തലയെടുപ്പുള്ള മന്ത്രിമാരെ തെരഞ്ഞെടുപ്പിൽ നിന്ന് പിണറായി ഒഴിവാക്കി: എം എം ഹസൻ
തെരഞ്ഞെടുപ്പിൽ നിന്ന് തലയെടുപ്പുള്ള മന്ത്രിമാരെ മാറ്റിനിർത്തിയത് പിണറായി വിജയനെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ.പിണറായിക്ക് വിധേയനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ അച്ഛൻ്റെ തണലിൽ മകൻ അഴിമതി നടത്തിയതായും അദ്ദേഹം ആരോപിച്ചു.ഇരട്ട വോട്ടിൻ്റെ കാര്യത്തിൽ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്.പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നുവെങ്കിൽ നാലര ലക്ഷത്തോളം കള്ള വോട്ടുകൾ കേരളത്തിൽ പോൾ ചെയ്യപ്പെടുമായിരുന്നുവെന്നും ഹസൻ വ്യക്തമാക്കി.പി സി ചാക്കോയ്ക്ക് കുത്തിത്തിരിപ്പുണ്ടാക്കാനാണ് താല്പര്യം. ഉമ്മൻചാണ്ടിയോടാണ് അദ്ദേഹത്തിൻ്റെ എതിർപ്പ് പ്രകടമാക്കുന്നതെന്നും ഹസൻ ചൂണ്ടിക്കാട്ടി.യുഡിഎഫിൻ്റെ രാഷ്ട്രീയ നിലപാടുകളും തിരഞ്ഞെടുപ്പ് പ്രവർത്തനവും 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയനോട് എം എം ഹസൻ തുറന്ന് പറയുമ്പോൾ.പ്രത്യേക അഭിമുഖം തുടർന്ന് വായിക്കാം.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

അവസാന ലാപ്പിൽ കോൺഗ്രസ് ക്യാമ്പുകളിൽ സ്ഥിതിയെന്ത്?
കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. യുഡിഎഫ് പ്രവർത്തകർക്ക് ഓരോ ദിവസം കഴിയുംതോറും ആത്മവിശ്വാസം കൂടി വരുന്നുണ്ട്.കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി തനിക്ക് പോകാൻ കഴിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസമുണ്ട്. തുടർ ഭരണം ഉണ്ടാകില്ല.ഭരണമാറ്റം കേരളത്തിൽ പ്രകടമാകും.

പ്രിയങ്കയുടെ അസാന്നിധ്യം നേമത്ത് തിരിച്ചടിയാകുമോ?
പ്രാദേശിക ഡിസിസി ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.സമയപരിമിതി മൂലം തലസ്ഥാനത്തെത്തിയ പ്രിയങ്കയ്ക്ക് നേരത്തെ പോകേണ്ടിവന്നു.ഏപ്രിൽ മൂന്നാം തീയതി പ്രചരണത്തിന് എത്താനിരിക്കുകയായിരുന്നു അവർ. പ്രോഗ്രാം ഷെഡ്യൂൾ ചെയ്തശേഷമാണ് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും തുടർന്ന് അവർ നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നതും. അതിൻ്റെ പശ്ചാത്തലത്തിൽ രാഹുൽഗാന്ധി ഞായറാഴ്ച എത്തും.തിരക്കിട്ട പരിപാടികളുടെ ക്രമീകരണങ്ങളോടെയാണ് രാഹുൽ തലസ്ഥാനത്തെത്തുന്നത്. നേമം നിയോജകമണ്ഡലത്തിലെ പൂജപ്പുരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ വൈകിട്ട് ആറിന് അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കെ മുരളീധരൻ ഉറച്ചുനിൽക്കുന്നില്ലല്ലോ?
ബിജെപിയുടെയും സിപിഎമ്മിൻ്റെയും ആരോപണങ്ങൾക്ക് മുരളീധരൻ തന്നെ മറുപടി നൽകിയിട്ടുണ്ട്. നേമത്ത് കെ മുരളീധരൻ ജയിച്ചു കഴിഞ്ഞാൽ പിന്നെ അദ്ദേഹം പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. അതോടെ,മുരളീധരൻ്റെ തെരഞ്ഞെടുപ്പ് കേന്ദ്രം നേമമായി മാറും. സ്ഥാനാർഥി നിർണയത്തിൻ്റെ അവസാനത്തിൽ ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി.അതിനെയാണ് കോൺഗ്രസ് അംഗീകരിക്കുന്നത്.ബിജെപിയുടെ കുമ്മനം രാജശേഖരനുമായി ഏറ്റുമുട്ടാൻ ശക്തനായ സ്ഥാനാർത്ഥിയാണ് കോൺഗ്രസിനുള്ളത്.

പി സി ചാക്കോയുടെ അഭിപ്രായത്തെക്കുറിച്ച്?
സിപിഎം സഹയാത്രികനായി മാറിയശേഷമാണ് പിസി ചാക്കോ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്. ഇത് പാർട്ടിയുടെയോ പാർട്ടി പ്രവർത്തകരുടെയോ അഭിപ്രായങ്ങളല്ല.ചാക്കോയ്ക്ക് കുത്തിത്തിരിപ്പുണ്ടാക്കാനാണ് താല്പര്യം. അദ്ദേഹത്തിൻ്റെ എതിർപ്പ് ഉമ്മൻചാണ്ടിയോടാണ്. പാർട്ടി വിട്ടുപോയപ്പോൾ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു.പിണറായി വിജയനൊപ്പം വേദി പങ്കിട്ട ശേഷമാണ് ചാക്കോ ഇതു പറയുന്നത്.ഈ അഭിപ്രായത്തിന് മറുപടി പറയാനില്ല.

ഓപ്പറേഷൻ ട്വിൻസ്?
കോൺഗ്രസ് നേതാക്കളുടെയും സ്ഥാനാർഥികളുടെയും ബന്ധുക്കൾക്കും അമ്മയ്ക്കും സഹോദരിമാർക്കും ഇരട്ട വോട്ടുണ്ട് എന്ന തരത്തിലായിരുന്നു വാർത്തകൾ. ഇരട്ട വോട്ടിൽ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. നാലര ലക്ഷത്തോളം ഇരട്ട വോട്ടുകൾ സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയപ്പോൾ പത്തിൽ താഴെ മാത്രമുള്ള വോട്ടുകളാണ് കോൺഗ്രസ് നേതാക്കളുള്ളത്. ഇരട്ട വോട്ടിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി അന്വേഷിക്കണം. പ്രതിപക്ഷ നേതാവ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചില്ലായിരുന്നുവെങ്കിൽ നാലര ലക്ഷത്തോളം കള്ള വോട്ടുകൾ കേരളത്തിൽ പോൾ ചെയ്യപ്പെടുമായിരുന്നു.ഇതിനെ തടയാനാണ് കോൺഗ്രസ് ശ്രമിച്ചത്.

യുഡിഎഫ് - ബിജെപി കൂട്ടുകെട്ടുണ്ടോ?
സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയെ കുറിച്ചുള്ള വാർത്തകളാണല്ലോ പുറത്തുവരുന്നത്.ബാലശങ്കറിൻ്റെ സിപിഎം ബിജെപി ഡീലെന്നുള്ള ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങൾ വളരെയധികം ചർച്ച ചെയ്തതാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് ബാലശങ്കർ.അദ്ദേഹം ഇത്തരം രഹസ്യ ബാന്ധവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. മുഖ്യമന്ത്രിക്കെതിരെ കേന്ദ്രഏജൻസികൾ നടത്തുന്ന അന്വേഷണം സത്ംഭിച്ചിരിക്കുന്നു. ഇത് ഡീലിൻ്റെ ഭാഗമാണ്. ബാലശങ്കറിൻ്റെ വെളിപ്പെടുത്തലുകളുടെ ജാള്യത മറച്ചുവയ്ക്കാനുള്ള പ്രത്യാരോപണത്തിൻ്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങൾ.

വട്ടിയൂർക്കാവിൽ ദുർബലയോ?
വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർഥി ദുർബലയാണെന്ന് പറയുന്നതിലൂടെ സിപിഎമ്മിന് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ഊർജ്ജസ്വലയായ വനിതാ കോൺഗ്രസ് പ്രവർത്തകയാണ് അവിടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളിലെല്ലാം സജീവസാന്നിധ്യമായിരുന്നു വീണ എസ് നായർ. പല സമരങ്ങളിലും പൊലീസിൻ്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടായ സ്ത്രീയാണവർ.രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് വീണയുടേത്. തദ്ദേശ തെരഞ്ഞെടുപ്പുകളിലടക്കം മത്സരിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ സ്ഥാനാർഥി ദുർബലയാണെന്ന് പറയാൻ സിപിഎമ്മിന് മാത്രമേ കഴിയുകയുള്ളൂ. യുഡിഎഫിന് വട്ടിയൂർക്കാവിൽ നിർത്താനുള്ളതിൽ ഏറ്റവും മികച്ച സ്ഥാനാർഥിയാണ് വീണ.

എ കെ ആൻ്റണിയുടെ പ്രസ്താവനയോട്?
തുടർ ഭരണമുണ്ടായാൽ സർവ്വനാശം കേരളത്തിലുണ്ടാകും.അതിലൂടെ സിപിഎം പൂർണമായും തകരും.ഈ പ്രസ്താവന എന്തുകൊണ്ടും പ്രസക്തമാണ്. നിലവിലെ സാഹചര്യത്തിൽ സിപിഎം പാർട്ടി എന്നറിയപ്പെടുന്നത് പിണറായി വിജയനാണ്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം. ഇതാണ് നടക്കുന്നത്. അദ്ദേഹം ക്യാപ്റ്റനല്ല.മറിച്ച്, ഡിക്റ്റേറ്ററാണ്. ഏകാധിപതിയാണ് പിണറായി വിജയൻ.തെരഞ്ഞെടുപ്പിൽ കണ്ട കാഴ്ച ആരും മറന്നിട്ടുണ്ടാവില്ല. തലയെടുപ്പുള്ള മന്ത്രിമാരെ അദ്ദേഹം മാറ്റിനിർത്തി. പിണറായിക്ക് വിധേയനാണ് പാർട്ടി സെക്രട്ടറി വിജയരാഘവൻ. കോടിയേരി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ അച്ഛൻ്റെ തണലിൽ മകൻ അഴിമതി നടത്തി. സ്വർണ്ണക്കടത്ത് ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ രാഷ്ട്രീയ കേരളം മനസ്സിലാക്കിയിട്ടുണ്ട്.ശിവശങ്കറും സി എം രവീന്ദ്രനുമൊക്കെ ഇതിൽ പങ്കാളികളായില്ലേ? തുടർഭരണം വരരുത് എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

ചെന്നിത്തല അന്നം മുടക്കിയതെന്തിന്?
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ എട്ടുമാസം കേന്ദ്രസർക്കാർ നൽകിയ അരിവിഹിതം പൂഴ്ത്തിവയ്ക്കുകയായിരുന്നു.അരി പൂഴ്ത്തിവച്ച് ശേഷം തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് നൽകുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൻ്റെ നഗ്നമായ ലംഘനമാണ്.അന്നം മുടക്കിയതിന് പിണറായി വിജയൻ്റെയും ഭക്ഷ്യമന്ത്രി തിലോത്തമൻ്റെയും പേരിൽ കേസെടുക്കണം. പ്രതിപക്ഷ നേതാവ് പറഞ്ഞത് ഇത്ര മാത്രമാണ്.പാവങ്ങൾക്കുള്ള അരി വിഹിതവും ക്ഷേമപെൻഷനുമൊക്കെ ഏപ്രിൽ ആറാം തീയതിക്കുശേഷം നൽകണം.ഇതാണ് പിണറായി ചർച്ചയാക്കിയത് - എം എം ഹസൻ ചൂണ്ടിക്കാട്ടി.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം