എന്ത് പരിഹാസമാണ് ഭായ്, ഇംഗ്ലണ്ടിനെ റൂമില്‍ പൂട്ടിയിടുക; പാകിസ്താന് ഇങ്ങനെ സെമിയില്‍ കയറാമെന്ന് അക്രം
ന്യൂഡല്‍ഹി: പാകിസ്താന്‍ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ കയറുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടത്തുക. അവസാന മത്സരത്തില്‍ അസാധ്യമായ ഫലം ലഭിച്ചാല്‍ മാത്രമേ പാകിസ്താന്‍ സെമിയിലെത്തൂ. നിലവിലെ സാഹചര്യത്തില്‍ പാകിസ്താന്‍ പുറത്തായി എന്ന് തന്നെ പറയാം. ശ്രീലങ്ക ന്യൂസിലന്‍ഡിനോട് തോറ്റതാണ് പാകിസ്താന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്.
ഇംഗ്ലണ്ടിനെ 280 റണ്‍സിന് തോല്‍പ്പിക്കുക. അതല്ലെങ്കില്‍ ഇംഗ്ലണ്ട് നല്‍കുന്ന വിജയലക്ഷ്യം അഞ്ചോവറില്‍ താഴെ മാത്രം എടുത്ത് വിജയിക്കണം. ഇത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. പാകിസ്താന്‍ ടീമിനെ പരിഹസിച്ച് ഇതിഹാസ താരം വസീം അക്രം രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താന് ഇനിയും സെമിയില്‍ എത്താനുള്ള സാധ്യതയുണ്ട്. പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യുക. റണ്‍സ് നന്നായി അടിച്ച ശേഷം ഇംഗ്ലണ്ടിനെ ഡ്രെസ്സിംഗ് റൂമില്‍ അടച്ചിടുക. ഇരുപത് മിനുട്ടിനുള്ളില്‍ മൊത്തം ടീമും ടൈം ഔട്ടാവും. ഇങ്ങനെ മത്സരം ജയിക്കാമെന്നും അക്രം പരിഹസിച്ചു.

പാകിസ്താന്‍ ന്യൂസ് ചാനലായ എ സ്‌പോര്‍ട്‌സിലൂടെയായിരുന്നു അക്രമിന്റെ ചിരിപ്പിക്കുന്ന മറുപടി. മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹക്കിന്റെ മറുപടിയും അതിലേറെ രസിപ്പിക്കുന്നതായിരുന്നു. ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാന്‍ അനുവദിക്കുക. അതിന് ശേഷം ഡ്രെസ്സിംഗ് റൂമിലിട്ട് പൂട്ടുക. ടോസ് കഴിഞ്ഞ ശേഷം തന്നെ അത് ചെയ്യണം. എന്തിനാണ് അവരെ സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കുന്നതെന്നും മിസ്ബ പറഞ്ഞു.
നേരത്തെ ലോകകപ്പിലെ മികച്ച താരം ആരാണെന്ന കാര്യത്തില്‍ അക്രം പറഞ്ഞിരുന്നു. എന്നാല്‍ ഈ താരം വിരാട് കോലിയോ, രോഹിത് ശര്‍മയോ ക്വിന്റണ്‍ ഡികോക്കോ അല്ലെന്ന് അക്രം പറയുന്നു. ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ് ഏകദിനത്തിലെ ഏറ്റവും മികച്ച താരമെന്ന് അക്രം പറയുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ഇന്നിംഗ്‌സാണ് അക്രം മാക്‌സ്‌വെല്ലിന്റെ മികവായി ഉയര്‍ത്തി കാണിക്കുന്നത്.
201 റണ്‍സായിരുന്നു പുറത്താവാതെ മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. തോല്‍വിയില്‍ നിന്ന് ഓസീസിനെ രക്ഷപ്പെടുത്തിയെടുത്തതും മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സായിരുന്നു. ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ഇതെന്ന് വിലയിരുത്തലുണ്ടായിരുന്നു. തീര്‍ത്തും അവിശ്വസനീയമായ ഇന്നിംഗ്‌സായിരുന്നു മാക്‌സ്‌വെല്ലിന്റേത്. വണ്‍മാന്‍ ഷോ എന്ന് പറയാം. ഒരാള്‍ വിചാരിച്ചാല്‍ കളി ജയിക്കില്ലെന്ന് സാധാരണ പറയാറുണ്ട്.
എന്തൊരു നുണയാണ് അത്. കാലിന് പരിക്കേറ്റ് മുടന്തിയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. വളരെയധികം വേദന അതിനുണ്ടാവും. എന്നിട്ടും ക്രീസില്‍ നിന്ന് മാക്‌സി ബാറ്റ് ചെയ്തു. കമ്മിന്‍സിനും അതിന്റെ ക്രെഡിറ്റുണ്ട്. മാക്‌സ്‌വെല്ലിന് വലിയ പിന്തുണ നല്‍കിയത് കമ്മിന്‍സാണ്. കൃത്യമായി സ്‌ട്രൈക്ക് കൈമാറി. മാക്‌സ്‌വെല്‍ ആ ഇന്നിംഗ്‌സിലൂടെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് താനെന്ന് തെളിയിച്ച് കൊടുത്തു. ഇത്തരമൊരു കളി മുമ്പ് കണ്ടിട്ടില്ലെന്നും അക്രം പറഞ്ഞു.












Click it and Unblock the Notifications