കാനഡയില്‍ എത്തിയാല്‍ ഉടന്‍ ജോലിയെന്ന് ഏജന്റ് പറഞ്ഞു: പക്ഷെ സംഭവിച്ചതോ? ഇന്ത്യന്‍ വിദ്യാർത്ഥി പറയുന്നു
കാനഡയില്‍ വിദേശ വിദ്യാർത്ഥികളുടെ താമസ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ കൂടുതല്‍ റിപ്പോർട്ടുകള്‍ പുറത്ത്. വലിയ വാഗ്ധാനങ്ങള്‍ നല്‍കി കാനഡയിലേക്ക് കൊണ്ടുവന്ന് ഏജന്റുമാരും പ്രതിസന്ധിയില്‍ ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികളെ കയ്യൊഴിയുകയാണ്. പല ഏജന്റുമാരും വ്യാജ വാഗ്ദാനങ്ങളാണ് നടത്തുന്നതെന്നും വിദ്യാർത്ഥികള്‍ പറയുന്നു.
19 കാരനായ ഗഗൻ സിംഗ് പഞ്ചാബിലെ ലുധിയാനയിൽ നിന്ന് കാനഡയിലെത്തിയതിന് ശേഷം നാല് താമസ സ്ഥലങ്ങൾ മാറിയെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലുടമ കുറഞ്ഞ കൂലിക്ക് മറ്റൊരാളെ ജോലിക്കെടുക്കുകയും തന്നോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുകയും ചെയ്തതിനേയും തുടർന്ന് വാടകയ്ക്ക് മുറി കിട്ടാൻ മറ്റൊരു പാർട്ട് ടൈം ജോലി നോക്കുകയാണെന്നും ഗഗന്‍ സിംഗ് വ്യക്തമാക്കുന്നു.

വളരെ കുറഞ്ഞ വേതനം, ഉയർന്ന വാടക, ബേസ്മെൻറുകളില്‍ താമസിക്കുന്ന വിദ്യാർത്ഥികള്‍, ഒന്റാറിയോ ഉള്‍പ്പെടേയുള്ള റൂട്ടുകളിലെ യാത്രക്കാർ നിറഞ്ഞ ബസുകൾ, പലചരക്ക് സാധനങ്ങൾക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത് എന്നിവയെല്ലാം കാനഡയിലെ പതിവ് കാഴ്ചകളാണെന്നും വിദ്യാർത്ഥികള്‍ പറയുന്നു. ഇന്നത്തെ കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ജീവിത നിലവാരം ഏറെ ദുരിത സമാനമാണെന്നും ഇവർ ഉദാരണ സഹിതം ചൂണ്ടിക്കാട്ടുന്നു.
കാനഡയിൽ താമസിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40% ഇന്ത്യക്കാരാണ്, അതായത് ഏകദേശം 2.4 ലക്ഷം. ഇന്ത്യയും കാനഡയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര തർക്കവും പ്രതിസന്ധി രൂക്ഷമാക്കി. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് താമസ സൗകര്യങ്ങളില്ലാതെ കൂടുതല്‍ അഡ്മിഷന്‍ നല്‍കാന്‍ കോളേജുകള്‍ ശ്രമിക്കുന്നതാണ് താമസ പ്രതിസന്ധി കൂടുതല്‍ വഷളാക്കുന്നത്.
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ കാനഡയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള റിക്രൂട്ടിങ് ഏജന്‍സികളും നാട്ടിലെങ്ങും സജീവമാണ്. പലരും വ്യാജവും മോഹിപ്പിക്കുന്നതുമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് വിദ്യാർത്ഥികളെ ക്യാന്‍വാസ് ചെയ്യുന്നതെന്നും അനുഭവസ്ഥർ വ്യക്തമാക്കുന്നു.
കോവിഡ് -19 പാൻഡെമിക്കിന് ശേഷമാണ് കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം വർധിക്കാന്‍ തുടങ്ങിയത്. എന്നാൽ ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് ഭവന, തൊഴിൽ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയതെന്നാണ് കാനഡയിലെ ഇമിഗ്രേഷൻ വിദഗ്ധർ അവകാശപ്പെടുന്നത്. ഇത് താമസിയാതെ തന്നെ പരിഹരിക്കുമെന്നും അവർ പറയുന്നു.
"കാനഡയ്ക്ക് അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. പാർപ്പിടത്തിന്റെ കാര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളോ കോളേജുകളിലും സർവ്വകലാശാലകളിലും ചേർന്ന ആളുകളുടെ എണ്ണത്തെ പിന്തുണയ്ക്കാൻ ആവശ്യമായ ജോലികളോ ഇപ്പോള്‍ കാനഡയിലില്ല. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് കാനഡയാണെങ്കില്‍ മാതാപിതാക്കളെ കബളിപ്പിക്കുന്ന ലൈസൻസില്ലാത്ത, സത്യസന്ധമല്ലാത്ത ഏജന്റുമാരെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കും ഉണ്ട്." - ഒന്റാറിയോയിലെ ബ്രാംപ്ടണിലെ സ്കൈലേക്ക് ഇമിഗ്രേഷനിൽ നിന്നുള്ള നിയന്ത്രിത കനേഡിയൻ ഇമിഗ്രേഷൻ കൺസൾട്ടന്റ് (RCIC-IRB) മനൻ ഗുപ്തയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
"പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇപ്പോഴും കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. എന്തുവിലകൊടുത്തും തങ്ങളുടെ കുട്ടികൾ ഇവിടെ സ്ഥിരതാമസമാക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല സംഘർഷത്തിനിടയിലും പഠന ലക്ഷ്യത്തെക്കുറിച്ച് രണ്ടാമതൊരു ചിന്ത ഉണ്ടായിട്ടില്ല. ഭൂരിപക്ഷം ഇപ്പോഴും അങ്ങനെ തന്നെയാണ്. സ്റ്റഡി പെർമിറ്റ് അപേക്ഷകൾ താൽക്കാലികമായി നിർത്താൻ ആവശ്യപ്പെട്ട് ചില രക്ഷിതാക്കൾ മാത്രമാണ് ഞങ്ങളെ വിളിച്ചത്, "ഗുപ്ത പറഞ്ഞു.
ഇന്ത്യയിൽ നിന്ന് പോകുന്നവരിൽ 90% പേരും പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഡൽഹി, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കാനഡയിൽ എത്താനും പിന്നീട് അവിടെ തൊഴിൽ വിസ നേടാനും മാത്രമായി വിദ്യാർത്ഥികള്‍ കോളേജിൽ ചേരുന്നുവെന്നാണ് വിദേശപഠന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ കോളേജുകളിൽ ഭൂരിഭാഗവും കമ്മ്യൂണിറ്റി സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ ഫ്യൂച്ചറിസ്റ്റിക് അല്ലാത്ത കോഴ്‌സുകളിൽ ഒന്നോ രണ്ടോ വർഷത്തെ ഡിപ്ലോമകൾ വാഗ്ദാനം ചെയ്യുന്നതുമാണ്.
"ഞാൻ മെയ് മാസത്തിൽ കാനഡയിൽ എത്തി. ബിസിനസ് ഡിപ്ലോമയ്‌ക്ക് ചേർന്നെങ്കിലും അവർക്ക് അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പാർപ്പിട സൗകര്യമില്ലായിരുന്നു. ഒരു മാസത്തോളം ഞാൻ എന്റെ അമ്മാവന്റെ വീട്ടിൽ താമസിച്ചു, പക്ഷേ പിന്നീട് എനിക്ക് പുറത്തുപോകേണ്ടിവന്നു. 1400 കനേഡിയന്‍ ഡോളറിന്ഞാൻ മറ്റ് മൂന്ന് പേരുമായി ഒരു ഒറ്റമുറി ബേസ്‌മെന്റ് പങ്കിട്ടു. ഇത് ഒരു വിദ്യാർത്ഥിക്ക് താങ്ങാനാവുന്നതായിരുന്നില്ല. അവിടെ നിന്നും വീണ്ടും , പിന്നീട് മറ്റൊരു സ്ഥലത്തേക്കും മാറി" ഗഗന്‍ പറയുന്നു.
"എനിക്ക് ഒരു പാക്കേജിംഗ് യൂണിറ്റിൽ വളരെ കുറഞ്ഞ വേതനത്തിൽ ഒരു ജോലി ലഭിച്ചിരുന്ന. പക്ഷേ അവർക്ക് അതിലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ ഒരാളെ ലഭിച്ചു. അതോടെ എനിക്ക് ആ ജോലി നഷ്ടപ്പെട്ടു. സ്വന്തം നിലയ്ക്ക് വാടകയ്ക്കുള്ള പണം കണ്ടെത്താമെന്ന മോഹമാണ് ഇതോടെ ഇല്ലാതായത്. കാനഡയില്‍ ഇറങ്ങിയ ഉടൻ എനിക്ക് ജോലി ലഭിക്കുമെന്ന് പറഞ്ഞ ഇന്ത്യയിലെ ഏജന്റുമാരാരും നിലവിലെ സാഹചര്യം എന്നോട് പറഞ്ഞില്ല, "അദ്ദേഹം ഗഗന്‍ തുടരുന്നു.












Click it and Unblock the Notifications