വാലിബനാകാൻ മോഹൻലാൽ കഴിച്ചത്..വെറുതയല്ല ഇത്രയും കൈയ്യടി..ഭക്ഷണക്രമം ഇങ്ങനെ
കൊച്ചി: സോഷ്യൽ മീഡിയ നിറയെ 'മലൈകോട്ടൈ വാലിബൻ' ചർച്ചകളാണ്. മല്ലയുദ്ധത്തിൽ പങ്കെടുത്ത് തോൽവിയറിയാതെ നാടുകൾതോറും സഞ്ചരിക്കുന്ന അമാനുഷികനായ വാലിബനും വാലിബനായി നിറഞ്ഞാടിയ മോഹൻലാലിന്റെ പ്രകടനത്തിനുമെല്ലാം വലിയ കൈയ്യടിയാണ് ആരാധകർ നൽകുന്നത്. പ്രകടനം കൊണ്ട് മാത്രമല്ല രൂപം കൊണ്ടും 'വാലിബൻ' ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം.
പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി അമാനുഷിക ശക്തിയുള്ളൊരു കഥാപാത്രമായി എത്തുന്നമെത്തുമ്പോൾ വലിയ തയ്യാറെടുപ്പുകളാണ് മോഹൻലാൽ നടത്തിയിട്ടുണ്ടാകുകയെന്ന കാര്യത്തിൽ തർക്കമില്ല. സിനിമയിൽ കാണുന്ന രൂപത്തിലേക്ക് എത്താൻ താരം അതികഠിനമായി ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് പല ആരാധകരും ചോദിച്ചിരുന്നു. എന്നാൽ ആരാധകർ കണക്ക് കൂട്ടുന്നത് പോലെ കഥാപാത്രമാകാൻ വാരിവലിച്ച് അദ്ദേഹം കഴിചിട്ടില്ലെന്ന് പറയുകയാണ് മലൈക്കൊട്ടൈ വാലിബൻ എന്ന ബ്രഹ്മാണ്ഡ സിനിമ ലൊക്കേഷനിൽ ഭക്ഷണം ഒരുക്കിയ കാറ്ററിങ് സ്ഥാപന ഉടമ ജൂബി വർഗീസ്.അതേസമയം പ്രത്യേക ഭക്ഷണക്രമങ്ങളാണ് അദ്ദേഹത്തിനായി തയ്യാറാക്കിയതെന്നും ജൂബി പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം.

രാജസ്ഥാനിൽ 120 ദിവസം ആയിരുന്നു വാലിബന്റെ ഷൂട്ടിങ്. ഇതിൽ 80 ദിവസമായിരുന്നു മോഹൻലാൽ ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ചിത്രത്തിനായി പ്രോട്ടീൻ ഡയറ്റിലായിരുന്നു അദ്ദേഹമെന്ന് ജോബി പറയുന്നു. അതുകൊണ്ട് തന്നെ ചിക്കൻ ഉൾപ്പടെയുള്ള പല വിഭവങ്ങളും അദ്ദേഹം കഴിച്ചിരുന്നില്ല.
മട്ടൻ, മുട്ട, ഇലക്കറികൾ, പച്ചക്കറികൾ എന്നിവയാണ് നടന്റെ മെനുവിൽ കൂടുതലായി ഉപയോഗപ്പെടുത്തിയത്. ദോശ അല്ലെങ്കിൽ ഇഡലി, ചമ്മന്തി, പുട്ട് കടല, അപ്പം സ്റ്റൂ എന്നിവയൊക്കെയാണ് രാവിലത്തെ പലഹാരമായി നൽകിയക്. മട്ടൻ സൂപ്പ്, നന്നായി വെന്ത ചോറ്, എരിവു കുറവുള്ള മീൻ കറി, ഇലക്കറികൾ എന്നിവ ഉച്ച ഭക്ഷണ മെനുവിലും ഉൾപ്പെടുത്തി.
റവ പുട്ട്, റവ ദോശ, ഓട്ട്സ് അല്ലെങ്കിൽ കഞ്ഞി എന്നിവയാണ് രാത്രി നൽകിയത്. എല്ലാ നേരവും വേവിച്ച ചെറുപയറും നിർബന്ധമായി കഴിച്ചിരുന്ന ആളാണ് അദ്ദേഹം. സേമിയ പായസം വളരെ ഇഷ്ടമുള്ള ആളാണ്. മാത്രമല്ല കോട്ടയംകാരുടെ സെപ്ഷ്യൽ ഭക്ഷണമായ ചക്കക്കുരു മാങ്ങയും അദ്ദേഹത്തിനായി വിളമ്പിയിരുന്നു', ജോബി അഭിമുഖത്തിൽ പറഞ്ഞു.
ജയ്സാൽമീറിലായിരുന്നത് കൊണ്ട് തന്നെ കേരളത്തിൽ നിന്നാണ് അരി അടക്കമുള്ള സാധനങ്ങൾ ലൊക്കേഷനിൽ എത്തിച്ചതെന്നും ജോബി പറയുന്നു. സെറ്റിൽ മലയാളികളുടെ പ്രിയ ഭക്ഷണങ്ങളാണ് താരങ്ങൾക്കായി ഒരുക്കിയതെന്നും വിദേശികളും സിനിമയിൽ ഉള്ളതിനാൽ അവർക്കായി ഇംഗ്ലീഷ് വിഭവങ്ങളും തയ്യാറാക്കിയിരുന്നുവെന്നും ജോബി പറഞ്ഞു.












Click it and Unblock the Notifications