കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക: നോര്‍വെസംഘം സമാധാന സംഭാഷണം തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊളംബോ: സമാധാനദൗത്യവുമായി ശ്രീലങ്കയിലെത്തിയ നോര്‍വേ സംഘം ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കഡിര്‍ഗമാറുമായി സംഭാഷണം തുടങ്ങി. നോര്‍വേ വിദേശകാര്യമന്ത്രി റേയ്മണ്ട് ജോഹന്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തുന്നത്.

പ്രത്യേക ദൂതന്‍ എവിക് സോല്‍ഹിമുമൊത്ത് ശ്രീലങ്കയിലെത്തിയ ജോഹന്‍സന്‍ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗയെയും പ്രതിപക്ഷനേതാവ് റനില്‍ വിക്രമസിംഗെയെയും കണ്ട് ചര്‍ച്ച നടത്തും.

അതേസമയം കൈതാടിയിലെ വൃദ്ധസദനത്തില്‍ എല്‍.ടി.ടി.ഇ. തീവ്രവാദികള്‍ ഷെല്ലിംഗ് നടത്തിയതില്‍ 15 പേര്‍ കൊല്ലപ്പെട്ടുവെന്നും 24 പേര്‍ക്ക് പരിക്കേറ്റുവെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. വൃദ്ധസദനം, അനാഥാലയം, പ്രാര്‍ത്ഥനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ സൈന്യം പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്തുവരികയാണ്.

ജാഫ്നക്ക് 15 കിലോമീറ്റര്‍ അകലെയുള്ള ചാവക്കച്ചേരി പിടിച്ചടക്കിയെന്ന് പുലികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവിടെ രൂക്ഷമായ പോരാട്ടം നടക്കുകയാണെന്നാണ് സര്‍ക്കാര്‍ വക്താവ് പറഞ്ഞത്. പോരാട്ടത്തില്‍ ആറ് പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് വക്താവ് വ്യക്തമാക്കി.

കൊളംബുരുത്തി മേഖലയിലേക്ക് മുന്നേറാനുള്ള പുലികളുടെ ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി. പുലികളെ ജാഫ്നയില്‍ കാലുകുത്താനനുവദിക്കുകയില്ലെന്ന് വടക്കന്‍ സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജാനക് പെരേര വ്യക്തമാക്കി. പുലികള്‍ ജാഫ്ന പിടിച്ചടക്കിയെന്ന ഊഹാപോഹങ്ങളും അദ്ദേഹം നിഷേധിച്ചു.

പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടാനുള്ള സാധ്യത വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കാഡിര്‍ഗമര്‍ തള്ളിയിട്ടുണ്ട്. നയതന്ത്രതലത്തില്‍ ഇന്ത്യയുടെ സഹകരണം ലഭിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഒരു ശ്രീലങ്കന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാഡിര്‍ഗമര്‍ പറഞ്ഞു.

ഇന്ത്യയും നോര്‍വെയും ഉള്‍പ്പെട്ട സമാധാനസംഭാഷണം നടന്നേക്കും. ഇന്ത്യയുടെ സമ്മതമുണ്ടെങ്കില്‍ അമേരിക്കയും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

പ്രശ്നത്തില്‍ ഇന്ത്യ മാധ്യസ്ഥം വഹിക്കണമെന്ന കാഴ്ചപ്പാട് ഇവിടെ ചേര്‍ന്ന തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും രേഖപ്പെടുത്തി. എന്നാല്‍ അത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അകത്തുനിന്നുകൊണ്ടായിരിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ഒരു വെടിനിര്‍ത്തലിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്ന നോര്‍വെ സംഘത്തോടും ശ്രീലങ്കന്‍ സര്‍ക്കാരിനോടും അവര്‍ അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X