ഞങ്ങൾക്ക് നേരെ എറിയുന്നതെന്തും നേരിടാൻ തയ്യാർ, കൃത്യമായ പദ്ധതികളുണ്ട്; നയം വ്യക്തമാക്കി കമ്മിൻസ്
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപോരാട്ടത്തിന് അഹമ്മദാബാദിൽ അരങ്ങോരുങ്ങുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച പോരാട്ടം തന്നെ നാളെ നടക്കും എന്നാണ് വിലയിരുത്തൽ. അതേസമയം, ഫൈനൽ അടുത്തിരിക്കെ പിച്ചിനെ ചൊല്ലിയും, അതിന്റെ നിലവാരത്തെ കുറിച്ചുമൊക്കെ വിവാദങ്ങളും ചില്ലറയല്ല.
ഏറ്റവുമൊടുവിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. അവർ ഞങ്ങൾക്ക് നേരെ എറിയുന്നതെന്തും നേരിടാൻ തയ്യാറാണെന്നായിരുന്നു കമ്മിൻസിന്റെ പ്രതികരണം. പിച്ച് ഇന്ത്യയ്ക്ക് അനുകൂലമായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയാണ് കമ്മിൻസ് ഇത്തരത്തിൽ പ്രതികരിച്ചത്.

സ്വന്തം നാട്ടിൽ കളിക്കുന്നതിനിടെ ആനുകൂല്യവും കമ്മിൻസ് എടുത്ത് പറഞ്ഞു. 'രണ്ട് ടീമുകൾക്കും ഒരുപോലെയാണ് ഇത്. നിങ്ങളുടെ സ്വന്തം രാജ്യത്ത് നിങ്ങളുടെ വിക്കറ്റിൽ കളിക്കുമ്പോൾ ചില നേട്ടങ്ങളുണ്ട്, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ കളിക്കുന്ന വിക്കറ്റുകൾ പോലെയാണവ. ഞങ്ങൾ ഇവിടെ ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്' ഫൈനലിൽ ഇന്ത്യയുടെ മുൻതൂക്കം വ്യക്തമാക്കി കൊണ്ട് കമ്മിൻസ് പറഞ്ഞു.
'ഏത് വേദിയായാലും, പ്രത്യേകിച്ച് ഇവിടെ വാങ്കഡെ സ്‌റ്റേഡിയത്തെപ്പോലെ ടോസ് ഒരു പ്രധാന ഘടകമാവില്ലെന്ന് ഞാൻ കരുതുന്നു. അതിനാൽ, അവർ നമുക്ക് നേരെ എറിയുന്ന എന്ത് നേരിടാനും ഞങ്ങൾ തയ്യാറായിരിക്കും. കാത്തിരുന്ന് കാണാം, പക്ഷേ ഞങ്ങൾക്ക് ചില പദ്ധതികളുണ്ടെന്ന് ഞങ്ങൾ കൃത്യമായും ഉറപ്പാക്കും' ഫൈനലിന് മുന്നോടിയായി കമ്മിൻസ് ഓസീസിന്റെ നയം വ്യക്തമാക്കി.
നേരത്തെ ഇത്തവണത്തെ ലോകകപ്പ് പിച്ചുകൾ പലപ്പോഴും ഇന്ത്യയ്ക്ക് അനുകൂലമായി തയ്യാറാക്കി എന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു.
മുൻ പാകിസ്ഥാൻ താരങ്ങൾ ഉൾപ്പെടെ പ്രമുഖരാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. എന്നാൽ ഇതിനെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന സൂചനയാണ് കമ്മിൻസിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാവുന്നത്.












Click it and Unblock the Notifications