കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരയല്‍ സംഭവം: രാഷ്ട്രീയമില്ലെന്ന് പൊലീസ്

  • By Staff
Google Oneindia Malayalam News

മട്ടന്നൂര്‍: കൊടോളിപ്രത്ത് ഡി വൈ എഫ് ഐ നേതാവ് ബിന്ദുവിന്റെ കാലില്‍ ആര്‍ എസ് എസ് എന്നു കോറിയ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് . ഈ സംഭവത്തില്‍ ആര്‍ എസ് എസിനു പങ്കുണ്ടെന്നു കരുതുന്നില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് ഏബ്രഹാം അറിയിച്ചു.

യുവതിയുടെ കാലില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആര്‍ എസ് എസ് എന്നു വരഞ്ഞുവെന്നതിന് അവര്‍ നല്‍കിയ വിശദീകരണം അപ്പാടെ വിശ്വസിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. സംഭവത്തെക്കുറിച്ച് യുവതി നല്കുന്ന വിശദീകരണത്തിലെ പലകാര്യങ്ങളും അവിശ്വസനീയമാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറയുന്നു. കാലിലെ മുറിവിനു തന്നെ യുവതി പറയുന്ന പഴക്കമില്ലെന്ന് യുവതിയെ പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഫിബ്രവരി 16 വെള്ളിയാഴ്ച വൈകിട്ട് അജ്ഞാതരായ അക്രമികള്‍ തന്നെ ബലമായി തട്ടിക്കൊണ്ടു പോയി കാലില്‍ ആര്‍ എസ് എസ് എന്നു വരയുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ മുറിവ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഞായറാഴ്ച ഉണ്ടായതാണെന്നാണ് ഡോക്ടര്‍ പൊലീസിന് നല്‍കിയ വിവരം. കാലില്‍ വരഞ്ഞ നിലയില്‍ ഫിബ്രവരി 18 ഞായറാഴ്ച പുലര്‍ച്ചെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി തിങ്കളാഴ്ച തന്നെ സ്വന്തം ഇഷ്ടത്തിന് ആശുപത്രി വിടുകയായിരുന്നു.

എന്നാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ഡി വൈ എഫ് ഐ യുടെയും പ്രാദേശിക നേതാവായ യുവതിയുടെ കാലില്‍ വരഞ്ഞതാരെന്ന ചോദ്യം ഇപ്പോഴും അധികൃതരെ കുഴയ്ക്കുന്നു. അക്രമികളെ അറിയില്ലെന്നും ഇനി കണ്ടാലും തിരിച്ചറിയില്ലെന്നുമുള്ള യുവതിയുടെ മൊഴിയും ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നു. ഇക്കാര്യത്തില്‍ അവര്‍ സ്വയം പരാതിയൊന്നും നല്‍കിയിരുന്നില്ല. പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

യുവതി പറഞ്ഞതനുസരിച്ച് സംഭവ ദിവസം ആക്രമണത്തിന് വിധേയായ ശേഷം അവര്‍ വീട്ടിലെത്തി കുളി കഴിഞ്ഞ് ഉറങ്ങി. പിറ്റേ ദിവസം കാലത്ത് അമ്മമ്മയുടെ വീട്ടിലേയ്ക്കെന്നു പറഞ്ഞ് പോയ അവര്‍ രാത്രി പത്തു മണിയോടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പം വീട്ടിലെത്തി. തുടര്‍ന്നാണ് ആശുപത്രിയിലേയ്ക്കു പോയത്.

മുമ്പൊരിക്കല്‍ അടുത്ത കൂട്ടുകാരി വിവാഹിതയായപ്പോള്‍ ഈ യുവതി സ്വന്തം കൈത്തണ്ടയില്‍ ഇതേ പോലെ കോറിയിട്ടതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കേസ് സംബന്ധിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് മട്ടന്നൂര്‍ എസ് ഐ പി സുകുമാരന്‍ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.

ആര്‍ എസ് എസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു

കണ്ണൂര്‍: ബിന്ദുവിന്റെ കാലില്‍ ആര്‍ എസ് എസ് എന്ന് വരഞ്ഞ സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടു. സി പി എം നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജവാറ്റ് പ്രശ്നവും അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തണമെന്ന് ആര്‍ എസ് എസ് ജില്ലാ നേതൃത്വം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഡി വൈ എഫ് ഐ നേതാവായ ബിന്ദു പോലും കുറ്റം ഏതെങ്കിലും സംഘടനയിലോ വ്യക്തികളിലോ ആരോപിച്ചിട്ടില്ലെന്നും സി പി എം നേതാക്കള്‍ ആര്‍ എസ് എസിന്റെ മേല്‍ കുറ്റമാരോപിച്ച് ജില്ലയില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും ആര്‍ എസ് എസ് നേതൃത്വം പറഞ്ഞു.

തങ്ങള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സത്യാവസ്ഥ അന്വേഷിച്ചതായി ബി ജെ പി മേഖലാ പ്രസിഡന്റ് പി പി കരുണാകരനും അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X