ഇത് അമേരിക്കയുടെ ചതി? ഇടപാടുകള്‍ എല്ലാം താലിബാനുമായി മാത്രം; അഫ്ഗാന്‍ ഗതികെട്ട് നടത്തിയ വിട്ടുവീഴ്ചകള്‍
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇനി ഇസ്ലാമിക നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലോകത്ത് ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാകുന്ന രാജ്യങ്ങള്‍ വേറേയും ഉണ്ട്. എന്നാല്‍ താലിബാന്‍ പോലെ കിരാത നിയമങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ നടപ്പിലാക്കുന്ന വേറെ രാജ്യങ്ങള്‍ ഉണ്ടാവില്ല.
താലിബാന്‍ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ ലക്ഷക്കണക്കിന് മനുഷ്യരാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. താലിബാന്‍ ഭരണത്തെ അവര്‍ എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാന് ഇങ്ങനെ ഒരു വിധി സമ്മാനിച്ചത് അമേരിക്കയുടെ ചതിയാണോ? അമേരിക്കയും താലിബാനും തമ്മിലുള്ള ഇടപാടുകളില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് എന്തെങ്കിലും സ്ഥാനമുണ്ടായിരുന്നോ? പരിശോധിക്കാം...

അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ ദോഹ സമാധാന കരാര്‍ ആണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിവിട്ടത് എന്ന് വിലയിരുത്തുന്നവര്‍ ഏറെയുണ്ട്. ആ ഉടമ്പടി പ്രകാരം അയ്യായിരം താലിബാന്‍ ഭീകരരെ ആയിരുന്നു അഫ്ഗാനിസ്ഥാന് ജയില്‍ മോചിതരാക്കേണ്ടി വന്നത്. അതില്‍ നാനൂറ് പേര്‍ യുദ്ധവിഗ്ധരായ കൊടും ക്രിമിനലുകള്‍ ആയിരുന്നു. താലിബാന്‍ വളരെ പെട്ടെന്ന് അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ കീഴടക്കിയത് ഇവര്‍ തിരിച്ചെത്തി നത്തിയ നീക്കങ്ങളിലൂടെ ആണെന്നാണ് വിലയിരുത്തല്‍.

ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ദോഹ ഉടമ്പടി അമേരിക്കയും താലിബാനും തമ്മില്‍ ആയിരുന്നു. അതില്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. അമേരിക്കയുടേയും നാറ്റോയുടേയും സൈനികരെ പൂര്‍ണമായും പിന്‍വലിക്കുന്നത് സംബന്ധിച്ചായിരുന്നു ആ ഉടമ്പടി. ഇതിന്റെ ഭാഗമായിട്ടാണ് അയ്യായിരത്തോളം വരുന്ന താലിബാനികളെ സ്വതന്ത്രരാക്കാന്‍ ആവശ്യപ്പെട്ടത്. അമേരിക്കയും താലിബാനും തമ്മിലുള്ള ഉടമ്പടിയിലെ വാഗ്ദാനങ്ങള്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് അന്ന് പ്രസിഡന്റ് ആയിരുന്നു അഷ്‌റഫ് ഗാനി നിലപാടൊക്കെ സ്വീകരിച്ചിരുന്നു. പക്ഷേ, അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ആയിരുന്നു വിധി.

താലിബാനുമായി ഒത്തുതീര്‍പ്പില്‍ എത്തേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. ആ ഒത്തുതീര്‍പ്പിന്റെ പ്രഥമ പരിഗണന, അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങളുടെ സമാധാന ജീവിതത്തിന് വേണ്ടി ആയിരുന്നില്ല. അമേരിക്കയെ ഏറെ ബുദ്ധിമുട്ടിച്ച, ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന അല്‍ ഖ്വായ്ദയെ തടയാന്‍ വേണ്ടിയായിരുന്നു. അമേരിക്ക അവരുടെ സൈന്യത്തേയും സഖ്യകക്ഷികളുടെ സൈന്യത്തേയും പിന്‍വലിച്ചാല്‍, തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനം തടയും എന്നതായിരുന്നു താലിബാന്റെ വാഗ്ദാനം. ഒന്നുകൂടി ഉറപ്പിച്ച് പറയാം, ദോഹ ഉടമ്പടി അഫ്ഗാനിസ്ഥാന് വേണ്ടി ആയിരുന്നില്ല, അമേരിക്കയ്ക്കും താലിബാനും വേണ്ടിയായിരുന്നു.

ആദ്യ ഘട്ടത്തില്‍ തന്നെ അമേരിക്ക അവരുടെ സൈനികരുടെ എണ്ണം 13,000 ല്‍ നിന്ന് 8,600 ആയി കുറച്ചു. 2020 ജൂലായില്‍ ആയിരുന്നു ഇത്. 14 മാസം കൊണ്ട് സൈന്യത്തെ പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കാം എന്നതായിരുന്നു കരാറിലെ ഒത്തുതീര്‍പ്പ്. ഇതിനിടയില്‍ താലിബാന്‍ വാക്ക് തെറ്റിച്ചാല്‍, അമേരിക്ക സൈന്യത്തെ പിന്‍വലിക്കില്ലെന്നും ദോഹ കരാറില്‍ വ്യക്തമാക്കിയിരുന്നു. ദോഹ കരാര്‍ നിലവില്‍ വന്നതിന് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് നേരേയും സാധാരണക്കാര്‍ക്ക് നേരേയും ഉള്ള താലിബാന്‍ ആക്രമണം രൂക്ഷമായത്. മുന്‍വര്‍ഷങ്ങളുമായി താരത്യം ചെയ്തുള്ള കണക്കുകള്‍ പൊതുമണ്ഡലത്തില്‍ ലഭ്യവും ആണ്.

താലിബാന്റെ വാക്ക് അമേരിക്കയോട് മാത്രമായിരുന്നു. ദോഹ കരാറിന് ശേഷം അഫ്ഗാനിസ്ഥാനിലെ അല്‍ ഖ്വായ്ദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ ശക്തികേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും. മാത്രമല്ല, അമേരിക്കന്‍ സൈന്യത്തിനും നാറ്റോ സൈനികര്‍ക്കും എതിരെയുള്ള താലിബാന്‍ ആക്രമണം ഏറെക്കുറേ ഇല്ലാതായി എ്ന്നും പറയാം. സ്വാഭാവികമായും അമേരിക്ക താലിബാനെതിരെ തിരിഞ്ഞില്ല. ചില ഘട്ടങ്ങളില്‍ അഫ്ഗാന്‍ സൈന്യത്തിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം നടത്തി. ഇക്കാര്യം പെന്റഗണ്‍ വക്താവ് ജൊനാഥന്‍ ഹോഫ്മാന്‍ തന്നെ സ്ഥിരീകരിച്ചിട്ടും ഉണ്ട്.

അഫ്ഗാന്‍ സര്‍ക്കാരുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് താലിബാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പലതവണ അഷ്‌റഫ് ഗാനിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ താലിബാന്‍ തള്ളിക്കളഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോലും അവര്‍ പലപ്പോഴും തയ്യാറായിരുന്നില്ല. അഫ്ഗാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഇത് ശരിക്കും അപമാനകരമായിരുന്നു. അതുകൊണ്ട് തന്നെ ആയിരുന്നു താലിബാന്‍ തടവുകാരെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഷ്‌റഫ് ഗാനി ആദ്യം കര്‍ശന നിലപാട് സ്വീകരിച്ചത്. എന്നാല്‍ അവിടേയും സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ അഫ്ഗാന് കീഴടങ്ങേണ്ടി വന്നു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ താലിബാന്‍ തടവുകാരെ മോചിപ്പിച്ചാല്‍ മാത്രം എന്നതായിരുന്നു താലിബാന്‍ നിലപാട്.

അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് തങ്ങളുടെ നിലപാടെന്തെന്ന് ദോഹ കരാറില്‍ അമേരിക്ക ഏറെക്കുറേ വ്യക്തമാക്കിയിരുന്നു. താലിബാനെതിരെയുള്ള സാമ്പത്തിക വിലക്കുകള്‍ നീക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഫലത്തില്‍ താലിബാനെ അമേരിക്ക അംഗീകരിക്കുന്നു എന്നൊരു ചിന്ത ഉയര്‍ത്തിയെടുക്കാനും ഇത് വഴിവച്ചിട്ടുണ്ട്. 1996 ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍, അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഒന്നും തന്നെ ആ ഭരണകൂടത്തെ അംഗീകരിച്ചിരുന്നില്ല. പാകിസ്താനും സൗദി അറേബ്യയും യുഎഇയും മാത്രമായിരുന്നു താലിബാനെ ഒരു സര്‍ക്കാര്‍ ആയി അംഗീകരിച്ചിരുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അഫ്ഗാനിസ്ഥാനില്‍ താലിബാന് എന്തും ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു അമേരിക്ക ചെയ്തത്. അതിന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചുകൊടുക്കുക എന്ന വലിയ സഹായവും ചെയ്തുകൊടുത്തു. നീണ്ട 20 വര്‍ഷക്കാലം അഫ്ഗാനിസ്ഥാനില്‍ ചെലവഴിച്ച പണത്തിന്റേയും നഷ്ടപ്പെടുത്തിയ സൈനികരുടേയും കണക്കുകള്‍ അമേരിക്കയ്ക്ക് പറയാനുണ്ടാകും. പക്ഷേ, അത് ഒരു രാജ്യത്തെ ഇത്തരത്തില്‍ കുരുതിക്കളമാക്കുന്ന രീതിയില്‍ അവസാനിപ്പിച്ചത് മനുഷ്യവിരുദ്ധമായ നിലപാടാണെന്നാണ് വിലയിരുത്തലുകള്‍.
Recommended Video

കരളലിയിക്കുന്ന കാഴ്ചകള്‍ ആണ് കാബൂളില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബസ്സുകളിലും തീവണ്ടികളിലും എല്ലാം കയറിപ്പറ്റുന്നതുപോലെ വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്ന മനുഷ്യര്‍... അങ്ങനെ വിമാനത്തില്‍ കയറിപ്പറ്റി ആകാശത്ത് നിന്ന് താഴേക്ക് വീണ് മരിക്കുന്ന മനുഷ്യര്‍... നാളെ അഫ്ഗാനിസ്ഥാനില്‍ കാണാന്‍ പോകുന്നത് താലിബാന്റെ ക്രൂരതകള്‍ക്ക് ഇരയാകുന്ന മനുഷ്യരെ ആയിരിക്കും. 1996 ല്‍ അധികാരത്തിലേറിയപ്പോള്‍ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റുമായിരുന്ന നജീബുള്ളയെ എങ്ങനെ ആയിരുന്നു താലിബാന്‍ അതിക്രൂരമായി കൊലചെയ്ത്, മൃതദേഹം ഒരു ട്രാഫിക്ക് സിഗ്നലില്‍ തൂക്കിയിട്ടത് എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്.












Click it and Unblock the Notifications