ധോണിയും കോലിയും വീണു, സച്ചിന്റെ ആസ്തിയില്‍ വന്‍ കുതിപ്പ്; ഓഹരി വിപണിയില്‍ നേട്ടം സഹായിച്ചത് ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്ന വിശേഷണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സ്വന്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രത്തോളം ആരാധിക്കപ്പെട്ട മറ്റൊരു താരവുമുണ്ടാവില്ല ഇന്നും സച്ചിന്റെ റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ നൂറ് സെഞ്ച്വറികള്‍ എന്ന അപൂര്‍വ നേട്ടവും സച്ചിനുണ്ട്.
അതേസമയം സച്ചിന്റെ ഈ കരിയര്‍ അദ്ദേഹത്തിന് വന്‍ സമ്പത്തും നേടികൊടുത്തിട്ടുണ്ട്. ഇപ്പോള്‍ വലിയൊരു നേട്ടവും സച്ചിനെ തേടി എത്തിയിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍ എന്ന പേരാണ് സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിസിനസ് ഇന്‍സൈര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ സച്ചിന്റെ ആസ്തി കുതിച്ച് കയറിയിരിക്കുകയാണ്.

പുതിയ വിവരങ്ങള്‍ പ്രകാരം സച്ചിന്റെ ആസ്തി 170 മില്യണ്‍ യുഎസ് ഡോളറാണ്. അതായത് 1500 കോടി രൂപയോളം വരുമിത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായി വിരമിച്ചെങ്കിലും സച്ചിന്‍ ബിസിനസ് രംഗത്ത് സജീവമായിരുന്നു. നിരവധി കമ്പനികളില്‍ താരത്തിന് നിക്ഷേപമുണ്ട്. സച്ചിന്റെ ആസ്തി നേരത്തെ 1100 കോടിക്കുള്ളിലായിരുന്നു.
ഇത്രയും വലിയ വളര്‍ച്ച നേടാനായത് വിവിധ കമ്പനികളില്‍ സച്ചിനുള്ള നിക്ഷേപങ്ങള്‍ നേട്ടമുണ്ടാക്കിയത് കൊണ്ടാണ്. നേരത്തെ ഓഹരി വിപണിയില്‍ ഇവയ്ക്ക് കുതിച്ചുകയറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വലിയ ലാഭവും സച്ചിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധോണിയെയും കോലിയെയും മറികടക്കാന്‍ ഇതാണ് സച്ചിനെ സഹായിച്ചത്.
അതേസമയം ഇന്ത്യയുടെ എക്കാലത്തെയും വലിയ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്കായി മൂന്ന് ഐസിസി ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനാണ് ധോണി. ധോണിക്ക് 111 മില്യണ്‍ യുഎസ് ഡോളറാണ് ആസ്തിയായി ഉള്ളത്. ഏകദേശം ആയിരം കോടി രൂപ വരും ഇത്. മൂന്നാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ നായകനായ വിരാട് കോലിയാണ് ഉള്ളത്.
80 സെഞ്ച്വറികള്‍ താരത്തിന്റെ പേരിലുണ്ട്. സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിക്കുന്ന താരവും കോലി തന്നെയായിരിക്കും. കോലിക്ക് 92 മില്യണിന്റെ ആസ്തിയാണ് ഉള്ളത്. 800 കോടി രൂപയോളം വരുമിത്. കോലി ഇപ്പോഴും ടീമില്‍ അടക്കം കളിക്കുന്നതിനാല്‍ ഉറപ്പായും സമ്പാദ്യം ഉയരും.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ സമ്പന്നരായ മറ്റ് ക്രിക്കറ്റര്‍മാരുമുണ്ട്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വിജയ നായകനായ റിക്കി പോണ്ടിംഗ് സമ്പന്നരില്‍ നാലാം സ്ഥാനത്താണ്. 2003, 2007 വര്‍ഷങ്ങളില്‍ ഓസീസിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്തത് റിക്കി പോണ്ടിംഗാണ്.
70 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. 600 കോടി രൂപയോളം വരും. അഞ്ചാം സ്ഥാനത്ത് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ്. ടെസ്റ്റില്‍ 400 റണ്‍സടിച്ച ഏക താരമാണ് അദ്ദേഹം. 60 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ സമ്പാദ്യം. 500 കോടി രൂപ വരുമിത്.












Click it and Unblock the Notifications