രാഹുലിന്റെ പണി തീർന്നു; ഇനി സഞ്ജുവിന് വെല്ലുവിളി രണ്ട് പേർ മാത്രം, മലയാളി പയ്യന്റെ സ്വപ്‌നം പൂവണിയുമോ?
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ ആഘാതം മുഴുവനായി മാറ്റാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഇക്കുറി ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിന്റെ ലോക കിരീടം 17 വർഷങ്ങൾക്ക് ശേഷം ഷെൽഫിലേക്ക് എത്തിക്കാനാണ് അവരുടെ ശ്രമം. അതിനായി ടീമിനെ ഒരുക്കി എടുക്കാനുള്ള അവസാന തത്രപ്പാടിലാണ് സെലക്‌ടർമാർ.
കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ ടീമിനെ പടിവാതിൽക്കൽ കാത്തുകെട്ടി കിടക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും ഫോമിൽ തിളങ്ങിയിട്ടും സഞ്ജു തീണ്ടാപ്പാടകലെയാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇക്കുറി അതിന് കാര്യമായ മാറ്റമുണ്ട്.

ഐപിഎല്ലിൽ രാജസ്ഥാൻ നായകനായ സഞ്ജുവിന്റെ നേതൃത്വത്തിൽ ടീം കുതിച്ചുയരുമ്പോൾ സെലക്‌ടർമാർ കണ്ണടയ്ക്കില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ സഞ്ജുവിന് വെല്ലുവിളിയായി ഒരുപിടി യുവതാരങ്ങളും ചില സീനിയർ താരങ്ങളും ഒക്കെ ഇന്ത്യൻ ടീമിന്റെ റഡാറിൽ ഉണ്ടെന്ന കാര്യം വിസ്‌മരിക്കാൻ കഴിയില്ല.
രാഹുൽ പുറത്തേക്ക് ?
ഒന്നാം വിക്കറ്റ് കീപ്പറായി പന്തിനെ തന്നെ പരിഗണിക്കുന്ന ബിസിസിഐക്ക് ബാക്കപ്പ് കീപ്പറായി സഞ്ജു സാംസണെയും കെഎൽ രാഹുലിനെയും ഒക്കെ നോക്കി കാണുന്നുണ്ട് എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം രാഹുലിന്റെ സാധ്യത ഏറെക്കുറെ അവസാനിച്ചു എന്നാണ്.
ഐപിഎല്ലിലെ മോശം സ്ട്രൈക്ക് റേറ്റും സ്ഥിരത ഇല്ലായ്‌മയും ഒക്കെയാണ് രാഹുലിനെ പിന്നോട്ട് വലിച്ചതെന്നാണ് സൂചന. ഇതോടെ പന്തിന് ശേഷം ആരെന്ന ചോദ്യത്തിന് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇടക്കാലത്ത് ദിനേശ് കാർത്തിക്കിന്റെ പേരും ഉയർന്നു വന്നെങ്കിലും അത് പിന്നീട് മുന്നോട്ട് പോയില്ലെന്നാണ് സൂചന.
പുതിയ എതിരാളികൾ
രാഹുൽ പുറത്തായത് ശരിവയ്ക്കുമ്പോൾ തന്നെ സഞ്ജുവിന് വെല്ലുവിളിയായി രണ്ട് യുവതാരങ്ങളുടെ പേരുകൾ കൂടി ബിസിസഐ പരിഗണിക്കുന്നു എന്നാണ് ഏറ്റവും അവസാനത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹതാരമായ ധ്രുവ് ജുറേലും പിന്നെ ജിതേഷ് ശർമ്മയുമാണ് ഈ ഓപ്‌ഷനുകൾ.
ഇരുവരും മുൻപ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ഫോം കൂടി കണക്കിലെടുത്താവും അന്തിമ പ്രഖ്യാപനം. എന്തായാലും നിലവിലെ സാഹചര്യത്തിൽ സഞ്ജുവിന് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഏറെക്കുറെ സ്ഥാനം ഉറപ്പാണ്. എങ്കിലും അവസാന നിമിഷ ട്വിസ്‌റ്റുകൾ എന്നും ബിസിസിഐയുടെ ദൗർബല്യം ആയതിനാൽ എന്തും സംഭവിക്കാനുള്ള സാധ്യതകളും തള്ളാൻ കഴിയില്ല.












Click it and Unblock the Notifications