കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറമ്പിള്ളി ഹജ്ജ് ക്യാമ്പ് ശ്രദ്ധേയമാകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ആലുവയ്ക്കടുത്ത് മാറമ്പിള്ളിയില്‍ കേരള ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ഹജ്ജ് ക്യാമ്പ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികളോട് മാറമ്പിള്ളി ഹജ്ജ് ക്യാമ്പ് മാതൃകയാക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഹാജിമാര്‍ക്ക് മാറമ്പിള്ളി ക്യാമ്പില്‍ ലഭിക്കുന്ന മികച്ച സേവനമാണ് സംഘാടകര്‍ക്കു മേല്‍ പ്രശംസ ചൊരിയാന്‍ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്. ജനവരി 25 വ്യാഴാഴ്ചയാണ് മാറമ്പിള്ളി എംഇഎസ് കോളേജില്‍ ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചത്. ഹാജിമാര്‍ ഇഹ്റാമിലെത്തുന്നത് മുതലുള്ള എല്ലാ സേവനവും സൗകര്യവും കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാന്‍ കേരള ഹജ്ജ് കമ്മിറ്റിക്കു കഴിഞ്ഞു.

കേരളത്തില്‍ നിന്ന് ഹജ്ജിനായി സൗദി അറേബ്യയിലേക്കു പോകുന്ന ഹാജിമാര്‍ 24 മണിക്കൂര്‍ മുമ്പ് മാത്രം ക്യാമ്പില്‍ ഹാജരായാല്‍ മതിയെന്നാണ് കേരള ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഹാജിമാര്‍ രണ്ടു ദിവസം മുമ്പ് ക്യാമ്പിലെത്തണം.

കഴിഞ്ഞ വര്‍ഷമാണ് നെടുമ്പാശ്ശേരി കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്രാകേന്ദ്രമായി മാറിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള മാറമ്പിള്ളിയില്‍ ഹജ്ജ് ക്യാമ്പിന് തുടക്കമിട്ടതും ഇതോടൊപ്പമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്യാമ്പിലേക്ക് ഹാജിമാരുടെ പ്രവാഹം മുടക്കമില്ലാതെ തുടരുകയാണ്. മലബാര്‍ എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ്, തിരുവനന്തപുരം- കണ്ണൂര്‍ എക്സ്പ്രസ്, ജയന്തിജനത എക്സ്പ്രസ് എന്നീ തീവണ്ടികളില്‍ ഹാജിമാര്‍ക്കായി പ്രത്യേക ബോഗികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവണ്ടികള്‍ ആലുവയില്‍ അഞ്ചു മിനിറ്റ് നേരം കൂടുതലായി നിര്‍ത്തിയിടുന്നതിനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഹാജിമാരെ ക്യാമ്പിലേക്കും അവിടെ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്തിക്കുന്നതിന് ഏഴ് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. ക്യാമ്പിലെ പൊടിശല്യം നിയന്ത്രിക്കാന്‍ ദിവസവും വെള്ളം ചീറ്റിക്കുന്നതിന് അഞ്ച് ഫയര്‍ എഞ്ചിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ മെഡിക്കല്‍ സെല്ലും ഇവിടെയുണ്ട്.

ക്യാമ്പിന്റെ പ്രവര്‍ത്തനത്തിനായി ഇതിനകം നാലു ലക്ഷം രൂപ സര്‍ക്കാര്‍ നല്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ എട്ടു ലക്ഷം രൂപയാണ് നല്കിയത്.

ഹജ്ജ് ക്യാമ്പും നെടുമ്പാശ്ശേരിയില്‍ നിന്നുള്ള പുറപ്പെടലും കുറ്റമറ്റതായി തുടരുമ്പോഴും മടക്കയാത്രയെക്കുറിച്ച് അത്തരത്തില്‍ ഉറപ്പു നല്കാന്‍ കേരള ഹജ്ജ് കമ്മിറ്റി തയ്യാറായിട്ടില്ല. ഹാജിമാര്‍ക്ക് മെക്കയിലും ജിദ്ദയിലും കഴിഞ്ഞവര്‍ഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ വിമര്‍ശനത്തിനു കാരണമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X