വിദേശ ജോലിയാണോ ലക്ഷ്യം? ഹോങ്കോങ്ങിലേക്ക് പറക്കാം..27,000 ഒഴിവുകൾ
ഹോങ്കോങ്ങ്: വിദേശ രാജ്യത്തൊരു ജോലിയാണോ സ്വപ്നം കാണുന്നത്? എങ്കിൽ 'ഫിനാൻഷ്യൽ ഹബ്' ആയ ഹോങ്കോങ്ങിലേക്ക് വിട്ടാലോ? നിർമ്മാണ മേഖല മുതൽ വ്യോമയാന മേഖല വരെ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി ഒഴിവുകളാണ്. കൂടുതൽ അറിയാം.
പതിനായിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ക്വാട്ട നിശ്ചയിച്ചതുൾപ്പെടെ, കടുത്ത തൊഴിൽ ക്ഷാമം നേരിടുന്ന മേഖലകളിൽ കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഹോങ്കോങ്ങ് സർക്കാർ. തൊഴിലാളികളാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പിന്നിൽ എന്ന് പദ്ധതി വിശദീകരിച്ച് ലേബർ ആൻഡ് വെൽഫെയർ സെക്രട്ടറി ക്രിസ് സൺ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ സേവനം വ്യവസായം ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിലെ കുടിയേറ്റ നയങ്ങളും പ്രാദേശിക തൊഴിലാളികളുടെ ക്ഷാമവുമെല്ലാമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വിദേശികളെ രാജ്യത്ത് എത്തിക്കാൻ കുടിയേറ്റ നയങ്ങളിൽ ഉൾപ്പെടെ ഇളവ് വരുത്താൻ രാജ്യം ആലോചിക്കുന്നത്.
നിലവിൽ നിർമ്മാണ മേഖലയിൽ മാത്രം 12,000 വിദേശ തൊഴിലാളികളെ നിയമിക്കാനാണ് ലക്ഷ്യമെന്ന് വികസനകാര്യ സെക്രട്ടറി ബ്രനഡറ്റെ ലിൻ പറഞ്ഞു. 6,300 ഓളം പേരെ വ്യോമയാന മേഖലയിലും നിയമിക്കും. മുൻനിര എയർപോർട്ട് ജീവനക്കാരുടെ എണ്ണത്തിലും കടുത്ത ക്ഷാമമാണ് നഗരം നേരിടുന്നതെന്ന് ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് സെക്രട്ടറി ലാം സായ്-ഹംഗ് വ്യക്തമാക്കി.
കൊവിഡിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ 32 ശതമാനം കുറവ് തൊഴിലാളികൾ മാത്രമായിരുന്നു ഈ വർഷത്തിന്റെ തുടക്കത്തിൽ എയർപോർട്ട് ജോലിയിൽ ഉണ്ടായിരുന്നത്. അതായത് യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ, ബാഗേജ് കൈകാര്യം ചെയ്യൽ, കാറ്ററിംഗ് സർവ്വീസ് തുടങ്ങിയ മേഖലകളിൽ വളരെ കുറവ് തൊഴിലാളികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതർ പറയുന്നു.
നിർമ്മാണ, ഗതാഗത മേഖലകളിലെ ജോലികൾക്കുള്ള അപേക്ഷകൾ ജൂലൈ മുതൽ ലഭിച്ച് തുടങ്ങുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നടപടികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. മറ്റ് മേഖലകളിലേക്കുള്ള നിയമനങ്ങൾ പടിപടിയായി പൂർത്തിയാക്കും.
ഈ സാമ്പത്തിക വർഷത്തിന്റെ ഹോങ്കോങ്ങ് സമ്പദ് വ്യവസ്ഥയിൽ അതിവേഗ വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ ബ്ലൂംബെർഗ് സർവേ പ്രകാരം ഈ വർഷം ഹോങ്കോങ്ങിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തം 4.6 ശതമാനമായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications