ഗുഡ്മുണ്ട്സണിന് ഹാട്രിക്ക്, ഇന്ത്യക്ക് ദയനീയ തോല്‍വി
കൊച്ചി: ഐസ്ലാന്‍ഡ് സ്ട്രൈക്കര്‍ ട്രിഗ്വി ഗുഡ്മുണ്ട്സണ്‍ മൂന്നു തവണ വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ ഇന്ത്യക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ദയനീയ പരാജയം.
സഹാരാ കപ്പിനു വേണ്ടിയുള്ള മില്ലേനിയം സൂപ്പര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യയെ ഐസ്ലാന്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ വാരിക്കളഞ്ഞു. ഗുഡ്മുണ്ട്സണിന്റെ ചിറകിലേറി അവര്‍ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്തു. 44, 52, 61 മിനിറ്റുകളില്‍ നേടിയ ഗോളുകള്‍ ഗുഡ്മുണ്ട്സണിനെ ടൂര്‍ണമെന്റിലെ ആദ്യത്തെ ഹാട്രിക്കിനുടമയാക്കുകയും ചെയ്തു.
ഐസ്ലാന്‍ഡ് നിരയിലെ ഏറ്റവും മുതിര്‍ന്നയാളും നോര്‍വീജിയന്‍ ലീഗില്‍ കൂടുതല്‍ ഗോളടിച്ച കളിക്കാരനുമായ ഗുഡ്മുണ്ട്സണിനെ തളയ്ക്കാന്‍ ഇന്ത്യയ്ക്ക് തുടക്കം മുതലേ കഴിയാതെ പോയതാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമായത്.
ആദ്യപകുതിയില്‍ സാമാന്യം ഭേദപ്പെട്ട കളി പുറത്തെടുത്ത ഇന്ത്യ രണ്ടാം പകുതിയില്‍ തീരെ പിന്നോക്കം പോവുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാത്തതിന്റെ പരിചയക്കുറവ് ടീമില്‍ പ്രകടമായി. 90 മിനിറ്റും ഒരേ പോലെ കളിക്കാനുള്ള ശാരീരികശേഷി ഇന്ത്യന്‍ കളിക്കാര്‍ ഇനിയും ആര്‍ജിക്കേണ്ടിയിരിക്കുന്നു എന്നും ഈ മത്സരം തെളിയിച്ചു.
സ്റാര്‍ സ്ട്രൈക്കര്‍ ഐ.എം. വിജയനൊപ്പം കാള്‍ട്ടണ്‍ ചാപ്മാന്‍, ബ്രൂണോ കുട്ടിനോ എന്നിവരെ മുന്‍ നിരയിലറിക്കിയ ഉസ്ബെക്ക് കോച്ച് ഇസ്ലം അഹമ്മദോവ് തുടക്കത്തില്‍ തന്നെ വരാന്‍ പോകുന്നതിന്റെ സൂചന നല്‍കി. മധ്യനിര സ്പെഷ്യലിസ്റുകളായ ചാപ്മാനും കുട്ടിനോയും മുന്‍നിരയില്‍ കിഴവന്‍ കുതിരകളായപ്പോള്‍ ഐ.എം. വിജയന്‍ തികച്ചും ശാന്തനായിരുന്നു. വിജയന്‍ എന്ന താരം മൈതാനത്തുണ്ടെന്ന് കളി നടന്ന 90 മിനിറ്റും കാണികള്‍ അറിഞ്ഞില്ലെന്നതാണ് സത്യം.
ഇന്ത്യ കാട്ടിക്കൂട്ടുന്ന ലക്ഷ്യമില്ലാത്ത ബഹളത്തിനിടയില്‍ ഐസ്ലാന്‍ഡ് ശാന്തമായി എതിര്‍പാളയത്തിലേക്ക് കയറിക്കൊണ്ടിരുന്നു. അങ്ങനെയൊരു നീക്കത്തിലാണ് ആദ്യഗോള്‍ വീണത്. സ്വെറിസണും ഗുഡ്മുണ്ട്സണും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ പാസ് ചെയ്തു മുന്നേറി ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ വീരേന്ദ്രസിംഹിനെ കബളിപ്പിച്ചു (1-0).
രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ഐസ്ലാന്‍ഡിനെയാണ് കണ്ടത്. ഗുഡ്മുണ്ട്സണും കൂട്ടരും അപകടം വിതച്ച് മുന്നേറിയപ്പോള്‍ ജോ പോള്‍ അഞ്ചേരി നയിച്ച ഇന്ത്യന്‍ പ്രതിരോധം ഛിന്നഭിന്നമായി. പ്രതിരോധനിരക്കാരുടെ പിഴവ് മുതലെടുത്ത് ഗുഡ്മുണ്ട്സണ്‍ രണ്ടാം ഗോള്‍ നേടി (2-0).
മൂന്നാം ഗോള്‍ ഇന്ത്യന്‍ മധ്യനിരക്കാരന്‍ മഹേഷ് ഗാവ്ലിയുടെ പിഴവില്‍ നിന്നായിരുന്നു. ഗാവ്ലി അശ്രദ്ധമായി ഗോളിക്ക് നല്‍കിയ മൈനസ് പാസ് ഗുഡ്മുണ്ട്സണ്‍ റാഞ്ചി. ഒറ്റപ്പെട്ട ഗോളിയെ അധികം ബുദ്ധിമുട്ടിക്കാതെ നിറയൊഴിച്ച് അദ്ദേഹം ഹാട്രിക്ക് തികച്ചു (3-0).
ഇന്ത്യയുടെ അടുത്ത മത്സരം ജനവരി 15 ചൊവാഴ്ച ഗ്രൂപ്പിലെ ശക്തരായ ഉറുഗ്വെയ്ക്കെതിരെയാണ്. ഐസ്ലാന്‍ഡിനെ തോല്പിച്ച് മികച്ച ഫോമില്‍ നില്‍ക്കുന്ന അവര്‍ക്കെതിരെ വിജയിക്കണമെങ്കില്‍ ഇന്ത്യ അസാമാന്യ മികവ് പുറത്തെടുക്കേണ്ടിവരും.












Click it and Unblock the Notifications