'ജനശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ ശ്രമം, വിനേഷ് ഫോഗട്ടിന് 16 കോടി പാരിതോഷികം കിട്ടിയിട്ടില്ല'; നിഷേധിച്ച് ഭർത്താവ്
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സ് ഫൈനലിന് മുന്നോടിയായി അയോഗ്യത കൽപ്പിക്കപ്പെട്ട് പുറത്തുപോയെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരമായ വിനേഷ് ഫോഗട്ടിന് ലഭിച്ച പാരിതോഷികങ്ങളുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് ഭർത്താവ് സോംവീർ റാഠി. പാരീസ് ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷ അസ്‌തമിച്ച ശേഷവും മികച്ച പിന്തുണയാണ് താരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്.
എന്നാൽ ഇക്കൂട്ടത്തിൽ വ്യാജ വാർത്തകളും കൂടുതലായി പ്രചരിക്കുന്നുണ്ടെന്ന സൂചന നൽകുന്നതാണ് സോംവീർ റാഠിയുടെ ഏറ്റവും പുതിയ പ്രതികരണം. വിനേഷ് ഫോഗട്ടിന് വിവിധ ബിസിനസുകാർ, സംഘടനകൾ, മറ്റ് വ്യക്തികൾ എന്നിങ്ങനെ നൽകിയെന്ന് പറയപ്പെടുന്ന തുകയും കണക്കുകൾ ഉൾപ്പെടുന്ന ഒരു വ്യാജ പോസ്‌റ്റർ ഉൾപ്പെടെ പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം എക്‌സ് പോസ്‌റ്റിലൂടെ പ്രതികരിച്ചത്.

'വിനേഷ് ഫോഗട്ടിന് താഴെപ്പറയുന്ന സംഘടനകളിൽ നിന്നോ വ്യവസായികളിൽ നിന്നോ കമ്പനികളിൽ നിന്നോ പാർട്ടികളിൽ നിന്നോ പണമൊന്നും ലഭിച്ചിട്ടില്ല. നിങ്ങളെല്ലാവരും ഞങ്ങളുടെ അഭ്യുദയകാംക്ഷികളാണെന്ന് അറിയാം, ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. ഇത് ഞങ്ങളെ ദോഷകരമായി ബാധിക്കുക മാത്രമല്ല സാമൂഹിക മൂല്യങ്ങൾക്ക് കോട്ടം വരുത്തും. ജനശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ ശ്രമങ്ങളാണ് ഇതിന് പിന്നിൽ' സോംവീർ ഹിന്ദിയിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്.
താരം പാരീസിൽ നിന്ന് മടങ്ങി വന്നതിന് പിന്നാലെയാണ് വിവിധ സംഘനകളും വ്യക്തികളും ഉൾപ്പെടെ പ്രഖ്യാപിച്ചു എന്ന പേരിലും കൈമാറിയെന്ന് പറഞ്ഞും പാരിതോഷികങ്ങളുടെ നീണ്ട ലിസ്‌റ്റ് പുറത്തുവന്നത്. കൗതുകകരമായ വസ്‌തുത എന്തെന്നാൽഇതിൽ പറയുന്നത് പ്രകാരം ഏതാണ്ട് 16 കോടിയോളം രൂപ താരത്തിന് സമ്മാനമായി ലഭിച്ചു എന്നതാണ്.
എന്നാൽ ഇതിൽ വാസ്‌തവമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഭർത്താവ് തന്നെ രംഗത്ത് വന്നതോടെയാണ് പലതിന്റെയും സത്യാവസ്ഥ പുറത്തുവരുന്നത്. ചില സംഘടനകൾ 21 ലക്ഷം മുതൽ മറ്റ് ചില വ്യക്തികൾ 2 കോടി വരെ പാരിതോഷികം നൽകിയതായി ഈ പറയുന്ന വ്യാജ പോസ്‌റ്ററിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പട്ടിക ഉൾപ്പെടെ സോംവീർ തന്റെ പോസ്‌റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഗുസ്‌തി മേഖലയിൽ നിന്ന് തന്നെയുള്ള സോംവീർ 2018ലാണ് വിനേഷ് ഫോഗട്ടിനെ വിവാഹം ചെയ്‌തത്. അതിന് മുൻപ് തന്നെ ഇരുവരും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി വിനേഷിന് ഏറ്റവും വലിയ പിന്തുണയുമായി അദ്ദേഹം രംഗത്തുണ്ട്. കായിക കോടതി മെഡൽ ആവശ്യം തള്ളിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിൽ വിനേഷ് തന്റെ ഭർത്താവായ സോംവീറിന്റെ പിന്തുണയെ കുറിച്ച് വാചാലയായിരുന്നു.












Click it and Unblock the Notifications