കാനഡ പ്രതീക്ഷ കൈവിടണ്ട: കനത്ത തീരുമാനമെടുത്താല്‍ തിരിച്ചടി കാനഡയ്ക്ക് തന്നെ, എന്തുകൊണ്ട്?
കാനഡയിലേക്ക് പ്രവേശനം നല്‍കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നത് പരിഗണിക്കുകയാണെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഭവന പ്രതിസന്ധിയും കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും ഭവന ആവശ്യം കുറയ്ക്കുന്നതിന് അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പരിധി നിശ്ചയിക്കുന്നതിനുള്ള സാധ്യത സർക്കാർ നോക്കുകയാണെന്നാണ് കനേഡിയൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ മില്ലർ വ്യക്തമാക്കിയിരിക്കുന്നത്.

കാനഡയിലേക്ക് വരുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികൾ ഫെഡറൽ ഗവൺമെന്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടുകളുടെ എണ്ണത്തെ മറികടക്കുന്നതായി മിസ്റ്റർ മില്ലർ അഭിപ്രായപ്പെട്ടു. തൊഴിലാളികളുടെ ശരാശരി പ്രായം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ എണ്ണത്തില്‍ ഏർപ്പെടുത്തുന്ന പരിധിയെക്കുറിച്ച് പിന്നീട് വിശദമാക്കുമെന്നും മില്ലർ പറഞ്ഞു.
നേരത്തെ, കാനഡയിൽ ഭവനക്ഷാമം രൂക്ഷമായപ്പോൾ കുടിയേറ്റ ജനസംഖ്യ നിയന്ത്രിക്കാത്തതില്‍ സർക്കാറിനെതിരെ വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കാനഡയിലെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. വിദേശ വിദ്യാർത്ഥികളുടെ വരവോടെ ഭവന വാടകയുടെ ചിലവ് വന്‍തോതില്‍ ഉയർന്നു. ഇത് പ്രാദേശിക ജനതയുടെ ജീവിതത്തേയും പ്രതിസന്ധിയിലാക്കി. ഇതോടെയാണ് വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായത്.
ഈ വർഷം 485,000 കുടിയേറ്റക്കാരെയും 2025 ലും 2026 ലും 500,000 കുടിയേറ്റക്കാരെയും കൊണ്ടുവരാൻ സർക്കാറിന് പദ്ധതിയുണ്ടായിരുന്നു. വിദേശ വിദ്യാർത്ഥികള്‍ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ തോതില്‍ പണം സംഭാവന ചെയ്യുന്നു എന്നതായിരുന്നു വിദേശ വിദ്യാർത്ഥികളെ പരിധികളില്ലാതെ സ്വാഗതം ചെയ്യാന്‍ കാനഡയെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ നയം പതിയെ തിരിച്ചടിയാകുകയാണ് ഉണ്ടായത്.
ബിബിസിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2022-ൽ രാജ്യം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തില്‍ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ വർഷം 800 000ത്തിലധികം വിദ്യാർത്ഥികളാണ് കാനഡയിലേക്ക് എത്തിയത്. ഇത് അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ 75 ശതമാനം വർദ്ധനവാണ്.
അതേസമയം, അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച സർവകലാശാലകൾ രംഗത്ത് എത്തിയിട്ടുണ്ട്. വിദ്യാർത്ഥികളെ നിയന്ത്രിച്ചാല്‍ സർവ്വകലാശാലകളുടെ വരുമാനത്തെ നേരിട്ട് ബാധിക്കും എന്നതില്‍ സംശയമില്ല. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ പ്രതിവർഷം 22.3 ബില്യൺ ഡോളറിലധികം കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്നതിനാല്‍ തന്നെ ഈ എതിർപ്പ് സ്വാഭാവികമാണ്.
മില്ലറുടേത് തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു വാഗ്ദാനം മാത്രമാണെന്ന നിരീക്ഷണവും ശക്തമാണ്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ നിയന്ത്രണം കൊണ്ടുവരാന്‍ കാനഡയ്ക്ക് സാധിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള കനത്ത നിലപാട് സ്വീകരിച്ചാല്‍ അത് രാജ്യത്തിന് തന്നെ തിരിച്ചടിയായേക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications