"അടിമകളെ ജയിലിലാക്കി തമ്പ്രാൻമാർ സുഖിക്കുന്നു"; സിപിഎമ്മിനെതിരെ കടുത്ത ഭാഷയിൽ അഖിൽ മാരാർ
മാസപ്പടി കേസിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളിൽ ജയിലിലായ പാർട്ടി പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുന്ന വി. ശിവൻകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
"ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു, ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർത്ഥ ബന്ധത്തിന്റെ കഥ. ഈ കേസിൽ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലിൽ അടച്ചപ്പോൾ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ട വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ഒരൊറ്റ നേതാക്കൾക്കെതിരെയും കേസില്ല" അഖിൽ കുറ്റപ്പെടുത്തി.

"സ്വന്തം മകളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതിന്റെ പേരിൽ അണികളെ തെരുവിലിറക്കി വിട്ട പിണറായി വിജയന്റെ 'കൊലച്ചിരി' നിറഞ്ഞ മറുപടികൾ കണ്ടിട്ടെങ്കിലും, പാർട്ടിക്ക് വേണ്ടി സ്വന്തം ജീവിതവും കുടുംബവും തകർക്കുന്നവർ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പാവങ്ങളെയും ദളിതരെയും വെറും ഉപകരണങ്ങളാക്കി മാറ്റി പാർട്ടി വളർത്തുന്ന ഈ തന്ത്രങ്ങളോടുള്ള വിയോജിപ്പാണ് തനിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിരോധത്തിന് കാരണം". അഖിൽ മാരാർ കൂട്ടിച്ചേർത്തു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഇഡി കേരളത്തിലെ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിൽ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തല്ലിപ്പൊളിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നിരവധി സിപിഎം പ്രവർത്തകരാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ഇങ്ങനെ ജയിലിലായ പാർട്ടി അണികളുടെ വീടുകളിലാണ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കൾ സന്ദർശനം നടത്തിയത്. ഈ സന്ദർശന ചിത്രങ്ങളാണ് ഇപ്പോൾ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും അഖിൽ മാരാരുടെ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.












Click it and Unblock the Notifications