പുതിയ റെക്കോർഡ് കുറിച്ച് പാകിസ്താനും ബാബർ അസമും: പക്ഷെ ഇന്ത്യയേയും കോലിയേയും മറികടക്കാനായില്ല
ഏഷ്യകപ്പിലെ ആദ്യമല്‍സരത്തില്‍ നേപ്പാളിനെതിരെ 238 റണ്‍സിന്റെ വമ്പന്‍ വിജയമാണ് പാകിസ്താന്‍ കരസ്ഥമാക്കിയത്. പാകിസ്താന്‍ മുന്നോട്ട് വെച്ച 343 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ നേപ്പാള്‍ 24 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഇഫ്തിക്കര്‍ അഹമ്മദിന്‍റെയും സെഞ്ചുറി മികവാണ് പാകിസ്താന് കൂറ്റന്‍ സ്കോർ സമ്മാനിച്ചത്. ഷാബാദ് ഖാന്‍ നാലുവിക്കറ്റും ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
പാകിസ്താന്‍ നേടിയ 238 റണ്‍സിന്റെ വിജയം ഏഷ്യാകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തേയും പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തിലെ മുന്നാമത്തേയും വലിയ വിജയമാണ്. 18 റണ്‍സിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ കുറിച്ച ഏറ്റവും വലിയ റണ്‍സ് വിജയത്തിന്റെ റെക്കോർഡ് മറികടക്കാന്‍ പാകിസ്താന് കഴിയാതെ പോയത്. 2008 ലെ ഏഷ്യാകപ്പില്‍ ഇന്ത്യ നേടിയ 256 റണ്‍സിന്റെ വിജയാണ് ഏഷ്യാകപ്പിലെ ഏറ്റവും വലിയ റണ്‍സ് വ്യത്യാസത്തിലെ വിജയം. ഹോങ്കോങ്ങ് ആയിരുന്നു അന്ന് ഇന്ത്യയുടെ എതിരാളി.

ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ ടീം ടോട്ടൽ കൂടിയാണ് പാകിസ്താന്‍ നേടിയത്. നേപ്പാളിനെതിരെ ബാബർ അസം നേടിയ 151 റണ്‍സ് ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറുമാണ്. അവിടെയും ഇന്ത്യയാണ് പാകിസ്താന് മുന്നില്‍ 2012 ൽ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലി നേടിയ 183 റൺസാണ് ഏഷ്യാക്കപ്പിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ.
അതേസമയം, ഏഷ്യാ കപ്പിൽ 150-ലധികം സ്‌കോർ നേടുന്ന ആദ്യ ക്യാപ്റ്റനായി ബാബർ അസം മാറി. 2014ൽ ബംഗ്ലാദേശിനെതിരെ കോഹ്ലി നേടിയ 136 റണ്‍സെന്ന റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഏകദിന ക്രിക്കറ്റിൽ തന്റെ 19-ാം സെഞ്ച്വറി തികയ്ക്കാൻ ബാബറിന് 102 ഇന്നിംഗ്‌സായിരുന്നു വേണ്ടി വന്നത്. 104-ാം ഇന്നിംഗ്‌സിൽ തന്റെ 19-ാം സെഞ്ച്വറി നേടിയ ഹാഷിം അംലയുടെ റെക്കോർഡ് തകർത്തുകൊണ്ട് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 19 സെഞ്ചുറികൾ നേടുന്ന താരമായും ബാബർ അസം മാറി.
1997ൽ പാക്കിസ്ഥാനെതിരെ മൂന്നാം വിക്കറ്റിൽ സനത് ജയസൂര്യയും അരവിന്ദ ഡി സിൽവയും ചേർന്ന് നേടിയ 213 കൂട്ടുകെട്ട് മറികടന്ന് 214 റണ്‍സുമായി ബാബറും ഇഫ്തിഖർ അഹമ്മദും ഏഷ്യാകപ്പിലെ പുതിയ റെക്കോർഡും പാകിസ്താന്‍ കുറിച്ചു. 67 പന്തുകളാണ് ഇഫ്തിഖറിന് തന്റെ സെഞ്ചുറി തികയ്ക്കാൻ വേണ്ടി വന്നത്. അതായത് ഏഷ്യാ കപ്പ് ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറി.












Click it and Unblock the Notifications