ടി20 ലോകകപ്പ് ടീമിനെ ആര് നയിക്കും? ഒടുവില്‍ സ്ഥിരീകരിച്ച് ജയ് ഷാ, ആരാധകര്‍ ആവേശത്തില്‍
മുംബൈ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ആര് നയിക്കും എന്നതിനെ ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങുന്നു. രോഹിത് ശര്‍മ്മക്ക് പകരം സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റുതുരാജ് ഗെയ്ക്വവാദ് എന്നിവരുടെ പേരുകളായിരുന്നു ടി 20 ലോകകപ്പിലേക്കുള്ള ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ബി സി സി ഐ സെക്രട്ടറി ജയ് ഷാ ഇത് സംബന്ധിച്ച് ഒരു സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ യു എസിലും വെസ്റ്റ് ഇന്‍ഡീസിലും ആയാണ് ടി 20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക എന്നാണ് ജയ് ഷാ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ രോഹിതിന് പകരം ഇന്ത്യയെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ വന്നേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐ പി എല്ലില്‍ രോഹിതിന് പകരം ഹര്‍ദികിനെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായതോടെ അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.

ഇതാണ് ഇപ്പോള്‍ ജയ് ഷാ തള്ളിക്കളഞ്ഞിരിക്കുന്നത്. '2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ നമ്മള്‍ തോറ്റിരിക്കാം. എന്നാല്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ച് നമ്മള്‍ ആരാധകരുടെ ഹൃദയം കീഴടക്കി. ബാര്‍ബഡോസില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2024 ടി 20 ലോകകപ്പ് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, ''മുന്‍ ബിസിസിഐ മേധാവി നിരഞ്ജന്‍ ഷായുടെ പേരില്‍ സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യുന്നതിനായി രാജ്കോട്ടില്‍ എത്തിയ ജയ് ഷാ പറഞ്ഞു.
രോഹിത് ശര്‍മ്മ, ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ഇന്ത്യന്‍ ടീമിലെ മറ്റ് ചില അംഗങ്ങള്‍, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു സമ്മേളനത്തിന് മുമ്പിലാണ് ജയ് ഷാ ഈ പ്രസ്താവന നടത്തിയത്. സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങളും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. രോഹിത് ശര്‍മ്മ ടി 20യില്‍ നിന്ന് ഇടവേളയെടുത്തതോടെ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടി 20 ടീമിന്റെ നായകന്‍.
കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ കളിക്കളത്തിലില്ലാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 2023 ജനുവരി മുതല്‍ ടി 20യില്‍ ഇന്ത്യയെ മുഴുവന്‍ സമയവും നയിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചതിന് ശേഷം രോഹിത് തിരിച്ചുവന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. 2022 ലെ ടി 20 ലോകകപ്പ് സെമിഫൈനലിന് ശേഷം അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പരയിലാണ് രോഹിത് തിരിച്ചെത്തിയത്.
മൂന്നാം ടെസ്റ്റിന്റെ ഭാഗമായി ബി സി സി ഐ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത് എന്നാണ് കരുതുന്നത്.












Click it and Unblock the Notifications