കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ പൗരാവകാശ ധ്വംസനം: വരവരറാവു

  • By Staff
Google Oneindia Malayalam News

കൊച്ചി: ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിനു കീഴില്‍ പൗരാവകാശ ധ്വംസനവും അഭിപ്രായസ്വാതന്ത്യ്ര നിഷേധവും ദിവസം തോറും കൂടിവരികയാണെന്ന് തെലുങ്ക് വിപ്ലവകവിയും മാര്‍ക്സിസ്റ്- ലെനിനിസ്റ് അനുഭാവിയുമായ പി.വരവരറാവു പറഞ്ഞു.

ഫിബ്രവരി ആറ് ചൊവാഴ്ച എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രയില്‍ പൊലീസും അവരുടെ നിയന്ത്രണത്തിലുള്ള മാഫിയാ സംഘങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ വകവരുത്തുകയാണ്. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി സെക്രട്ടറി ടി.പുരുഷോത്തമിന്റെ കൊലപാതകം സമീപകാലത്ത് നടന്ന ഇത്തരത്തിലെ അഞ്ചാമത്തെ സംഭവമാണെന്ന് റാവു പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിലൂടെ ഭരണത്തിലേറിയ ചന്ദ്രബാബു നായിഡു ആന്ധ്രയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് സ്വയം വിശേഷിപ്പിക്കുന്നത്. പാകിസ്താനിലെ ഏകാധിപതി പര്‍വേസ് മുഷാറഫും പറയുന്നത് ഇതു തന്നെയാണ്. എന്‍.ടി.രാമറാവുവിന്റെയും ജനാര്‍ദ്ദനറെഡ്ഡിയുടെയും ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് നായിഡുവും പിന്തുടരുന്നതെന്ന് വരവരറാവു പറഞ്ഞു.

ഇന്ത്യയെ സാമ്രാജ്യത്വത്തിനും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വില്ക്കുന്നതില്‍ ഇവിടത്തെ രാഷ്ട്രീയകക്ഷികള്‍ ഒറ്റക്കെട്ടാണെന്ന് വരവരറാവു ആരോപിച്ചു. ഭരണത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്നത് ലോക ബാങ്കാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ചെങ്കൊടി പാറിക്കുന്ന പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലും ലോക ബാങ്ക് നയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വീരപ്പനെ അറസ്റു ചെയ്യാനെന്ന പേരില്‍ പൊലീസ് ആദിവാസികളെ പീഡിപ്പിക്കുകയാണെന്ന് വരവരറാവു ആരോപിച്ചു. ആദിവാസികളുടെ ജീവിതത്തില്‍ ഇടപെടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നക്സല്‍ പ്രസ്ഥാനങ്ങളോട് അനുഭാവം പുലര്‍ത്തുന്ന വരവരറാവു ആറു വര്‍ഷം ജയിലിലായിരുന്നു. നായിഡു സര്‍ക്കാരിനു കീഴില്‍ നടക്കുന്ന മനുഷ്യാവകാശ നിഷേധത്തെക്കുറിച്ച് രാജ്യമെമ്പാടും നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X