കോടികള്‍ മറിയുന്നത് ഇത്തവണ സൗദിയില്‍, പന്തിന് 20 കോടി? രാഹുലും അയ്യരും കോടി ക്ലബ് വിടില്ല
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ താരലേലം ഈ മാസം അവസാനം നടക്കും. സൗദി അറേബ്യയിലെ റിയാദിലാണ് ഇത്തവണ താരലേലം നടക്കുന്നത്. നവംബര്‍ 24, 25 തിയതികളിലാണ് താരലേലം നടക്കുക. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
അതേസമയം ഷെഡ്യൂള്‍ സംബന്ധമായ പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളത്. നവംബര്‍ 22നും 26നും ഇടയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പെര്‍ത്തില്‍ നടക്കുന്നുണ്ട്. ഡിസ്‌നി ഹോട്ട്‌സ്റ്റാറിനാണ് ഐപിഎല്ലിന്റെ സ്ട്രീമിംഗ് റൈറ്റ്‌സുള്ളത്. ഇന്ത്യയുടെ പരമ്പരയും ഇവരാണ് സംപ്രേഷണം ചെയ്യുന്നത്. അതുകൊണ്ട് ഏതായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഓസ്‌ട്രേലിയന്‍ സമയവുമായി വ്യത്യാസമുള്ളത് കൊണ്ട് ഉച്ചയ്ക്ക് ശേഷം താരലേലം വെച്ചാല്‍ ഈ പ്രശ്‌നങ്ങളുണ്ടാവില്ല. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിംഗ്, ഇഷാന്‍ കിഷന്‍ പോലുള്ള താരങ്ങള്‍ താരലേലത്തിലുണ്ട്. ഇതിനോടകം ഇവരുടെ ലേലത്തുകയും ചര്‍ച്ചയായിട്ടുണ്ട്.
റിഷഭ് പന്തായിരിക്കും ഏറ്റവും കൂടുതല്‍ ലേലത്തുക സ്വന്തമാക്കുകയെന്നാണ് റിപ്പോര്‍ട്ട്. പന്തിന്റെ ലേലത്തുക ആരംഭിക്കുക ഇരുപത് കോടിയിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബ് കിംഗ്‌സിന് അവരുടെ പോക്കറ്റില്‍ 110.5 കോടിയും, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 83 കോടിയുമുണ്ട്. ഇവര്‍ക്ക് ലേലത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാവും.
റിഷഭ് പന്ത് ഡല്‍ഹിയുടെ ടീം പ്ലാനിങ്ങിലും പ്രവര്‍ത്തനത്തിലും അതൃപ്തിയിലായിരുന്നു. ടീമിന്റെ ഹെഡ് കോച്ചായ ഹേമങ് ബദാനി, ടീം ഡയറക്ടറായ വൈ വേണുഗോപാല്‍ റാവു എന്നിവരുമായും പന്ത് അകന്നിരുന്നു. പന്തിനെ ഡല്‍ഹി കൈവിട്ടതോടെ വമ്പന്‍ ടീമുകളെല്ലാം വാങ്ങാനായി മുന്നിലുണ്ടാവും.
പഞ്ചാബ് പന്തിനെ വാങ്ങിയാലും അത്ഭുതപ്പെടാനില്ല. ടീമിന് ഒരു ക്യാപ്റ്റനെ അത്യാവശ്യമാണ്. രണ്ട് താരങ്ങളെ മാത്രമാണ് അവര്‍ നിലനിര്‍ത്തിയത്. സണ്‍റൈസേഴ്‌സ് മോഡലില്‍ വമ്പന്‍ താരങ്ങളെ വാങ്ങാനായിരിക്കും പഞ്ചാബിന്റെ ശ്രമം. പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്. അതില്‍ പന്തിന് വലിയ പ്രാധാന്യമുണ്ടാവും.
അതേസമയം ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി പ്രതിഫലത്തിന്റെ കാര്യത്തിലാണ് തര്‍ക്കം നടന്നത്. കഴിഞ്ഞ സീസണില്‍ 12.25 കോടിയായിരുന്നു അയ്യര്‍ക്ക് പ്രതിഫലമായി ലഭിച്ചത്. എന്നാല്‍ കിരീടം നേടിയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹതയുണ്ടെന്നാണ് ശ്രേയസ് കെകെആര്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. എന്നാല്‍ ടീം ഇത് അംഗീകരിച്ചില്ല.
ലേലത്തില്‍ ശ്രേയസിനെ വാങ്ങാനും ടീമുകള്‍ രംഗത്തുണ്ടാവും. മികച്ച ക്യാപ്റ്റനാണ് ശ്രേയസ്. കെഎല്‍ രാഹുലിനും വന്‍ തുക ലഭിച്ചേക്കും. ലഖ്‌നൗ ടീം താരത്തിനെ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുലിന്റെ ബാറ്റിംഗ് സ്റ്റൈലിനോട് ലഖ്‌നൗവിന് താല്‍പര്യമില്ലായിരുന്നു.












Click it and Unblock the Notifications