മണ്ണിടിച്ചില്‍ മൂലം തീര്‍ത്ഥാടകര്‍ ഒറ്റപ്പെട്ടു
ഡഹറാഡൂണ്‍: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഗഡ്വാള്‍ ഹിമാലയത്തില്‍ ഒട്ടേറെ തീര്‍ത്ഥാടകര്‍ ഒറ്റപ്പെട്ടു. ആഗസ്ത് 22-ന് തുടങ്ങുന്ന നന്ദാദേവി ക്ഷേത്രയാത്രയ്ക്കു പോയ തീര്‍ത്ഥാടകരാണ് ഒറ്റപ്പെട്ടത്.
ഉത്തരകാശിയിലെ ബഡ്വാഡി ഗ്രാമത്തിലാണ് തീര്‍ത്ഥാടകര്‍ കുടങ്ങിപ്പോയത്. ഒറ്റപ്പെട്ടുപോയ തീര്‍ത്ഥാടകരില്‍ മിക്കവരും ഗുജറാത്ത്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഗംഗോത്രിക്കും കേദാരനാഥത്തിനും ഇടക്കാണ് തീര്‍ത്ഥാടകര്‍ കുടുങ്ങിപ്പോയത്. ബദാസുവിലെയും സോനപ്രയാഗിലെയും തുരങ്കത്തിലൂടെയുള്ള റോഡാണ് തകര്‍ന്നത്. കര്‍ണപ്രയാഗ്-നാരായണ്‍ റോഡും തകര്‍ന്നിരിക്കുകയാണ്.
കനത്തമഴയില്‍ വാര്‍ത്താവിനിമയ സംവിധാനവും തകര്‍ന്നു. തീര്‍ത്ഥാടകരുടെ അടുത്തേക്ക് ഭക്ഷണവും മണ്ണെണ്ണയും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ അധികാരികള്‍ പാടുപെടുന്നു. മണ്ണിടിച്ചില്‍ മൂലം ദുരിതം അനുഭവിക്കുന്ന പിന്‍ഡാര്‍ താഴ്വരയിലെ ജനങ്ങള്‍ക്കും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ല.