ഇംഗ്ലണ്ടിനെ നാടുകടത്തി ഹിറ്റ്മാനും സംഘവും, സെമിക്കരികിലേക്ക് എത്തി, 100 റണ്‍സിന്റെ ഗംഭീര ജയം
ലഖ്‌നൗ: ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തി ഇന്ത്യ. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 129 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ നൂറ് റണ്‍സിന്റെ വിജയമാണ് നേടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമും ഇന്ത്യയാണ്.
ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. ഇനി നാല് മത്സരങ്ങളാണ് ടീമിന് ബാക്കിയുള്ളത്. ഒരു മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കും. ഇംഗ്ലണ്ട് നിരയില്‍ ഒരാള്‍ക്ക് പോലും പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ലോക ചാമ്പ്യന്‍മാരായി ഇന്ത്യയിലെത്തിയ ടീമിന് ഇതുവരെ ഒരു ജയം മാത്രമാണ് നേടാനായത്.

ഇംഗ്ലണ്ട് നിരയില്‍ ലിയാം ലിവിംഗ്സ്റ്റണ്‍(27) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. തുടക്കത്തില്‍ ഇംഗ്ലണ്ട് തിരിച്ചുവരുമെന്ന് തോന്നിയെങ്കിലും ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തകര്‍ത്ത് കളയുകയായിരുന്നു. ഡേവിഡ് മലാന്‍(16) പുറത്താവുമ്പോള്‍ തന്നെ ഇംഗ്ലണ്ട് തോല്‍വി ഭയന്നിരിന്നു.
ജോണി ബെയര്‍സ്‌റ്റോ(14) ജോ റൂട്ട്(0) ബെന്‍ സ്‌റ്റോക്‌സ്(0) ജോസ് ബട്‌ലര്‍(10) മോയിന്‍ അലി(15) എന്നിവരെല്ലാം വന്‍ പരാജയമായി. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തു. ജസ്പ്രീത്് ബുംറയ്ക്ക് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും, രവീന്ദ്ര ജഡേജയ്ക്ക് ഒന്നും വിക്കറ്റ് ലഭിച്ചു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് മത്സരത്തില്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് ടൂര്‍ണമെന്റില്‍ ആദ്യമായി പരീക്ഷിക്കപ്പെടുകയായിരുന്നു. രോഹിത് ശര്‍മ(87)യുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്. ഓപ്പണര്‍ ശുഭ്മാന്‍(9) ഗില്ലിനെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ഇന്ത്യന്‍ നിരയിലെ സൂപ്പര്‍ താരം വിരാട്(0) കോലിയും നിരാശപ്പെടുത്തി. ശ്രേയസ്(4) അയ്യര്‍ക്കും കിട്ടിയ അവസരം മുതലെടുക്കാനായില്ല. രോഹിത്തും കെഎല്‍ രാഹുലും(39) ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്.
രാഹുലും രോഹിത്തും ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും വളരെ ക്ഷമയോടെയാണ് ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗിനെ നേരിട്ടത്. സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്ന് ആനുകൂല്യം ലഭിച്ചു. 101 പന്തില്‍ പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. വളരെ മികച്ച ബാറ്റിംഗായിരുന്നു രോഹിത് പുറത്തെടുത്തത്. മോശം പന്തുകളെ മാത്രം തിരഞ്ഞ് പിടിച്ചായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
രാഹുലിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയുണ്ടായിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ടിന് കളിച്ചാണ് താരം പുറത്തായത്. സൂര്യകുമാര്‍ യാദവ്(49) പക്ഷേ അവസരത്തിനൊത്ത് കളിച്ചു. 47 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജ(8) മുഹമ്മദ് ഷമി(1) എന്നിവര്‍ പരാജയപ്പെട്ടു. ജസ്പ്രീത് ബുംറ(16) കുല്‍ദീപ് യാദവ്(9) എന്നിവര്‍ പുറത്താവാതെ നിന്നു. ഇംഗ്ലണ്ട് നിരയില്‍ ഡേവിഡ് വില്ലി മൂന്ന് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ശേഷിച്ച വിക്കറ്റ് മാര്‍ക്ക് വുഡിനാണ്.












Click it and Unblock the Notifications