അത് താലിബാന്റെ ചതി; പറഞ്ഞതെല്ലാം വെറുവാക്ക്... വീടുകള്‍കയറി പരിശോധന, കൊലപാതകം, ക്രൂരത
കാബൂള്‍: കാബൂള്‍ പിടിച്ചടക്കിയതിന് ശേഷം താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് നടത്തിയ വാര്‍ത്താ സമ്മേളനം ആരും മറന്നുകാണില്ല. താലിബാന്‍ ഇത്രയും മാറിയോ എന്ന് അതിശയിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്താ സമ്മേളനം. ലോക രാഷ്ട്രങ്ങള്‍ക്ക് മാത്രമല്ല, അഫ്ഗാനിസ്ഥനിലെ ജനങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു അത്. തൊണ്ണൂറുകളിലെ പ്രത്യയശാസ്ത്രത്തിൽ നിന്ന് തങ്ങൾ പിൻമാറിയിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയത്, എന്നാൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചില മാറ്റങ്ങൾക്ക് തയ്യാണെന്നായിരുന്നു അവരുടെ പക്ഷം.
മുമ്പ് എതിരാളികള്‍ ആയിരുന്നവരോട് പ്രതികാരം ചെയ്യില്ലെന്നും സ്ത്രീകള്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ പ്രകാരമുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നും ആയിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ രണ്ട് പ്രഖ്യാപനങ്ങളും വെറും പൊള്ളയായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

താലിബാന്‍ തീവ്രവാദികള്‍ വീടുവീടാന്തരം കയറി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കാബൂള്‍ പിടിച്ചതിന് പിറകെ തന്നെ ഇത്തരത്തില്‍ അവര്‍ പരിശോധനകള്‍ നടത്തിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരുതരത്തിലും ഉള്ള പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് താലിബാന്‍ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ വിശ്വസ്തര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒക്കെ ആയിരുന്നു ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് താലിബാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ ഒന്നും അല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഐക്യരാഷ്ട്ര സഭയുടെ ത്രെട്ട് അസെസ്‌മെന്റ് റിപ്പോര്‍ട്ടില്‍ ആണ് വിശദമായ വിവരങ്ങള്‍ ഉള്ളത്. താലിബാന്‍ പ്രതാികാരത്തിന് പദ്ധതിയിടുന്നു എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അമേരിക്കയ്ക്കും നാറ്റോ സൈന്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരേയും ചില മാധ്യമ പ്രവര്‍ത്തകരേയും തിരഞ്ഞാണ് ഇപ്പോള്‍ താലിബാന്‍ വീടുകള്‍ കയറിയിറങ്ങുന്നത്.

ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനെ തേടി താലിബാന്‍ തീവ്രവാദികള്‍ എത്തിയപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് മാധ്യമ പ്രവര്‍ത്തകന്റെ അടുത്ത ബന്ധുവിന് ആയിരുന്നു. ഡ്യൂഷോ വില്ലെ (ഡഡബ്ല്യു) എന്ന ജര്‍മന്‍ ടെലിവിഷന്‍ സ്ഥാപനത്തിന്റെ എഡിറ്ററെ തേടിയാണ് താലിബാന്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് ലഭിച്ചത് മാധ്യമ പ്രവര്‍ത്തകന്റെ ബന്ധുവിനെ ആയിരുന്നു. ഇദ്ദേഹത്തെ താലിബാന്‍ ഭീകരര്‍ വെടിവയ്ക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. നേരത്തെ അഫ്ഗാനിസ്ഥനിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ജര്‍മനിയില്‍ ആണുള്ളത്.

മാധ്യമ പ്രവര്‍ത്തകരോട് നേരത്തേ തന്നെ താലിബാന് വിദ്വേഷമുണ്ടായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടേണ്ടി വരില്ലെന്നായിരുന്നു അവരുടെ വാഗ്ദാനം. പക്ഷേ, ഇത് ഒരു പിആര്‍ തന്ത്രം മാത്രമായിരുന്നു എന്ന് വിലയിരുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുളളത്. മാധ്യമ പ്രവര്‍ത്തകരെ തേടി വീടുവീടാന്തരം കയറിയിറങ്ങുന്നത് കൂടാതെ പൊതു ഇടങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കാബൂളില്‍ വിമാനത്താവളത്തിന് സമീപത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന സാഹചര്യവും ഉണ്ടായി.

സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാവില്ലെന്നതായിരുന്നു താലിബാന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്. ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായ രീതിയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുമെന്നും സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പോകാം എന്നും ആയിരുന്നു വാഗ്ദാനം. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ വീണ്ടും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുഗകയാണ്. സ്ത്രീസ്വാതന്ത്ര്യം സംബന്ധിച്ച് വലിയ വാഗ്ദാനം നല്‍കിയ ദിവസം തന്നെ ആയിരുന്നു ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഒരു യുവതിയെ താലിബാന്‍ തീവ്രവാദികള്‍ നടുറോഡില്‍ വെടിവച്ചു കൊന്നത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ട് എന്നായിരുന്നു അഫ്ഗാനിലെ ഒരു പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയത്. രാജ്യത്തെ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ടിവി ചാനലിലെ അവതാരകയായ ശബ്‌നം ദവ്‌റാന്‍ ആണ് പ്രതികരണവുമായി എത്തിയത്. പുരുഷ ജീവനക്കാര്‍ക്ക് ഓഫീസില്‍ പ്രവേശനം അനുവദിച്ചപ്പോള്‍ തന്നോട് ഇനി ഓഫീസിലേക്ക് വരേണ്ടെന്നാണ് നിര്‍ദ്ദേശിച്ചത് എന്ന് ഇവര്‍ പറയുന്നുണ്ട്. രാജ്യത്തെ സംവിധാനങ്ങള്‍ മൊത്തം മാറിക്കഴിഞ്ഞു എന്നാണത്രെ വിശദീകരണം നല്‍കിയത്.

നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അനാലിസ് ആണ് ഐക്യരാഷ്ട്ര സഭയ്ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിലെ ത്രെട്ട് അസെസ്‌മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ താലിബാന്‍ കാണിക്കുന്ന ക്രൂരതകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്താവളത്തിലേക്ക് നീങ്ങുന്ന കുടുംബങ്ങളെ പിന്തിരിപ്പിക്കുകയാണ് താലിബാന്‍ ചെയ്യുന്നത്. ഇതിന് വിസമ്മതിക്കുന്നവരെ ശരിയത്ത് നിയമത്തിന്റെ പേരില്‍ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നും എന്നാണ് റിപ്പോര്‍ട്ട്. നാറ്റോയുമായും അമേരിക്കയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും കൊടിയ പീഡനത്തിനും വധശിക്ഷയ്ക്കും വിധേയരായേക്കുമെന്നാണ് ഭയപ്പെടുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നല്‍ ഇത്തരം ആരോപണങ്ങള്‍ എല്ലാം താലിബാന്‍ നിഷേധിക്കുകയാണ്. സ്വകാര്യ വീടുകളില്‍ കയറി പരിശോധിക്കുന്നതിന് തങ്ങളുടെ പോരാളികളെ വിലക്കിയിട്ടുണ്ട് എന്ന് പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഹിജാബിന്റെ പേരില്‍ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തെ കുറിച്ച് ഇവര്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. താലിബാന്റെ ആദ്യ ഭരണകാലത്ത് കൊടിയ ക്രൂരതകളായിരുന്നു അരങ്ങേറിയിരുന്നത്. മുന്‍ പ്രസിഡന്റ് നജീബുള്ളയുടെ പ്രതികാര കൊലപാതകം ലോകം ഞെട്ടലോടെ ആയിരുന്നു കണ്ടത്. സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ അതിരുവിടുന്നവയായിരുന്നു. പൊതുനിരത്തില്‍ പോലും സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്.
Recommended Video

ഇത്തവണ അധികാരത്തിലെത്തുമ്പോള്‍ വളരെ ശ്രദ്ധയോടെ ആയിരുന്നു പുറം ലോകത്തോട് ഇടപെടാന്‍ ശ്രമിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നെഗറ്റീവ് പ്രതിച്ഛായ സൃഷ്ടിക്കും എന്ന തിരിച്ചറിവില്‍ ആയിരുന്നു വാര്‍ത്താ സമ്മേളനത്തിലെ വാഗ്ദാനങ്ങള്‍ എന്നാണ് പുതിയ വിലയിരുത്തല്‍. അതുപോലെ തന്നെയാണ് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെ ഒരു പ്രതികാര നടപടിയും ഉണ്ടാവില്ലെന്ന വാഗ്ദാനവും. അധികാരം പിടിച്ചെടുക്കുന്ന സമയത്ത് ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവും എതിര്‍പ്പും മറികടക്കുക മാത്രമായിരുന്നു താലിബാന്റെ ലക്ഷ്യം എന്നാണ് സൂചന.












Click it and Unblock the Notifications