കോഹ്‌ലിയും രോഹിതും പോയില്ലേ; ഇനി സഞ്ജുവിന് എളുപ്പം ടീമിൽ എത്താമോ? സാധ്യതകൾ ഇങ്ങനെ
ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ചയ്ക്ക് ഒരു അറുതിയായി കൊണ്ടാണ് ടി20 ലോകകപ്പിൽ രണ്ടാം തവണയും കിരീടനേട്ടം സ്വന്തമാക്കിയത്. നായകൻ രോഹിത് ശർമ്മ, സൂപ്പർതാരം വിരാട് കോഹ്ലി, സ്‌റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിങ്ങനെ ലോകകപ്പോടെ ടി20യിൽ കളി മതിയാക്കിയവർ ഏറെയുണ്ട്. അതുകൊണ്ട് കോഹ്ലിയുടെയും രോഹിതിന്റെയും ഒക്കെ അഭാവത്തിൽ എന്താവും ഇന്ത്യൻ ടീമിന്റെ അവസ്ഥ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്നുകേൾകുന്ന പേരാണ് മലയാളി താരം സഞ്ജു സംസന്റേത്. എന്തെന്നാൽ ഐപിഎല്ലിൽ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ മികച്ച പ്രകടനങ്ങൾ നടത്തുകയും അതിൽ ക്യാപ്റ്റൻ സഞ്ജു തന്റെ കൃത്യമായ പങ്ക് വഹിക്കുകയും ചെയ്യുന്നത് നിരവധി തവണ നാം കണ്ടതാണ്.

ആ പ്രകടന മികവ് തന്നെയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്, അതും ലോകകപ്പ് സ്‌ക്വാഡിൽ. എന്നാൽ ഇത്തവണ ലോകകപ്പിൽ ഇന്ത്യ കളിച്ച ഒറ്റ മത്സരങ്ങളിലും സഞ്ജുവിന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലും, സൂപ്പർ എട്ടിലും ഒക്കെ തഴയപ്പെട്ടെങ്കിലും സഞ്ജുവിന്റെ ഭാവിയിൽ കൂടുതൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
അതിന്റെ പ്രധാന കാരണം കോഹ്‌ലിയും രോഹിതും ഉൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ വിരമിക്കലാണ്. ഇനിയൊരു ടി20 ലോകകപ്പ് അങ്കത്തിന് ബാല്യമില്ലെന്ന് ഇരുവരും തുറന്നുപറഞ്ഞു കഴിഞ്ഞു. ഒപ്പം മറ്റൊരു സീനിയർ താരമായ ജഡേജയും ക്രിക്കറ്റിന്റെ ചെറു ഫോർമാറ്റിനോട് വിട പറയുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് ഒഴിവുകളാണ് ഇന്ത്യൻ ടീമിൽ ഉണ്ടാവുന്നത് എന്നതാണ് സഞ്ജുവിന്റെ സാധ്യത ഉയർത്തുന്നത്.
രോഹിത് ശർമ്മയുടെ അഭാവത്തിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് ആരും വരും എന്നതാണ് പ്രധാന ചോദ്യം. മാത്രമല്ല കോഹ്‌ലിയും കളംവിടുന്ന സാഹചര്യത്തിൽ രണ്ട് ഓപ്പണർമാരും താരതമ്യേന പുതുമുഖങ്ങൾ തന്നെയാവും എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ. യശസ്വി ജയ്‌സ്വാൾ ഏറെക്കുറെ ഈ സ്പോട്ടിലൊന്നിൽ ഇടംപിടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. പ്രായം കുറഞ്ഞ ജയ്‌സ്വാളിന് ഒരു നീണ്ട ഭാവി തന്നെ മുൻപിലുണ്ടെന്ന് ആരാധകരും വിശ്വസിക്കുന്നുണ്ട്.
ഇനിയുള്ളത് മറ്റൊരു ഓപ്പണർ സ്ഥാനമാണ്. സഞ്ജുവിനെ അവിടേക്ക് പരിഗണിക്കാനുള്ള സാധ്യത വിദൂരമാണ്. കാരണം ഇടക്കാലത്ത് ഫോമൗട്ട് ആയെങ്കിലും ഗില്ലിനെ ഇന്ത്യൻ ടീം പൂർണമായും എഴുതി തള്ളിയിട്ടില്ല. ഈ സാഹചര്യത്തിൽ ദ്രാവിഡിന് പകരം ഗംഭീർ കോച്ചായി എത്തിയാൽ ഗിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഗില്ലിനെ പോലെയൊരു പ്രതിഭ പാഴാവാൻ ടീം മാനേജ്‌മെന്റും അനുവദിക്കാനിടയില്ല.
ഈ രണ്ട് സ്പോട്ടും അല്ലാതെ സഞ്ജുവിന് ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന സ്ഥാനം മൂന്നാമത് തന്നെയാണ്. അതിന്റെ പ്രധാന കാരണം രാജസ്ഥാൻ റോയൽസിൽ സഞ്ജു കൂടുതലും കളിച്ചത് ഈ പൊസിഷനിൽ ആണെന്നത് തന്നെയാണ്. കൂടാതെ മുൻപ് വിരാട് കോഹ്ലി കളിച്ചിരുന്ന ശൈലിയിൽ ബാറ്റ് വീശാൻ കെൽപുള്ള താരം തന്നെയാണ് സഞ്ജു എന്നതും സാധ്യതകൾ വർധിപ്പിക്കുന്നു.
അതായത് സ്‌കോർ ബോർഡിലെ സാഹചര്യത്തിന് അനുസരിച്ച് നങ്കൂരമിട്ട് കളിക്കാനും കളിയുടെ വേഗത വർധിപ്പിക്കാനും കഴിവുള്ള സഞ്ജുവിനെ തഴയാൻ ഇനിയും ബിസിസിഐക്ക് സാധിക്കില്ല. അങ്ങനെയെങ്കിൽ ഇനിയുള്ള ടി20 പരമ്പരകളിൽ സഞ്ജു സാംസണും ഇന്ത്യയുടെ നീല കുപ്പായം അണിയുമെന്ന് ഏറെക്കുറെ ഉറപ്പാണ്.


Click it and Unblock the Notifications