യുഎഇയും സൗദിയും കുതിക്കും: 20 വർഷത്തില്‍ഗള്‍ഫില്‍ ഏറ്റവും വലിയ മുന്നേറ്റം ഈ മേഖലയില്‍
മിഡിൽ ഈസ്റ്റിലെ വ്യോമയാന മേഖല അടുത്ത ഇരുപത് വർഷങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് റെക്കോർഡ് നിരക്കിലുള്ള വളർച്ച. ഇതോടെ മൊത്തം വ്യോമയാനവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ 134 ശതമാനം വർദ്ധിക്കുമെന്നും ഇത് ലോകത്തിലെ ഏതൊരു മേഖലയിലെയും ഏറ്റവും ഉയർന്ന വളർച്ചാ നിരക്കായിരിക്കുമെന്നുമാണ് ഏവിയേഷൻ ബിസിനസ് എംഇയും ജിഇ എയ്‌റോസ്‌പേസും പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നത്.
2043 ആകുമ്പോഴേക്കും പ്രാദേശിക ജിഡിപിയിൽ വ്യോമയാനത്തിന്റെ സംഭാവന 150 ശതമാനത്തിലധികം വർദ്ധിക്കുമെന്നും ഇത് 730 ബില്യൺ ഡോളറിലെത്തുമെന്നും മേഖലയിലുടനീളം സാമ്പത്തിക വികസനത്തിന് ഒരു സുപ്രധാന ഉത്തേജകമായി വ്യവസായത്തിന്റെ പങ്ക് ഉറപ്പിക്കുമെന്നും "ലിഫ്റ്റിംഗ് എക്കണോമിസ്: ദി ഇംപാക്റ്റ് ഓഫ് ദി ഏവിയേഷൻ സെക്ടർ ഓൺ മിഡിൽ ഈസ്റ്റേൺ ഇക്കണോമിസ്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.

റിപ്പോർട്ട് പ്രകാരം, 2043ഓടെ വ്യോമയാന മേഖലയുടെ പ്രദേശിക ജിഡിപിയിലേക്കുള്ള സംഭാവന 150 ശതമാനം ഉയർന്ന് 730 ബില്യൺ ഡോളറായി മാറും. ഇപ്പോഴത്തെ യാത്രക്കാരുടെ ഇരട്ടിയായ 530 മില്യൺ പേര്‍ വരെ മിഡില്‍ ഈസ്റ്റിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രതിവർഷ ട്രാഫിക് വളർച്ചാ നിരക്ക് 3.9 ശതമാനമായിരിക്കും.
വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളിൽ ഒന്ന് സർക്കാർ തലത്തിലുള്ള ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ്. വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, എയർലൈൻ വികസനം, അനുകൂല നിയമ വ്യവസ്ഥകൾ എന്നിവയാണ് മറ്റ് ഘടകങ്ങള്‍. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ-പസഫിക് മേഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മിഡില്‍ ഈസ്റ്റിന് വലിയ ഗുണം ചെയ്യും. ജനസംഖ്യാ വർധനയും, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയും, വിനോദസഞ്ചാര ലക്ഷ്യങ്ങളും കൂടി ഡിമാന്‍ഡിനെ ശക്തിപ്പെടുത്തുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ് വിമാനത്താവളമാണ്. റിപ്പോർട്ടിൽ സൗദി അറേബ്യയുടെ വളർച്ചയും പ്രത്യേകം അടയാളപ്പെടുത്തുന്നു. 2016 മുതൽ 2023 വരെ രാജ്യത്ത് വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ 136 ശതമാനം ഉയർന്ന് 1.4 മില്യണായി. ഇതേ കാലയളവിൽ രാജ്യത്തിന്റെ വ്യോമയാന മേഖലയിലെ ജിഡിപി സംഭാവന 150 ശതമാനം വർധിച്ച് 91 ബില്യൺ ഡോളറിലെത്തി.
100 ബില്യൺ ഡോളറിന്റെ നിക്ഷേപ പിന്തുണയോടെ സൗദി ഏവിയേഷൻ സ്റ്റ്രാറ്റജി 2030ഓടെ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടി വർധിപ്പിച്ച് 330 മില്യണാക്കാനും, 250-ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 29 വിമാനത്താവളങ്ങളിൽ നിന്ന് കണക്റ്റിവിറ്റി വർധിപ്പിക്കാനും ലക്ഷമിടുന്നു. ചരക്ക് ഗതാഗതം 4.5 മില്യൺ ടൺ ആയി, അതായത് അഞ്ചിരട്ടിയായും ഉയർത്താനുമുള്ള പദ്ധതികളുണ്ട്.
യുഎഇയിൽ വ്യോമയാന മേഖലയ്ക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ട്. രാജ്യത്തിന്റെ ജിഡിപിയിൽ 18.2 ശതമാനം സംഭാവന ചെയ്യുന്ന മേഖല, ലോക ശരാശരിയായ 3.9 ശതമാനത്തേക്കാൾ അഞ്ച് ഇരട്ടി കൂടുതലാണ്. മിഡില്‍ ഈസ്റ്റിലെ നേരിട്ടുള്ള തൊഴിൽ അവസരങ്ങളിൽ ഏകദേശം മൂന്നിൽ ഒന്നും യു എ ഇയിലാണ് എന്നതാണ് ശ്രദ്ധേയം. മൂന്നാമത്തെ നാഷണൽ ഡെവലപ്മെന്റ് സ്റ്റ്രാറ്റജി (2024-2030)യുടെ ഭാഗമായി വ്യോമയാന മേഖലയെ പ്രധാന വളർച്ചാ വിഭാഗമായി ഖത്തറും തിരിച്ചറിഞ്ഞിട്ടുണ്ട്. ലോജിസ്റ്റിക്‌സ് മേഖലയെ ഒരു ഇ-കൊമേഴ്സ് ഡിസ്‌ട്രിബ്യൂഷൻ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രവചനാധിഷ്ഠിത പരിപാലന സംവിധാനം, പൈലറ്റുമാർക്ക് ഇന്ധന കാര്യക്ഷമത ഉറപ്പാക്കുന്ന സാങ്കേതിക വിദ്യകൾ തുടങ്ങിയവയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. സുസ്ഥിര വ്യോമയാന ഇന്ധന (SAF) പദ്ധതികളിൽ യുഎഇയും സൗദിയും ആഗോള തലത്തിൽ മുൻപന്തിയിലേക്കുയരും. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ബഹിരാകാശ പദ്ധതികൾ വ്യോമഗഗണിക മേഖലയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications