ഗില്ലിന് പകരം ഇഷാന്‍ കിഷന്‍? സ്പിന്നറായി അശ്വിന്‍, ഓസീസിനെതിരെ കളിക്കാന്‍ സാധ്യത ഇവര്‍ക്ക്!!
ചെന്നൈ: ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ നടക്കുകയാണ്. എന്നാല്‍ ഇതിനോടകം ഇന്ത്യക്ക് ചില ആശങ്കകള്‍ വന്നിട്ടുണ്ട്. ഇന്ത്യ മുന്നില്‍ കണ്ട ടീം ഇലവനില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഓസ്‌ട്രേലിയയാണ് എതിരാളി. ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ ഓസീസിനെ വീഴ്ത്തിയിരുന്നു.
എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ ഈ മത്സരത്തില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആയിരം റണ്‍സിലേറെ നേടിയ താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റേത് താരങ്ങളേക്കാള്‍ റണ്‍സ് നേടിയിട്ടുണ്ട്. ഗില്‍ ഇല്ലാത്തത് ഓപ്പണിംഗിനെ ബാധിക്കുമെന്ന് ഉറപ്പാണ്. താരത്തിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഗിലിനെ ആദ്യ മത്സരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. അവസാന നിമിഷം മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കൂ എന്നാണ് സൂചന. എന്നാല്‍ കളിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ അല്ല ഗില്‍ ഉള്ളതെന്നാണ് സൂചന. ഒരുപക്ഷേ ഒന്നിലേറെ മത്സരങ്ങള്‍ ഗില്ലിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഒക്ടോബര്‍ പതിനൊന്ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പാകിസ്താനെതിരായ മത്സരത്തില്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് സൂചന. പകരം ഓപ്പണറായി ഇഷാന്‍ കിഷന്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും. കിഷന് ഓപ്പണിംഗില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. അതുപോലെ റൈറ്റ്-ലെഫ്റ്റ് കോമ്പിനേഷനും ഇന്ത്യക്ക് കൊണ്ടുവരാം.ഇന്ത്യ ഓപ്പണിംഗില്‍ ചിലപ്പോള്‍ വലിയൊരു പരീക്ഷണം തന്നെ നടത്താനും സാധ്യതയുണ്ട്.
കെഎല്‍ രാഹുലിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചേക്കും. കാരണം രാഹുലിന് ഓപ്പണിംഗില്‍ വലിയ പരിചയസമ്പത്തുണ്ട്. ഓസീസിനെ പോലൊരു ടീമിനെ നേരിടാന്‍ രാഹുലിന്റെ മികവ് സഹായിച്ചേക്കും. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന്‍ മധ്യനിരയില്‍ കളിക്കും. ഇഷാന്‍ ഏഷ്യാ കപ്പില്‍ മധ്യനിരയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. രാഹുലിനെ ഓപ്പണിംഗില്‍ കൊണ്ടുവന്നാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സൂര്യകുമാര്‍ യാദവിനെ മധ്യനിരയില്‍ കൊണ്ടുവരും.
ഓസീസിനെതിരെ മികച്ച പ്രകടനമാണ് സൂര്യകുമാര്‍ ഏകദിന പരമ്പരയില്‍ നടത്തിയത്. എന്നാല്‍ ഇഷാന്‍ ഓപ്പണറായാല്‍ സൂര്യകുമാര്‍ യാദവ് കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ചിദംബരം സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതാണ്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി കളിക്കുമെന്ന് ഉറപ്പാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കാന്‍ സാധ്യത ഏറെയാണ്. ഓസീസിനെതിരെ സെഞ്ച്വറി നേടിയതും താരത്തിനുള്ള നേട്ടമാണ്.
രോഹിത് ശര്‍മയാണ് മറ്റൊരു ഓപ്പണര്‍. അതുപോലെ മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങും. അഞ്ചാം നമ്പറില്‍ രാഹുല്‍ കളിക്കും. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങും. ആര്‍ അശ്വിന്‍ ടീമിലുണ്ടാവും. ചെന്നൈ പിച്ചില്‍ അശ്വിനുള്ള മികവാണ് ഇതിന് കാരണം. കുല്‍ദീപ് യാദവും സ്പിന്നറായി ഉണ്ടാവും. ജഡേജയും ചേരുന്നതോടെ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ടാവും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും പേസര്‍മാര്‍. സിറാജിന്റെ ഫോമാണ് ഇതിന് കാരണം. മുഹമ്മദ് ഷമി പുറത്തിരിക്കും.












Click it and Unblock the Notifications