'വിരാട്, നീ എന്റെ ഹൃദയത്തിൽ തൊട്ടു'; റെക്കോർഡ് നേട്ടത്തിൽ കോഹ്‌ലിയ്ക്ക് അഭിനന്ദനവുമായി സച്ചിൻ
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കിയ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. വാങ്കഡെയിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ മൂന്നക്കം നേടിയ കോഹ്‌ലി സച്ചിന്റെ റെക്കോർഡാണ് മറികടന്നത്. ഏകദിനത്തിൽ അൻപത് സെഞ്ചുറികൾ നേടുന്ന ആദ്യ താരമായും കോഹ്‌ലി മാറിയിരുന്നു.

വാങ്കഡെയിൽ സച്ചിനെ സാക്ഷിയാക്കിയാണ് കോഹ്‌ലി റെക്കോർഡ് നേട്ടത്തിലേക്ക് നടന്നടുത്തതെന്ന് പ്രത്യേകതയുമുണ്ട്. ഇതിന് പിന്നാലെയാണ് ഇതിഹാസ താരം കോഹ്ലിയുടെ നേട്ടത്തിൽ സന്തോഷം അറിയിച്ചും, അഭിനന്ദിച്ചും രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം.
'ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, മറ്റ് സഹതാരങ്ങൾ നിങ്ങളെ എന്റെ കാലിൽ തൊടുന്നതിന്റെ പേരിൽ പരിഹസിക്കുകയായിരുന്നു. അന്നെനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങൾ എന്റെ ഹൃദയത്തിൽ തൊട്ടു. ആ കൊച്ചു പയ്യൻ 'വിരാട്' എന്ന താരമായി വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യൻ താരം തന്നെ എന്റെ റെക്കോർഡ് തകർത്തതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ഈ ലോകകപ്പ് സെമി ഫൈനലിന്റെ വലിയ വേദിയിൽ അതും എന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഇതുണ്ടായത് ഇരട്ടി മധുരമായി.' സച്ചിൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.
അതേസമയം, ന്യൂസിലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മയും, ശുഭ്മാൻ ഗില്ലും തകർപ്പൻ തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച രോഹിത് 49 റൺസിന് പുറത്തായി. ഗിൽ 80 റൺസെടുത്ത് നിൽക്കെ റിട്ടയേർഡ് ചെയ്യേണ്ടി വന്നു.
മൂന്നാമനായി ഇറങ്ങിയ കോഹ്‌ലി പതിയെ നിലയുറപ്പിക്കാൻ തുടങ്ങിയതോടെ ഗിൽ സ്കോറിങ് വേഗത കൂട്ടി. ഗിൽ പുറത്ത് പോയതോടെ ശ്രേയസ് അയ്യർ ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം സെഞ്ചുറി നേടി. അൻപത് ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ 397 റൺസാണ് സ്‌കോർ ബോർഡിൽ കുറിച്ചത്.












Click it and Unblock the Notifications