കാനഡ നഷ്ടമായ വിഷമം മാറ്റാന്‍ അമേരിക്കയുണ്ട്: വിദ്യാർത്ഥികള്‍ക്ക് സുവർണ്ണാവസരം, അഭിമുഖം കൊച്ചിയിലും
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പലരുടേയും കാനഡ മോഹങ്ങള്‍ ഏകദേശം അസ്തമിച്ചിരിക്കുകയാണ്. യുകെയില്‍ വലിയ തോതില്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും ജീവിതച്ചിലവ് വളരെയധികം വർധിപ്പിക്കുന്ന നിരവധി തീരുമാനങ്ങളാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യാസ്തമായ ഒരു നിലപാടാണ് അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കായി അമേരിക്ക വലിയ തോതില്‍ അവസരം ഒരുക്കുന്നു.
ബംഗളൂരു, മണിപ്പാൽ, മംഗളൂരു, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഈ മാസം ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് വഴി ന്നത വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കാന്‍ പോകുകയാണ്. ഇതുവഴി അർഹരായ വിദ്യാർത്ഥികള്‍ക്ക് അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കും. അടുത്തിടെ അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർധനവും ഉണ്ടായിട്ടുണ്ട്.

യുഎസിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനം വരും വർഷങ്ങളിൽ ചൈനീസ് വിദ്യാർത്ഥികളെ മറികടക്കുമെന്നാണ് വിശ്വാസം. യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2022/23 അധ്യയന വർഷത്തിൽ മൊത്തം 1,057,188 അന്തർദ്ദേശീയ വിദ്യാർത്ഥികൾ യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ട്.
1 ദശലക്ഷം അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ 268,923 വിദ്യാർത്ഥികളും ഇന്ത്യയിൽ നിന്നുള്ളവരാണെന്നും യുഎസ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പറയുന്നു. അടുത്ത അധ്യയന വർഷത്തിൽ ഈ സംഖ്യ വർധിക്കുംു. വിദ്യാഭ്യാസ മേളകൾ 'സംസ്ഥാന തലസ്ഥാനങ്ങൾക്കപ്പുറം' മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുന്നത് കൂടുതൽ കഴിവുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി യുഎസ്എ തിരഞ്ഞെടുക്കാനുള്ള മികച്ച അവസരമായി മാറുമെന്നും അധികൃതർ പറയുന്നു.
"2022-ൽ ചൈനീസ് വിദ്യാർത്ഥികളിൽ 35% വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, വരുന്ന അധ്യയന വർഷങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," കോൺസുലേറ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2021-22 കാലയളവിൽ 948,000 അന്തർദേശീയ വിദ്യാർത്ഥികൾ യുഎസിൽ പഠിക്കാനെത്തിയതായും കോൺസുലേറ്റിൻ്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2022 സാമ്പത്തിക വർഷത്തിൽ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് 581,000-ലധികം വിദ്യാർത്ഥി വിസകൾ അനുവദിച്ചു. ഇത് 2016 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ദക്ഷിണേന്ത്യയിൽ നിന്നുള്ള അക്കാദമിക് ആവശ്യങ്ങളില്‍ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവ ആധിപത്യം പുലർത്തുന്നതായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് ചൂണ്ടിക്കാട്ടി. കോഴ്‌സിന് ശേഷം യുഎസിൽ 36 മാസത്തെ സ്റ്റേ ബാക്ക് ഓപ്ഷൻ ഉള്ളതിനാൽ 2022/23 ൽ 55% അന്തർദ്ദേശീയ വിദ്യാർത്ഥികൾ STEM (സയൻസ് ടെക്‌നോളജി എഞ്ചിനീയറിംഗ് ആൻഡ് മാത്തമാറ്റിക്‌സ്) ഫീൽഡുകളാണ് തിരഞ്ഞെടുത്തതെന്നും കോൺസുലേറ്റ് നല്‍കിയ കണക്കുകൾ സൂചിപ്പിക്കുന്നു.
ഉന്നതവിദ്യാഭ്യാസത്തിൽ അമേരിക്കൻ സർവ്വകലാശാലകളുമായി അന്താരാഷ്ട്ര പങ്കാളിത്തവും സഹകരിച്ചുള്ള വിദ്യാഭ്യാസവും നേടുന്നതിന് ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് അവസരം ഒരുക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിവരുന്നതാണ് തിങ്കളാഴ്ച ബംഗളൂരുവിൽ നടന്ന വിദ്യാഭ്യാസ മേളയിൽ പങ്കെടുത്ത കർണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ എം സി സുധാകർ പറഞ്ഞു.
"നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. നമ്മുടെ ചില വിദ്യാർത്ഥികൾക്ക് യുഎസിൽ പോയി പഠിക്കാൻ സാമ്പത്തികമായി സാധ്യമല്ല. അതിനാൽ യുഎസിലെയും കർണാടകയിലെയും സർക്കാർ സർവകലാശാലകൾ സംയുക്തമായി ക്ലാസുകൾ നടത്താൻ കഴിയണം. ഇതിനായി ഞങ്ങൾ പൂർണ സഹകരണം നൽകും- സുധാകർ പറഞ്ഞു.
ഫെബ്രുവരി 20 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിദ്യാഭ്യാസ മേളകൾ സംഘടിപ്പിക്കുന്നത് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൊമേഴ്‌സ്, ഇൻ്റർനാഷണൽ ട്രേഡ് അഡ്മിനിസ്‌ട്രേഷൻ, യുഎസ് കൊമേഴ്‌സ്യൽ സർവീസ് എന്നിവ ചേർന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമുകളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. മേളയിൽ സന്ദർശകർക്ക് 18 യുഎസ് ഉന്നതവിദ്യാഭ്യാസ പ്രതിനിധികൾ, എജ്യുക്കേഷൻ യുഎസ്എ ഉപദേഷ്ടാക്കൾ, യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയിൽ നിന്നുള്ള വിസ ഓഫീസർമാർ/നയതന്ത്രജ്ഞർ എന്നിവരെ കാണാനുള്ള അവസരമുണ്ട്.












Click it and Unblock the Notifications