'ധോണി മഹാൻ തന്നെ, പക്ഷേ ആ ചെയ്‌തത് മാത്രം ഒട്ടും ശരിയായില്ല'; വിമർശനവുമായി മുൻ ന്യൂസിലൻഡ് താരം
ഇന്ത്യൻ പ്രീമിയർ പതിനേഴാം സീസൺ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലോട് കൂടി ഒരുപക്ഷേ ഒട്ടേറെ ഇതിഹാസ താരങ്ങൾ പാഡഴിക്കും എന്നാണ് കരുതപ്പെടുന്നത്. അതിലൊരാളാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന എംഎസ് ധോണി. 42 വയസിലേക്ക് കടന്നിട്ടും താരത്തിന്റെ കായികക്ഷമതയ്ക്ക് ഒരു കോട്ടവും നൽകിയിട്ടില്ലെന്ന് ഗ്രൗണ്ടിൽ പ്രകടമാണ്.
എന്നാൽ കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പരാജയപ്പെട്ടപ്പോഴും ധോണിയുടെ ഇന്നിംഗ്‌സ് ഏറെ ശദ്ധ നേടിയിരുന്നു. പഴയ ധോണിയുടെ ശൈലിയിൽ ബാറ്റ് വീശിയ താരത്തിന് പക്ഷേ ടീമിനെ ജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ധോണിയുടെ ബാറ്റിങ് ശൈലിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് താരം.

ഡെൽഹിക്കെതിരായ മത്സരത്തിൽ ധോണിയുടെ ബാറ്റിങ് ശൈലിയുടെ പേരിലാണ് ന്യൂസിലൻഡ് താരമായിരുന്ന സൈമൺ ഡൾ വിമർശനം ഉന്നയിച്ചത്. ഡൽഹി ക്യാപിറ്റൽസ് ബൗളർമാരെ നേരിടുമ്പോൾ തുടക്കത്തിൽ തന്നെ ധോണി ആക്രമിച്ചു കളിച്ചില്ലെന്നും അതാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്നും ഡൾ അഭിപ്രായപ്പെട്ടു.
മത്സരത്തിൽ അവസാന നിമിഷം ധോണി കിണഞ്ഞു പരിശ്രമിച്ചിട്ടും ചെന്നൈക്ക് ജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് സൈമൺ ഡളിന്റെ വിമർശനം വരുന്നത്. ഡൽഹി ബൗളർമാരെ കടന്നാക്രമിക്കും മുൻപ് ധോണി ധാരാളം ഡോട്ട് ബോളുകൾ കളിച്ചിരുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്ന പ്രധാന കാര്യം.
"ധോനിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് ഒരുപാട് വാർത്തകൾ ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ അദേഹം ഒരുപാട് പന്തുകൾ തടഞ്ഞു. അദ്ദേഹം ധാരാളം ഡോട്ട് ബോളുകൾ കളിക്കുകയും ചെയ്‌തു. ഒടുവിൽ ധോണി റൺസ് എടുക്കാതിരുന്നപ്പോൾ എനിക്ക് തന്നെ എന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, അദ്ദേഹം മഹാനായ എംഎസ് ധോണിയാണെങ്കിലും ഈ ചെയ്‌തത് തെറ്റായിരുന്നു" എന്നാണ് സൈമൺ ഡൾ പറയുന്നത്.
അതേസമയം, 191 റൺസ് വിജലക്ഷ്യമായി ഇറങ്ങിയ ചെന്നൈക്ക് പക്ഷേ പാതിവഴിയിൽ കാലിടറിയിരുന്നു. അജിൻക്യ രഹാനെയും ഡാരിൽ മിച്ചലും ചേർന്ന് ജയത്തിനായി പരിശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ ധോണി ഇറങ്ങിയതോടെ ടീമിനും ആരാധകർക്ക് സന്തോഷത്തിന്റെ രാവായിരുന്നു. എന്നാൽ ധോണിക്ക് 16 പന്തിൽ 32 റൺസെടുക്കാനേ കഴിഞ്ഞുള്ളു.












Click it and Unblock the Notifications