എംബിഎസിന്റെ തന്ത്രം ഫലിച്ച് തുടങ്ങി: സൗദി മാറുന്നു, ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കുതിക്കുന്നു
പതിറ്റാണ്ടുകളായി ക്രൂഡ് ഓയില്‍ പ്രധാന വരുമാന മാർഗ്ഗമായിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്ത കിരീടവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ പാതയിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ടൂറിസം മേഖലയാണ് ഇത്തരത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യം വെക്കുന്ന പ്രധാന വികസന പാത.
നിയോം ഉള്‍പ്പെടെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നിരവധി പദ്ധതികള്‍ സൗദിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഫലം ഗുണം ചെയ്ത് തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതായത് 2019 മുതൽ ടൂറിസം മേഖല 250,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിച്ചുവെന്നാണ് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

2030-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 10 ശതമാനം സംഭാവന ചെയ്യുന്നതിനുള്ള പാതയിൽ ടൂറിസം വ്യവസായം വളരെ മുന്നിലാണെന്ന് ആഗോള തൊഴിൽ വിപണി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബും അഭിപ്രായപ്പെട്ടു. 2019-ൽ 600000 തൊഴിലവസരങ്ങളായിരുന്നെങ്കില്‍ ഈ വർഷം അത് 850000 ആയി ഉയർന്നുവെന്നും 2030 ഓടെ 1.6 ദശലക്ഷത്തിലെത്തുമെന്നും അൽ-ഖത്തീബ് അവകാശപ്പെട്ടു.
റിയാദിൽ എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കുന്നതിലൂടെ, ഈ മേഖല 250,000 തൊഴിലവസരങ്ങളുടെ അധിക വളർച്ചയുണ്ടാകും. അതോടൊപ്പം തന്നെ രാജ്യം നൽകാൻ ഉദ്ദേശിക്കുന്ന സ്ഥിര ജോലികളുടെ പ്രാധാന്യം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തൊഴിൽ വിപണിയുടെ 10 ശതമാനത്തെ പ്രതിനിധീകരിക്കുന്നത് ട്രാവൽ ആൻഡ് ടൂറിസം മേഖലയാണെന്നും മഹാമാരിക്ക് മുമ്പ് 2019ൽ 330 ദശലക്ഷം തൊഴിലവസരങ്ങൾ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും അൽ ഖത്തീബ് കൂട്ടിച്ചേർത്തു.
അതേസമയം, കോവിഡ് പാൻഡെമിക് സമയത്ത് ടൂറിസം വ്യവസായത്തിന് 60 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ഹോട്ടലുകളും എയർലൈനുകളും ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയത്.
"ഇന്ന്, യുഎന്നിന്റെ വേൾഡ് ടൂറിസം ഓർഗനൈസേഷനും ട്രാവൽ ആൻഡ് ടൂറിസം കൗൺസിലും പറയുന്നതനുസരിച്ച്, പകർച്ചവ്യാധിക്ക് മുമ്പുള്ളതിലേക്ക് ഞങ്ങൾ തിരിച്ചെത്തി, ഇത് നല്ലതാണ്," മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഡബ്ല്യുടിഒ പ്രസിഡൻസിയും വരാനിരിക്കുന്ന പൊതുസമ്മേളനവും ട്രാവൽ, ടൂറിസം വ്യവസായത്തെ നയിക്കുന്ന മറ്റ് നാഴികക്കല്ലുകളാണെന്നും അൽ-ഖത്തീബ് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പൊതുസമ്മേളനവുമായി ബന്ധപ്പെട്ട്, ഈ പരിപാടി സുസ്ഥിരത, ടൂറിസം സേവനങ്ങളുടെ എണ്ണം ഇരട്ടിയാക്കൽ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സ്വാഭാവിക ഭൂപ്രദേശം സംരക്ഷിക്കൽ എന്നിവയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റലായി വളർന്നിരിക്കുന്ന മേഖലയിൽ മാനുഷ്യ വൈദിഗ്ധ്യം നിലനിർത്തുന്നതിന് ഗണ്യമായ ഊന്നൽ നൽകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. "ടൂറിസം മേഖലയിൽ ചിലർ യാത്ര ഡിജിറ്റൈസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു. നിങ്ങൾക്ക് വിസ ലഭിക്കുന്നത് മുതൽ വിമാനത്തിൽ കയറാനുള്ള ബോർഡിംഗ് പാസ് ലഭിക്കുന്നത് വരെ നിങ്ങൾ ആളുകളെ കാണേണ്ടതില്ല. യാതൊന്നിനും നിങ്ങൾ ആളുകളുമായി ഇടപഴകേണ്ട ആവശ്യമില്ല. ഇത് പൂർണ്ണമായും ആശ്വാസം നല്‍കുന്ന രീതിയല്ല. തീർച്ചയായും ഞങ്ങൾ ഇത് യുഎൻഡബ്ല്യുടിഒയുടെ പൊതുസഭയിൽ ചർച്ച ചെയ്യും, "അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications