സൗദി അറേബ്യയില്‍ മൂന്നേകാല്‍ ലക്ഷം തൊഴില്‍ അവസരങ്ങള്‍; വിനോദ നഗരം സംഭവ ബഹുലം
റിയാദ്: സൗദി അറേബ്യ വേറിട്ട പാതയില്‍ സഞ്ചരിക്കുകയാണ്. ജോലി തേടി സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് വിവരം. നവീന ആശയങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ആനന്ദ-ആഘോഷ കേന്ദ്രങ്ങള്‍ പണിയുകയാണ് സൗദി. എണ്ണ വരുമാനത്തിന് പുറമെയുള്ള ആദായമാണ് ലക്ഷ്യമിടുന്നത്. റിയാദിലെ ഖിദ്ദിയ നഗരത്തില്‍ സ്ഥാപിക്കുന്ന ഇ-സ്‌പോര്‍ട്‌സ് കേന്ദ്രം വളരെ വ്യത്യസ്തമാണ്.
ഖിദ്ദിയയില്‍ ഇ-സ്‌പോര്‍ട്‌സ് ഡിസ്ട്രിക്റ്റും ഗെയിമിങും ആരംഭിക്കുകയാണ് സൗദി. വിനോദത്തിന് മാത്രമായി ഒരു മഹാനഗരം ഒരുങ്ങുകയാണിവിടെ. അഞ്ച് ലക്ഷം ചരുരശ്ര മീറ്ററിലാണ് ഗെയിമിങ് ഡിസ്ട്രിക്റ്റ് വരുന്നത്. 25 ഇ-സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് ഒരേ സമയം മാറ്റുരയ്ക്കാവുന്ന കേന്ദ്രം. 30 വീഡിയോ ഗെയിം കമ്പനികളുടെ മേഖലാ ആസ്ഥാനവും ഇവിടെയുണ്ടാകും.

2030 ആകുമ്പോഴേക്കും വര്‍ഷത്തില്‍ ഒരു കോടി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ കേന്ദ്രമായി ഖിദ്ദിയ വിനോദ നഗരം മാറുമെന്നാണ് ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ക്യുഐസി) യുടെ വിലയിരുത്തല്‍. ഇലക്ട്രോണിക് ഗെയിമുകള്‍ക്കുള്ള ആഗോള വേദി ഖിദ്ദിയയില്‍ ഒരുക്കുന്നത് സംബന്ധിച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് സൗദി അറേബ്യ പ്രഖ്യാപനം നടത്തിയത്.
നാല് ഇ-സ്‌പോര്‍ട്‌സ് വേദികള്‍ ഇവിടെയുണ്ടാകുമെന്ന് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 73000 ഇരിപ്പിടങ്ങളുണ്ടാകും. ലോകത്തെ പ്രധാന ഇ-സ്‌പോര്‍ട്‌സ് ഇവന്റുകള്‍ സംഘടിപ്പിക്കുക ഇനി ഖിദ്ദിയയിലായിരിക്കും. സന്ദര്‍ശകര്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ നവ്യാനുഭവം പകരുന്നതാകും ഖിദ്ദിയയിലെ വിനോദ നഗരമെന്ന് ക്യുഐസി എംഡി അബ്ദുല്ല അല്‍ ദാവൂദ് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിങ് വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഖിദ്ദിയ നവീകരിക്കുന്നതിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഒപ്പം ഇ-സ്‌പോര്‍ട്‌സിന്റെ ആഗോള ഹബ്ബായി മാറുക എന്ന ലക്ഷ്യവുമുണ്ട്. സൗദി അറേബ്യയുടെ വരുമാനത്തില്‍ വലിയ സംഭാവന ചെയ്യാന്‍ വിനോദ കേന്ദ്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ആദ്യത്തിലാണ് ഖിദ്ദിയ ഉദ്ഘാടനം ചെയ്തത്. റിയാദിനോട് ചേര്‍ന്നാണ് ഖിദ്ദിയ വിനോദ നഗരം ഒരുക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമാണ് വിനോദ നഗരവും. എണ്ണയ്ക്ക് പുറമെയുള്ള ആദായ മാര്‍ഗങ്ങള്‍ നേടുകയാണ് ഈ വിഷന്റെ പ്രധാന ലക്ഷ്യം. ഒപ്പം യുവജനങ്ങള്‍ക്ക് ജോലി ഉറപ്പാക്കലും.
ഖിദ്ദിയ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയത് 2019ലാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 325000 പേര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 360 ചതുരശ്ര കിലോമീറ്ററില്‍ 60000 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഖിദ്ദിയ പ്രൊജക്ട്. ആറ് ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകും. സൗദി അടിമുടി മാറുകയാണെന്ന് ചുരുക്കം.












Click it and Unblock the Notifications