ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് കാനഡ പരിധി ഏർപ്പെടുത്തുമോ? ഭവന പ്രതിസന്ധിയില്‍ പരിഹാരം എന്ത്?
ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കാനഡ പരിധി ഏർപ്പെടുത്തുമോയെന്ന ആശങ്ക തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമായതും ആശങ്ക വർധിപ്പിക്കുന്നു. ഇന്ത്യക്കാരെ കൂടുതല്‍ ആശ്രയിക്കുന്നതിന് പകരമായി മറ്റ് രാജ്യങ്ങളേയും പരിഗണിക്കണമെന്ന നിർദേശം സർക്കാർ ഭാഗത്ത് നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചുവെന്ന റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു.
കാനഡയിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു പ്രചരണം ശക്തമായത്. വിസ നിയന്ത്രണം ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാണെങ്കിലും ഇതുവരെ അത് സംബന്ധിച്ച തീരുമാനങ്ങളൊന്നും സർക്കാറിന്റെയോ സർവ്വകലാശാലകളുടേയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നുള്ളതാണ് സത്യം.

നവാഗതരെ സ്വാഗതം ചെയ്യുന്നത് സന്തുലിതമാക്കുക, പാർപ്പിട ക്ഷാമം പരിഹരിക്കുക, അന്തർദ്ദേശീയ വിദ്യാർത്ഥി പ്രവേശനത്തിന് പരിധി ഏർപ്പെടുത്തുന്നത് പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് കാനഡയില്‍ ഉയർന്ന് വരുന്നുണ്ട്. കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെ തുടർന്ന് കാനഡയിലെ ജനസംഖ്യ 2023 ജൂണിൽ 40 ദശലക്ഷം കവിഞ്ഞുവെന്നാണ് കണക്ക്.
ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനയെ ഉൾക്കൊള്ളാനുള്ള ഭവനങ്ങളുടെ അഭാവമാണ് ഗുരുതരമായ ഭവന പ്രതിസന്ധിയിലേക്ക് നയിച്ചത്. ഈ പ്രതിസന്ധിക്കിടയിലും, കനേഡിയൻ സർക്കാർ, പുതിയ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി (ഐആർസിസി) മാർക് മില്ലറുടെ നേതൃത്വത്തിൽ നിലവിലെ ഇമിഗ്രേഷൻ നയം തുടരാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
" ഒരു കാബിനറ്റ് എന്ന നിലയിലും ഒരു സർക്കാർ എന്ന നിലയിലും അംഗീകരിച്ച നിലവാരങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ സമയത്ത് ആ സംഖ്യകൾ കുറയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല." എന്നാണ് ഒരു പ്രധാന കനേഡിയൻ വാർത്താ ഔട്ട്‌ലെറ്റിന് നൽകിയ അഭിമുഖത്തിൽ മാർക്ക് അടുത്തിടെ വ്യക്തമാക്കിയത്. അതേസമയം, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റ് സംബന്ധിച്ച് വിശദമായ പരിശോധനകള്‍ നടത്തും. രാജ്യത്തേക്ക് വരുന്ന ആരും വഞ്ചിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കുടിയേറ്റക്കാർക്ക് വീടുകളുടെ നിർമ്മാണത്തിന് സംഭാവന നൽകാൻ കഴിയുമെന്നെും ഇതിലൂടെ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നുമാണ് പാർപ്പിട വകുപ്പ് മന്ത്രി ഫ്രേസർ പറയുന്നത്. 'പ്ലംബിംഗ്, ആശാരിപ്പണി തുടങ്ങിയ ട്രേഡുകളിൽ വൈദഗ്ധ്യമുള്ള പുതുമുഖങ്ങൾക്ക് നിർമ്മാണ വ്യവസായത്തിലെ തൊഴിലാളികളുടെ കമ്മി പരിഹരിക്കാൻ സഹായിക്കു' പാർപ്പിട മന്ത്രി ഫ്രേസർ പറഞ്ഞു.
കാനഡയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നുന്നത്. ഈ വർഷം 750,000 വിദ്യാർത്ഥികൾ കാനഡയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഭവന പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമാക്കിയേക്കുമെന്ന ആശങ്കയും ശക്തമാണ്. അമിതമായ വർധനവ് കുടിയേറ്റത്തിനുള്ള പൊതു പിന്തുണ ഇല്ലാതാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുമ്പോഴും, ഗവൺമെന്റ് ഇമിഗ്രേഷൻ നയങ്ങളില്‍ നിന്ന് പിന്നോട്ട് പോകാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നത്.












Click it and Unblock the Notifications