കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാപ്പുഴ പാലം 16 ന് തുറക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: ദേശീയപാത 17ല്‍ ചേരാനെല്ലൂരിനേയും മണ്ണംതുരുത്തിനേയും ബന്ധിപ്പിക്കുന്ന വരാപ്പുഴ പാലം ജനവരി 16 ചൊവാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ബി.സി.ഖണ്ഡൂരി പാലം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിക്കും.

varappuzha bridgeപടിഞ്ഞാറന്‍ തീരദേശപാതയായി അറിയപ്പെടുന്ന എന്‍ എച്ച് 17 ല്‍ അവസാനമായി പണി തീരേണ്ടിയിരുന്ന വലിയ പാലമാണ് വരാപ്പുഴ. അത്യാധുനിക മാതൃകയില്‍ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ ആര്‍ച്ച് മാതൃകയില്‍ പണിതീര്‍ത്തിരിക്കുന്ന പാലം കേരളത്തില്‍ ഇന്ന് നിലവിലുള്ള പാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.

പെരിയാറിന് കുറുകെ ചേരാനെല്ലൂരും വരാപ്പുഴയിലെ മണ്ണംതുരുത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 1026 മീറ്റര്‍ നീളമുണ്ട്. 29.63 കോടി രൂപയാണ് തുടക്കത്തില്‍ ചെലവ് കണക്കാക്കിയിരുന്നതെങ്കിലും നിര്‍മാണം പൂര്‍ത്തിയായപ്പോഴേയ്ക്കും 45 കോടി രൂപ ചെലവിട്ടു കഴിഞ്ഞു.

നിര്‍മാണ കമ്പനിയുമായുള്ള കരാറനുസരിച്ച് 1999 ജൂലായില്‍ പണിതീരേണ്ടിയിരുന്ന പാലത്തിന് 1995 ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ .ആന്റണിയാണ് ശിലയിട്ടത്. തൊഴില്‍ തര്‍ക്കവും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ തമ്മില്‍ വിവിധ കാര്യങ്ങളിലുണ്ടായ വിയോജിപ്പുമാണ് പാലംപണി യഥാസമയം പൂര്‍ത്തായാകുന്നതിനു തടസമായത്.

ദില്ലിയിലെ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയറിംഗ് സര്‍വീസസാണ് പാലം രൂപകല്‍പന ചെയ്തത്. കൊച്ചിയിലെ ഭഗീരഥ എഞ്ചിനീയറിംഗ് സര്‍വീസസാണ് നിര്‍മാണം നടത്തിയത്.

1964ല്‍ ആണ് പാലം വേണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തുന്നത്. പെരിയാറിന്റെ കൈവഴികള്‍ സംഗമിക്കുന്ന കായലിനു നടുവില്‍ ദ്വീപുണ്ടാക്കി മൂന്ന് പാലങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. 1972 ല്‍ പാലത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ശ്രമമാരംഭിച്ചു.12 വര്‍ഷത്തിനു ശേഷം ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്നും ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചു. പൊതുമരാമത്തിന്റെ രൂപകല്‍പന കേന്ദ്രം അംഗീകരിച്ചില്ല. തുടര്‍ന്ന് മന്ത്രാലയം തന്നെ പാലത്തിന്റെ രൂപകല്‍പന കണ്‍സട്ടിംഗ് എഞ്ചിനീയറിംഗ് സര്‍വീസസിനെ ഏല്‍പിക്കുകയായിരുന്നു.

വരാപ്പുഴ പാലം തുറക്കുന്നതോടെ വടക്കന്‍ കേരളവും കൊച്ചിയുമായുള്ള ദൂരത്തില്‍ 30 കിലോമീറ്ററോളം കുറവു വരും. തീരപ്രദേശത്തിന്റെ വികസനത്തില്‍ പാലം നാഴികക്കല്ലാകും.പൊന്നാനി, കുറ്റിപ്പുറം, ചേറ്റുവ, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, മൂത്തകുന്നം, പറവൂര്‍, വരാപ്പുഴ പ്രദേശങ്ങള്‍ ധൃതഗതിയില്‍ വികസിക്കാനും ഇതിടയാക്കും.

എറണാകുളം ജില്ലയില്‍ മൂത്തകുന്നത്ത് നിന്നും തുടക്കം കുറിക്കുന്ന ദേശീയപാത 17ല്‍ മൂത്തകുന്നം-കുര്യാപ്പിള്ളി പാലവും റോഡും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. മറ്റ് പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും എസ്റ്റിമേറ്റ് കേന്ദ്രാനുമതിക്കായി അയച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X