും ബുംറയും മാത്രം..! രോഹിതിനെ വിടുമെന്ന് സെവാഗ്
ഐപിഎല്ലിലെ രോഹിത് ശര്‍മ്മയുടെ മോശം ഫോമില്‍ പ്രതികരണവുമായി മുന്‍താരം വിരേന്ദ്ര സെവാഗ്. മെഗാ ലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സില്‍ രോഹിതിന്റെ ഭാവിയില്‍ സംശയമുണ്ട് എന്ന് സെവാഗ് പറഞ്ഞു. ക്രിക്ക് ബസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്ത് തന്നെയായാലും മികച്ച പ്രകടനം നടത്തിയാലേ കാര്യമുള്ളൂ എന്നും സെവാഗ് ചൂണ്ടിക്കാട്ടി.
'ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഒരു സിനിമയ്ക്ക് കിട്ടിയെന്ന് വെച്ച് അതൊരു ഹിറ്റ് ചിത്രമാകുമെന്ന് അര്‍ത്ഥമില്ല. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യണം. തിരക്കഥയില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം. ഒരു സെഞ്ച്വറി നേടിയതോടെ രോഹിതിന് അത് നഷ്ടമായി. ശേഷിക്കുന്ന മത്സരങ്ങളില്‍, എപ്പോഴാണ് അദ്ദേഹം പ്രകടനം നടത്തിയത്? സീസണിലുടനീളം ഇഷാന്‍ കിഷന്‍ പവര്‍പ്ലേയ്ക്ക് അപ്പുറം പോയിട്ടില്ല,' ,സെവാഗ് പറഞ്ഞു.

അതിനാല്‍ മുംബൈയില്‍ വരും സീസണില്‍ ഉണ്ടാകും എന്ന് ഉറപ്പുള്ള രണ്ട് കളിക്കാര്‍ ബുംറയും സൂര്യകുമാറും മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെടെയുള്ള മറ്റ് വമ്പന്‍ താരങ്ങളെ മുംബൈ നിലനിര്‍ത്തിയേക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സെഞ്ച്വറി നേടിയെങ്കിലും 12 മത്സരങ്ങളില്‍ നിന്നായി 330 റണ്‍സ് മാത്രമാണ് രോഹിതിന്റെ ഈ സീസണിലെ സമ്പാദ്യം.
അതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമായി രോഹിത് ശര്‍മ്മ സംവദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ഇത് തന്റെ അവസാന സീസണായേക്കും എന്നാണ് ഇതില്‍ രോഹിത് പറയുന്നത്. രോഹിതും അഭിഷേക് നായരും അവരുടെ മുംബൈ ആഭ്യന്തര ക്രിക്കറ്റ് കാലം തൊട്ട് അടുത്ത സുഹൃത്തുക്കളാണ്. 2011 ലോകകപ്പിന് ശേഷം രോഹിതിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവില്‍ നിര്‍ണായക പങ്ക് വഹിച്ചതും അഭിഷേകാണ്.
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. ആറ് തവണ കിരീടനേട്ടങ്ങളില്‍ പങ്കാളിയായ ഏക താരവും രോഹിത് ശര്‍മ്മയാണ്. ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ്മ, 2009 ല്‍ കിരീടം നേടിയ ഡെക്കാണ്‍ ചാര്‍ജേഴ്‌സിന്റേയും താരമായിരുന്നു. 256 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 6560 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. രണ്ട് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.












Click it and Unblock the Notifications