'അവനെ പുറത്താക്കിയാല്‍ പാകിസ്താന്‍ രക്ഷപ്പെടും: ഫീല്‍ഡ് ചെയ്യുന്നത് സദ്യ കഴിക്കുന്നത് പോലെ'
ലോകകപ്പ് ട്രോഫി നേടുമെന്ന പ്രതീക്ഷയോടെ വന്ന ടീമിന്റെ ഒരു തോല്‍വിയൊക്കെ സഹിക്കാം, എന്നാല്‍ തുടർച്ചയായ മൂന്ന് തോല്‍വികളായാലോ? ആരാധകർ മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ പ്രമുഖരായ മുന്‍ കളിക്കാർ തന്നെ നിശിതമായ വിമർശനവുമായി എത്തുമെന്നതില്‍ സംശയമില്ല. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ കാര്യത്തിലും ഇതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ തോൽവികളിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1992 ലോകകപ്പ് ചാമ്പ്യന്മാർക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്നതാണ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. പാക്കിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം അഫ്ഗാനിസ്ഥാൻ തങ്ങളുടെ ബാറ്റിങ് മികവിലൂടെ ചെന്നൈയില്‍ മറികടക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുമേറ്റ തോൽവി പാകിസ്താനെ ലോകകപ്പിൽ നിന്ന് പുറത്താകലിന്റെ വക്കിലെത്തിച്ചിട്ടുമുണ്ട്. ടൂർണമെന്റിലെ മോശം പ്രകടനത്തിന്റെ പേരിൽ മുൻ പാകിസ്ഥാൻ താരങ്ങൾ ക്യാപ്റ്റൻ ബാബർ അസമിനെയും മറ്റ് കളിക്കാരെയും അക്ഷരാർത്ഥത്തില്‍ കീറിമുറിക്കുകയാണ്. വസീം അക്രം, മിസ്ബാ ഉൾ ഹഖ്, റമീസ് രാജ, റാഷിദ് ലത്തീഫ്, മുഹമ്മദ് ഹഫീസ്, ആഖിബ് ജാവേദ്, ഷൊയ്ബ് മാലിക്, മോയിൻ ഖാൻ, ഷൊയ്ബ് അക്തർ എന്നിവരെല്ലാം മൂന്ന് തോല്‍വികള്‍ക്കും ബാബർ അസമിനെ വലിയ രീതിയിലാണ് കുറ്റപ്പെടുത്തുന്നത്.
ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നുള്ളതാണ് പ്രധാന ആവശ്യം. ബാബറിന് പകരം ഷഹീൻ ഷാ അഫ്രീദിയെ വൈറ്റ് ബോൾ ഫോർമാറ്റിൽ പാകിസ്ഥാൻ ക്യാപ്റ്റനാക്കണമെന്ന് ആഖിബ് ജാവേദ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. "പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള ഏറ്റവും മികച്ച തരാമാണ് ഷഹീൻ. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ കഴിവുള്ള ക്യാപ്റ്റനാണെന്ന് തെളിയിക്കുന്നതിൽ ബാബർ പരാജയപ്പെട്ടു," മുൻ പേസർ പറഞ്ഞു.
പാകിസ്താന് ലോകകപ്പില്‍ മുന്നോട്ട് പോകണമെങ്കില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്കെതിരെയുള്ള ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചേ മതിയാകൂ. " അഫ്ഗാനിസ്ഥാനെതിരെ കളിക്കാരുടെ ഫീൽഡിംഗും ശരീരഭാഷയും വളരെ മോശവും അവിശ്വസനീയവുമായിരുന്നു . 283 റൺസ് പ്രതിരോധിക്കാൻ അവർ പ്രാപ്തരായില്ല. അത് ചെറിയ ടോട്ടൽ അല്ല. ബൗളിംഗ് സാധാരണമായിരുന്നു, ഫീൽഡിംഗ് ലെവലുകൾ ദയനീയവും," എന്നാണ് വസീം അക്രം പറഞ്ഞത്.
കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാൻ താരങ്ങൾക്കായി ഫിറ്റ്‌നസ് ടെസ്റ്റുകളൊന്നും നടന്നിട്ടില്ലെന്നും അക്രം കുറിച്ചു."ആധുനിക ക്രിക്കറ്റിൽ നിങ്ങൾ 100 ശതമാനം ഫിറ്റല്ലെങ്കിൽ എങ്ങനെ മികച്ച പ്രകടനം കാഴ്ചവെക്കും? ക്യാച്ചുകൾ എടുക്കുകയോ ബൗണ്ടറികൾ തടഞ്ഞ് നിർത്തുകയോ ചെയ്യുന്നത് എങ്ങനെയാണ്? നമ്മുടെ ചില കളിക്കാർ ഫീൽഡ് ചെയ്ത രീതി അവർ വിഭവസമൃദ്ധമായ സദ്യ ആസ്വദിക്കുന്നത് പോലെയാണ് തോന്നിയത്. " അക്രം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications