Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹിരാകാശ യാത്രികരുടെ ഡയറ്റ് എങ്ങനെയാണ്? ഈ ടിപ്‌സുകള്‍ നമുക്കും പ്രയോജപ്പെടുത്താം

ബഹിരാകാശ യാത്രയും യാത്രികരും നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന കാലമാണിത്. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസ മാത്രമല്ല ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് അടക്കമുള്ള സ്വകാര്യ കമ്പനികളും നിരവധി പേരെയാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. ബഹിരാകാശത്തേക്കുള്ള ടൂറിസം സാധ്യതകള്‍ അടക്കമുള്ളവയാണ് ഇലോണ്‍ മസ്‌കിനെ പോലുള്ളവര്‍ കാലങ്ങളായി തിരയുന്നത്.

അമേരിക്കന്‍ പോപ്പ് ഗായിക കാറ്റി പെറിയെ പോലുള്ള വനിതാ യാത്രികര്‍ ഏതാനും മിനിറ്റുകള്‍ നീണ്ട ബഹിരാകാശ യാത്ര നടത്തി മടങ്ങിയെത്തിയതേയുള്ളൂ. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ അടക്കമുള്ളവ പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പദ്ധതിയിടുന്ന ഘട്ടം കൂടിയാണ്.

ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമുള്ള ബഹിരാകാശ യാത്രകളെ കുറിച്ചല്ല ഇനി പറയുന്നത്. ദിവസങ്ങളും മാസങ്ങളും നീളുന്ന യാത്രകളെ പറ്റിയാണ്. ഭൂമിയെ വട്ടം ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ ദിവസവും എന്നോണം വന്നു നിറയുന്നുമുണ്ട്.

Space diet

എന്നാല്‍ എല്ലാവര്‍ക്കും ബഹിരാകാശ സഞ്ചാരികള്‍ ആകാന്‍ കഴിയുമോ? അവിടെ പോകുന്നവരുടെ ഭക്ഷണം എങ്ങനെയാണ്? എല്ലാം കഴിക്കാന്‍ പറ്റുമോ? പ്രത്യേകിച്ചും ഭൂമിയില്‍ നിന്ന് വ്യത്യസ്തമായി ഗുരുത്വാകര്‍ഷണം ഇല്ലാത്ത അവസ്ഥയില്‍?

നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ പദ്ധതിയുണ്ട്. ബഹിരാകാശത്തേക്ക് പോകുന്ന യാത്രകര്‍ക്ക് അവിടുത്തെ സാഹചര്യത്തിന് തുല്യമായ പരിശീലനമാണ് തുടക്കത്തില്‍ തന്നെ നല്‍കുക. ഭക്ഷണവും അത്തരത്തില്‍ ക്രമീകരിക്കും. ഭൂമിയിലേതു പോലെ വാരിവലിച്ച് തിന്നാന്‍ ഒന്നും ബഹിരാകാശത്ത് ചെന്നാല്‍ പറ്റില്ല എന്നര്‍ത്ഥം.

അവിടെ ഭക്ഷണക്രമത്തിന് കൃത്യമായ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. എന്ത് കഴിക്കണമെന്നും എങ്ങനെ കഴിക്കണമെന്നും എത്രത്തോളം കഴിക്കണമെന്നും നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. അതായത് യാത്രികര്‍ക്ക് കൃത്യമായ മെനു തയ്യാറാണ്. നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ബഹിരാകാശ യാത്രികന്റെയും പ്രായം, തൂക്കം, ആരോഗ്യസ്ഥിതി എന്നിവയൊക്കെ പരിഗണിച്ച് കൃത്യമായ മെനു തയാറാക്കുന്നത്.

ബഹിരാകാശത്ത് എത്തിക്കഴിയുമ്പോള്‍ ശരീരം എങ്ങനെ ആഹാരത്തോട് പ്രതികരിക്കും എന്നതില്‍ അടക്കം നേരത്തെ തന്നെ വ്യക്തത വരുത്തും. ബഹിരാകാശത്തിന് തുല്യമായ സാഹചര്യം ഭൂമിയില്‍ പുനസൃഷ്ടിച്ചാണ് യാത്രികര്‍ക്ക് ഇത്തരം പരിശീലനം നല്‍കുക.

ബഹിരാകാശത്തെ ഭക്ഷണ പ്രോട്ടോക്കോളുകള്‍

ബഹിരാകാശത്ത് എത്തുന്ന യാത്രികര്‍ക്ക് എന്തൊക്കെ ഭക്ഷണമാവും കഴിക്കാന്‍ സാധിക്കുക? വിശപ്പു മാറുകയും വേണം എന്നാല്‍ തൂക്കം കൂടാനും പാടില്ല. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകരുത്. ഭക്ഷണകാര്യത്തിലെ ബഹിരാകാശ പ്രോട്ടോക്കോളുകളെ പറ്റി നാസ തന്നെ അടുത്തകാലത്ത് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ചിലത് ഇങ്ങനെയാണ്.

ഭക്ഷണത്തിനൊപ്പം മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കുക മാത്രമല്ല നല്ല മാനസികാരോഗ്യവും ഉണ്ടാകണം. ഇതുകൂടി കണക്കിലെടുത്താണ് മെനു തയ്യാറാക്കി നല്‍കുന്നത്. ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി ഡയറ്റ് പ്ലാനുമുണ്ടാകും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, കൃത്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കുക, തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ശരീരത്തിലെ എല്ലുകളെയും മസിലുകളെയും ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഇത്തരം പ്രത്യേക ഭക്ഷണ മനുവിന്റെ ലക്ഷ്യം.

ശരീരത്തിന് മൂലകങ്ങള്‍ പരമാവധി ലഭിക്കുന്ന, ഉപ്പിന്റെ അളവ് കുറവുള്ള ഭക്ഷണമാണ് ബഹിരാകാശ യാത്രികര്‍ക്ക് നല്‍കുന്നതെന്ന് ഉറപ്പുവരുത്തും. ഒപ്പം കൂടുതല്‍ പ്രോട്ടീന്‍ ഉള്ള ഭക്ഷണവും ഉറപ്പാക്കും. ശരീരത്തിന് വേഗം ആഗിരണം ചെയ്യാനും ഊര്‍ജ്ജം ഉറപ്പാക്കാനും ഇതുവഴി കഴിയും.

കലോറി കുറഞ്ഞ ഭക്ഷണം

ഭൂമിയില്‍ ആണെങ്കില്‍ നല്ല ഭക്ഷണം കഴിച്ച് നല്ല വ്യായാമവും ചെയ്താല്‍ മതി. എന്നാല്‍ ബഹിരാകാശത്ത് അങ്ങനെയല്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി കത്തിച്ചു കളയാന്‍ മാര്‍ഗമില്ല. അതുകൊണ്ടാണ് കലോറി കുറഞ്ഞ ഭക്ഷണം തന്നെ വേണം എന്ന് നാസ അടക്കമുള്ളവര്‍ ഉറപ്പാക്കുന്നത്. വിറ്റാമിനുകള്‍, ശരീരത്തിന് ആവശ്യം വേണ്ട മിനറല്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ മെനുവാണ് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നത്.

ഇലക്കറികള്‍ അടക്കമുള്ളവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. ഇതുപക്ഷേ പൂര്‍ണമായും പാകം ചെയ്ത നിലയില്‍ ആയിരിക്കില്ല. ധാന്യങ്ങള്‍ പ്രത്യേക തരത്തില്‍ പൊടിച്ചുണ്ടാക്കിയ ഭക്ഷണങ്ങള്‍, നട്‌സ് എന്നിവയൊക്കെയാണ് മെനുവില്‍ പ്രധാനമായിട്ടുള്ളത്. അതായത് കുറച്ചു ഭക്ഷണം കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ കലോറി ഉറപ്പാക്കും. ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് കുറഞ്ഞുമിരിക്കും.

ബഹിരാകാശ യാത്രികര്‍ക്ക് ഉപ്പു കുറഞ്ഞ ഭക്ഷണം വേണം എന്നത് നിര്‍ബന്ധമാണ്. ബഹിരാകാശത്തെ പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യ ശരീരത്തില്‍ രക്തസമ്മര്‍ദം അടക്കമുള്ള ഉയരാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടി ഇരുന്നാല്‍ അപകടമാണ്. ഇത് നിയന്ത്രിക്കുന്നതിനാണ് ഭക്ഷണത്തിലും ഉപ്പ് ക്രമീകരിക്കുന്നത്.

ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍ ഭക്ഷണങ്ങളില്‍ ഉണ്ടാകും. ഇതുവഴി ശരീരത്തിലെ മസിലുകളെ ബലപ്പെടുത്താനാകും. ഗ്രാവിറ്റി ഇല്ലാത്ത അവസ്ഥയില്‍ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിന് ഇത് അത്യാവശ്യമാണ്.

എന്നാല്‍ ഈ പറയുന്ന ഭക്ഷണങ്ങളൊന്നും ഭൂമിയില്‍ ഉപയോഗിക്കുന്നതു പോലെയല്ല ബഹിരാകാശത്തു വച്ച് കഴിക്കുന്നത്. നേരത്തെ തന്നെ നന്നായി പാക്ക് ചെയ്ത ഭക്ഷണമാണ് കൊടുത്തയക്കുന്നത്. വായു കയറാത്ത പാക്കിങ് ആണ് നടത്തുന്നത്. അതുവഴി ഭക്ഷണപ്പൊതികള്‍ കേടാകാതിരിക്കും. ജലാംശം ഇല്ലാത്ത പഴങ്ങള്‍, വായു കയറാത്ത പ്രത്യേക ബോക്‌സുകളില്‍ പാക്ക് ചെയ്ത ധാന്യങ്ങള്‍, പ്രത്യേക രീതിയില്‍ പാകപ്പെടുത്തിയ വെജിറ്റബിള്‍ എന്നിവയെല്ലാമാണ് ബഹിരാകാശ യാത്രികര്‍ കൊണ്ടുപോവുക. ബഹിരാകാശത്ത് ഏറെക്കാലം കേടുകൂടാതെ നിലനില്‍ക്കും എന്നു മാത്രമല്ല ശരീരത്തിന് ആവശ്യമായ, കൃത്യമായ അളവില്‍ ഊര്‍ജ്ജം ഉറപ്പാക്കുകയും ചെയ്യും.

ബഹിരാകാശത്ത് എത്തിയാല്‍ വെള്ളം കുടിക്കുന്നത് ഒരു വലിയ പണിയാണ്. ഭൂമിയിലേതു പോലെ തന്നെ ശരീരത്തില്‍ ജലാംശം ഉറപ്പാക്കണം എന്നുള്ളതാണ് ബഹിരാകാശ യാത്രകള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ കൃത്യമായി ഇടവേളകളില്‍ വെള്ളം കുടിക്കും. അതിനായി പ്രത്യേക വാട്ടര്‍ ബബിളുകളും മറ്റും തയ്യാറാക്കി നല്‍കും. സീറോ ഗ്രാവിറ്റിയില്‍ ഭൂമിയിലേതുപോലെ വെള്ളം ഗ്ലാസില്‍ ഒഴിച്ച് കുടിക്കാന്‍ ആകില്ല. ഭൂമിയില്‍ ആണെങ്കില്‍ രണ്ടു മുതല്‍ 2 1/2 ലിറ്റര്‍ വെള്ളം പ്രായപൂര്‍ത്തിയായ ഒരാള്‍ എല്ലാ ദിവസവും കുടിക്കണം എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.

മധുരം വേണ്ട

ഭൂമിയില്‍ ആണെങ്കിലും ബഹിരാകാശത്ത് ആണെങ്കിലും മധുരം ഒരു വലിയ വെല്ലുവിളിയാണ്. അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ മധുരവും അധികം വേണ്ടെന്നാണ് ബഹിരാകാശ യാത്രകള്‍ക്കുള്ള നിര്‍ദേശം. ഭക്ഷണത്തില്‍ സ്വാഭാവികമായുള്ള മധുരം ഉപയോഗിക്കും. എന്നാല്‍ അധികം മധുരം ചേര്‍ക്കാനാവില്ല. ഒപ്പം പ്രോസസ്ഡ് ഭക്ഷണസാധനങ്ങളും ബഹിരാകാശ യാത്രകള്‍ക്ക് പറ്റില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവടക്കം നിയന്ത്രിക്കുന്നതിനാണിത്. ബഹിരാകാശത്ത് എന്നല്ല ഭൂമിയില്‍ ആണെങ്കിലും ഇതൊക്കെ കുറച്ചു മതിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഭൂമിയിലേതു പോലെ വലിച്ചുവാരി തിന്നരുതെന്ന് ബഹിരാകാശ യാത്രികര്‍ക്ക് കൃത്യമായി നിര്‍ദേശമുണ്ട്. ഓരോ സമയവും കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചു നല്‍കും. ഭൂമിയില്‍ എത്തിയാലും കുറച്ചുനാളത്തേക്ക് ഇതേ രീതിയില്‍ തുടരണമെന്നാണ് ചട്ടം.

ബഹിരാകാശ യാത്ര സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ഇതേ പോലുള്ള നിയന്ത്രണങ്ങളെപറ്റി അറിവ് ഉണ്ടാവില്ല. അതായത് ബഹിരാകാശ യാത്ര എന്നത് വെറുമൊരു വിനോദസഞ്ചാരമല്ല. മനസിനെയും ശരീരത്തെയും പരുവപ്പെടുത്തിയും പാകപ്പെടുത്തിയും ഉള്ള യാത്രയാണത്.

ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+