കൊച്ചിയില്‍ 150 കോടിയുടെ വന്‍ പദ്ധതിയുമായി ലുലു: ലക്ഷ്യം 10000 കോടിയുടെ കയറ്റുമതി, 800 പേർക്ക് ജോലി
കൊച്ചി: റീട്ടെയ്ൽ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും കേരളത്തിൽ പുതിയ വികസന അധ്യായം തുറന്ന് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ സമുദ്രോൽപ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. പൂർണമായും ഓട്ടോമാറ്റിക് സൗകര്യത്തിലുള്ള നൂതനമായ സജ്ജീകരണങ്ങളാണ് ലുലു ഗ്രൂപ്പിന്റെ സമുദ്രോൽപ്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രത്തിലുള്ളത്. 150 കോടി മുതൽമുടക്കിലാണ് സംസ്ഥാനത്തെ ഏറ്റവും വിപുലമായ ഈ സമുദ്രോൽപ്പന്ന കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്കരണ യൂണിറ്റ് കൂടിയാണ് ഈ അത്യാധുനിക സംവിധാനത്തിലുള്ള സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം. 800 പേർക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്.

ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണുള്ളത്. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കും. കൂടുതൽ യൂണിറ്റുകൾ കേരളത്തിൽ വിവിധയിടങ്ങളിൽ തുറന്ന് പ്രതിമാസം 2,500 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പി രാജീവ് അറിയിച്ചു.
ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ നിർമ്മാണം രണ്ട് മാസത്തിനകം കളമശേരിയിൽ ആരംഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു. ഈ വർഷം പതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. പദ്ധതി മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും. പുതിയ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും നൽകുന്ന മികച്ച പിന്തുണ അഭിനന്ദനാർഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം എ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സലീം വി ഐ, ലുലു ഗ്രൂപ്പ് ഡയറക്ടർ സലീം എം എ, ലുലു ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദ്, ലുലു ഫെയർ എക്സ്പോർട്ടസ് സി ഇ ഒ നജ്മുദ്ദീൻ ഇബ്രാഹിം, ഫെയർ എക്പോർട്സ് ജനറൽ മാനേജർ അനിൽ ജലധാരൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.












Click it and Unblock the Notifications