നിങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ മതിയോ? ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് നിരയല്ലെന്ന് ഗാംഗുലി
ഇന്ത്യന്‍ ബൗളിംഗ് നിരയെ കുറിച്ച് ലോകകപ്പില്‍ ആകെ വലിയ ഭയപ്പാടോടെയാണ് എല്ലാ ടീമുകളും സംസാരിക്കുന്നത്. ഏത് കൊമ്പന്‍മാരെയും മുട്ടുകുത്തിക്കാന്‍ ഈ ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോഴത്തേതെന്ന് ഒരുപാട് പേര്‍ അവകാശപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. അദ്ദേഹം ഈ ടീമിനും ബൗളര്‍മാര്‍ക്കും മുന്നറിയിപ്പാണ് നല്‍കുന്നത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ചവരാണ്. എന്നാല്‍ ഇപ്പോള്‍ കളിക്കുന്നവരല്ല ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍മാര്‍. അക്കാര്യത്തില്‍ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. 2003 ലോകകപ്പില്‍ കളിച്ച ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് കൂട്ടുകെട്ടെന്ന് ഗാംഗുലി പറയുന്നു.2003ലെ ബൗളിംഗ് കൂട്ടുകെട്ടിനെ മറികടക്കാന്‍ സാധിക്കുന്ന ഒരു ബൗളിംഗ് നിരയല്ല ഇപ്പോഴത്തേതെന്നും ഗാംഗുലി പറയുന്നു.

2003ല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് ഗാംഗുലിയാണ്. ജവഗല്‍ ശ്രീനാഥ് തന്റെ അവസാനത്തെ ലോകകപ്പ് കളിച്ചപ്പോള്‍, സഹീറും, ആശിഷ് നെഹ്‌റും കരിയറിലെ ഏറ്റവും നിര്‍ണായകമായ പ്രകടനം നടത്തിയത് ഈ ലോകകപ്പിലാണ്. നെഹ്‌റ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റെടുത്ത് കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. സഹീര്‍ഖാന്‍ ന്യൂസിലന്‍ഡിനെതിരെ അടക്കം തിളങ്ങിയിരുന്നു. അന്ന് തുടര്‍ച്ചയായി എട്ട് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. എന്നാല്‍ ഓസ്‌ട്രേലിയയോട് ഫൈനലില്‍ ഇന്ത്യ തോറ്റിരുന്നു.
എനിക്ക് ഇത് ഒരിക്കലും ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണെന്നോ, അതുപോലെ ഏറ്റവും മികച്ച പേസ് നിരയാണെന്നോ പറയാനാവില്ല. 2003ലെ ലോകകപ്പില്‍ ശ്രീനാഥും, സഹീറും, നെഹ്‌റയും അതിഗംഭീരമായിട്ടാണ് പന്തെറിഞ്ഞതെന്നും ഗാംഗുലി പറഞ്ഞു. 2003ലെ ലോകകപ്പില്‍ സഹീര്‍ ഖാന്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ശ്രീനാഥ് പതിനാറും, നെഹ്‌റ പതിനഞ്ചും വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായി മാറിയത് ഇവരുടെ ബൗളിംഗ് പ്രകടനമായിരുന്നു. അതേസമയം ഈ ലോകകപ്പിലെ ബൗളിംഗ് നിരയെ പ്രശംസിക്കാനും ഗാംഗുലി മറന്നില്ല. ഇപ്പോഴത്തെ ബൗളിംഗ് നിരയും മികവുറ്റതാണെന്ന് ഗാംഗുലി പറഞ്ഞു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഗംഭീര പെയറാണ്. ബുംറ ടീമില്‍ ഉണ്ടെങ്കില്‍ തന്നെ അത് വലിയൊരു മാറ്റമാണ്. വലിയ സമ്മര്‍ദമുണ്ടാവും. ഏത് ടീമിനെയും അത് ബാധിക്കും.
മുഹമ്മദ് ഷമി തുടക്കം മുതല്‍ തന്നെ കളിക്കേണ്ടതായിരുന്നു. അദ്ദേഹം വെറും നാല് മത്സരങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ഇംപാക്റ്റ് ശ്രദ്ധിക്കണമെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ഷമി നാല് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബുംറ അതുപോലെ എട്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും വീഴ്ത്തി. ജഡേജയ്ക്ക് 14 വിക്കറ്റും, കുല്‍ദീപിന് പന്ത്രണ്ടും, സിറാജിനും പത്തും വിക്കറ്റുകളുണ്ട്. ഈ ബൗളിംഗ് നിര ടൂര്‍ണമെന്റിലെ എല്ലാ വമ്പന്‍ ടീമുകളെയും വീഴ്ത്തിയിരുന്നു. ഇന്ത്യ 200 റണ്‍സില്‍ അധികം മൂന്ന് തവണ മാത്രമാണ് വഴങ്ങിയത്.












Click it and Unblock the Notifications