ബജറ്റ്: കാര്‍ഷിക മേഖലയെ പ്രീണിപ്പിച്ചേക്കും
ദില്ലി: കാര്‍ഷികമേഖലയെ പ്രീണിപ്പിക്കുന്നതായിരിക്കും അടുത്ത കേന്ദ്ര ബജറ്റെന്ന് സാമ്പത്തികവിദഗ്ധര്‍ കണക്കു കൂട്ടുന്നു.
ഫിബ്രവരി 28 ബുധനാഴ്ച ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ അവതരിപ്പിക്കുന്ന ബജറ്റില്‍ ഏതാനും കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. കേരളത്തിനു ഗുണകരമായി മാറിയേക്കാവുന്ന രീതിയിലായിരിക്കും ഇറക്കുമതി തീരുവ ഉയര്‍ത്തുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റബര്‍, കാപ്പി, തേയില, നാ ളികേര ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള ഉത്പന്നങ്ങളുടെ പട്ടികയില്‍ പെടുന്നു.
മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ ഇപ്പോള്‍ തന്നെ കൂടുതലാണെന്നതിനാല്‍ അവയുടെ മേല്‍ ഇനി തീരുവ ഉയര്‍ത്താന്‍ സാധ്യതയില്ല. തീരുവ ഉയര്‍ത്താന്‍ സാധ്യതയുള്ള മറ്റൊരു ഉത്പന്നം പാം ഓയിലാണ്.
പുതിയ ഒരു കാര്‍ഷിക നയവും ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കാതെ വിതരണം ചെയ്യാനുള്ള മാര്‍ഗങ്ങളും ബജറ്റില്‍ അവതരിപ്പിക്കും. പഞ്ചസാര, തേയില എന്നീ ഉത്പന്നങ്ങള്‍ക്ക് അവധിവ്യാപാരം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തീരുവ സംരംക്ഷണം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടേയും താത്പര്യം സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കത്തക്ക കാര്‍ഷികമേഖലാ പ്രീണനങ്ങള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. ലോക വ്യാപാര സംഘടനയുമായുള്ള കരാര്‍ പ്രകാരം കാര്‍ഷികോത്പന്നങ്ങള്‍ക്ക് 65 മുതല്‍ 300 ശതമാനം വരെ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താനാവും.
കാപ്പിക്ക് ഇപ്പോഴത്തെ ഇറക്കുമതിച്ചുങ്കം 45 ശതമാനമാണ്. തേയിലയുടേത് 35 ശതമാനം, റബറിന് 25 ശതമാനം, വെളിച്ചെണ്ണയ്ക്ക് 45 ശതമാനം എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഇറക്കുമതിച്ചുങ്കം. ഇത് ഉയര്‍ത്തണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉയരുന്നു.












Click it and Unblock the Notifications