സീന്‍ മോനേ, മുട്ടാന്‍ നിക്കേണ്ട, ഇന്ത്യയെ വീഴ്ത്തും, വെല്ലുവിളിയുമായി ദക്ഷിണാഫ്രിക്കന്‍ താരം
ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ച് കഴിഞ്ഞു. ശ്രീലങ്കയെ തകര്‍ത്തോടെ ഇനി ഒന്നും പേടിക്കാനില്ല. പക്ഷേ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോ? ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ദക്ഷിണാഫ്രിക്കയാണ്. നവംബര്‍ അഞ്ചിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുന്നത്.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് എതിരാളികളേ ഇല്ലെന്ന് തന്നെ പറയാം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കിടിലന്‍ ഫോമിലാണ് ദക്ഷിണാഫ്രിക്ക. കളിച്ച നല്ലൊരു ശതമാനം മത്സരത്തിലും 300 റണ്‍സിന് മുകളില്‍ അവര്‍ സ്‌കോര്‍ ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് അവര്‍ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ ബൗളിംഗ് നിരയും ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഈ മത്സരം. എന്നാല്‍ കളത്തിലിറങ്ങും മുമ്പ് ഇന്ത്യയെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ഡര്‍ഡസ്സന്‍. ഇന്ത്യയെ യാതൊരു പേടിയില്ലെന്നും, പരാജയപ്പെടുത്തുമെന്നുമാണ് വാന്‍ഡര്‍ ഡസ്സന്റെ പ്രഖ്യാപനം.
നിലവില്‍ നെതര്‍ലന്‍ഡ്‌സിനോട് മാത്രമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെ 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. വാന്‍ഡര്‍ ഡസ്സന്‍ അവര്‍ക്കെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി താരമെത്തിയത്. രോഹിത് ശര്‍മയെയും സംഘത്തെയും ഞങ്ങള്‍ പരാജയപ്പെടുത്തും. അവരെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഒരു കാര്യം ദക്ഷിണാഫ്രിക്കന്‍ ടീം ശ്രദ്ധിക്കണം. കൃത്യമായി സമ്മര്‍ദത്തെ അതിജീവിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ ഉറപ്പായും വീഴ്ത്താനാവും.
ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വെച്ച് കളിക്കുക വലിയൊരു കാര്യമാണ്. കാരണം അവര്‍ നന്നായി കളിക്കുന്നുണ്ട്. അവരുടെ ടീമില്‍ നല്ല പരിചയസമ്പത്തുമുണ്ട്. എല്ലാ വിഭാഗത്തിലും അവര്‍ മുന്നിലാണ്. ഗംഭീരമായ ബൗളിംഗ് നിരയും, അതുപോലെ ബാറ്റിംഗും അവര്‍ക്കുണ്ട്. പക്ഷേ എന്തൊക്കെയാണെങ്കിലും ദക്ഷിണാഫ്രിക്ക തന്നെ ഇന്ത്യയെ വീഴ്ത്തും. മുമ്പും ഇന്ത്യയെ വീഴ്ത്തിയ ശീലം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഇന്ത്യയിലും അവരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും ഡസന്‍ പറഞ്ഞു.
എന്താണോ ദക്ഷിണാഫ്രിക്ക ഇപ്പോള്‍ കളിക്കുന്നത് ആ രീതിയില്‍ തന്നെ ഇന്ത്യയോടും കളിക്കും. ഞങ്ങള്‍ ശക്തമായ നിലയിലാണ് ഉള്ളത്. സമ്മര്‍ദത്തെ അതിജീവിക്കുന്ന കാര്യം മാത്രം നോക്കിയാല്‍ മതി. പക്ഷേ ഇന്ത്യയോട് ഞങ്ങള്‍ മുമ്പും കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഇന്ത്യന്‍ ടീമിനെ വീഴ്ത്തിയിട്ടുണ്ട് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് ലോകകപ്പിലും വലിയ വ്യത്യാസമൊന്നും കൊണ്ടുവരാനാവില്ല. അതിനെ കുറിച്ച് വലുതായിട്ടൊന്നും ടീം ആലോചിക്കുന്നില്ലെന്നും വാന്‍ഡര്‍ ഡസ്സന്‍ പറഞ്ഞു. അതേസമയം ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്ന് തവണ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു. രണ്ട് തവണ ഇന്ത്യയും ജയിച്ചു. 2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.












Click it and Unblock the Notifications