IPL 2021: ഇവര്‍ ആരെയും 'വീഴ്ത്തും', ലേലത്തില്‍ പിടിവലിയുറപ്പ്- ആരൊക്കെയെന്നറിയാം
ഐപിഎല്ലിേെന്റ 14ാം സീസണിലേക്കുള്ള ലേലത്തില്‍ ചില വിദേശ താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ 292 കളിക്കാരാണ് ആകെ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ലോക ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങളുമുണ്ട്. ആകെയുള്ള 128 വിദേശ താരങ്ങളാണ് ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളത്.
എന്നാല്‍ വെറും 22 പേരെ മാത്രമേ എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇതോടെ ഭൂരിഭാഗം വിദേശ കളിക്കാര്‍ക്കും ലേലത്തില്‍ നിരാശരാവേണ്ടി വരും. ലേലത്തില്‍ ഉയര്‍ന്ന ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള അഞ്ചു വിദേശ താങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.
ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

സ്റ്റീവ് സ്മിത്ത്
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ലേലത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ലേലത്തിനു മുമ്പ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയത് പലരെയും ആശ്ചര്യപ്പെടുത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ ഓപ്പണിങുള്‍പ്പെടെ രാജസ്ഥാനു വേണ്ടി വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ സ്മിത്ത് ഇറങ്ങിയിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും പക്ഷെ അദ്ദേഹത്തിനു നേടാനായത് 311 റണ്‍സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സ്മിത്തില്‍ നിന്നും ഇതിനേക്കാള്‍ മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഐപിഎല്‍ കരിയറെടുത്താല്‍ 95 മല്‍സരങ്ങളില്‍ നിന്നും 130നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 35ന് മുകളില്‍ ശരാശരിയില്‍ 2333 റണ്‍സ് സ്മിത്ത് നേടിയിട്ടുണ്ട്.

ഷാക്വിബുല്‍ ഹസന്‍
ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനെ മോഹവില കൊടുത്ത് ലേലത്തില്‍ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മല്‍സരിക്കുമെന്നുറപ്പാണ്. വാതുവയ്പുകാര്‍ തന്നെ സമീപിച്ച കാര്യം മറച്ചുവച്ചതിനെ തുടര്‍ന്നു ഒരു വര്‍ഷം ഷാക്വിബിനു ക്രിക്കറ്റില്‍ വിലക്ക് നേരിട്ടിരുന്നു. അതിനു ശേഷമുള്ള താരത്തിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്.
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ഷാക്വിബ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തെ സ്വന്തമാക്കാന്‍ ഏതു ടീമും ആഗ്രഹിക്കുകയും ചെയ്യും. ഐപിഎല്‍ കരിയറില്‍ 63 മല്‍സരങ്ങളില്‍ നിന്നും 746 റണ്‍സും 59 വിക്കറ്റുകളും ഷാക്വിബ് നേടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്.

ക്രിസ് മോറിസ്
കഴിഞ്ഞ സീസണിനു മുമ്പുള്ള ലേലത്തില്‍ 10 കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയ താരമാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. എന്നാല്‍ സീസണിനു ശേഷം ആര്‍സിബി അദ്ദേഹത്തെ ഒഴിവാതക്കുകയായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 34 റണ്‍സെടുത്ത മോറിസ് 12 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ലോവര്‍ ഓര്‍ഡറില്‍ വമ്പനടിക്കു ശേഷിയുള്ള മോറിസ് ബൗളിങിലും മിടുക്കനാണ്. അതുകൊണ്ടു തന്നെ ഇത്തവണയും ലേലത്തില്‍ അദ്ദേഹത്തിന്റെ ഡിമാന്റ് കുറയാന്‍ സാധ്യതയില്ല.

ഗ്ലെന്‍ മാക്‌സ്വെല്‍
ലേലത്തിനു മുമ്പ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ലേലത്തില്‍ വന്‍ തുക അദ്ദേഹത്തിനു ലഭിക്കാറുണ്ടെങ്കിലും കളിക്കളത്തില്‍ ഇതിന്റെ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കാറില്ല. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു മാക്‌സ്വെല്‍. എന്നാല്‍ 10 കോടിയോളം മുടക്കി ടീമിലേക്കു കൊണ്ടു വന്ന അദ്ദേഹം നനഞ്ഞ പടക്കമായി മാറി. 13 മല്‍സരങ്ങളില്‍ നിന്നും വെറും 108 റണ്‍സും മൂന്നു വിക്കറ്റുകളുമാണ് മാക്‌സ്വെല്‍ നേടിയത്. ഇതേ തുടര്‍ന്നു സീസണിനു ശേഷം താരത്തെ പഞ്ചാബ് കൈവിടുകയായിരുന്നു.
ഇത്തവണത്തെ ലേലത്തിലും മാക്‌സ്വെല്ലിനു വേണ്ടി പല ഫ്രാഞ്ചൈസികളും രംഗത്തിറങ്ങിയേക്കും. മറ്റു ലീഗുകളിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം മിന്നുന്ന പ്രകടനം നടത്തുന്ന മാക്‌സ്വെല്ലിനു പക്ഷെ ഐപിഎല്ലില്‍ ഇതാവര്‍ത്തിക്കാനായിട്ടില്ല.

കൈല്‍ ജാമിസണ്‍
ന്യൂസിലാന്‍ഡിന്റെ യുവ ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണ്‍ ലേലത്തിലെ അപ്രതീക്ഷിത ഹീറോയാവാനിടയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചില മിന്നുന്ന പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അദ്ദേഹം. ലേലത്തില്‍ നറുക്ക് വീഴുകയാണെങ്കില്‍ ഐപിഎല്ലില്‍ ജാമിസണിന്റെ അരങ്ങേറ്റം കൂടിയാവും അത്.
75 ലക്ഷം രൂപയാണ് ലേലത്തില്‍ അദ്ദേഹത്തിന്റെ അടിസ്ഥാന വില. പല ഫ്രാഞ്ചൈസികളും രംഗത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇതു കോടികളായി വര്‍ധിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം