കശ്മീര്‍: ഇന്ന് സര്‍വകക്ഷിയോഗം
ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഫിബ്രവരി 21 ബുധനാഴ്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സര്‍വകക്ഷിയോഗം വിളിച്ചു. ജമ്മു കശ്മീരിലെ വെടിനിര്‍ത്തല്‍ നീട്ടണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക മന്ത്രിസഭാ സുരക്ഷാ സമിതി ബുധനാഴ്ച വൈകീട്ട് യോഗം ചേരുന്നതിനു തൊട്ടുമുമ്പാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഇടതു കക്ഷികള്‍, തെലുഗുദേശം എന്നിവയ്ക്കു പുറമെ എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികളെയും യോഗത്തിനു ക്ഷണിച്ചിട്ടുണ്ട്.
വെടിനിര്‍ത്തലിനു ശേഷവും അക്രമപരമ്പരകള്‍ തുടരുന്ന കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. വെടിനിര്‍ത്തല്‍ രാഷ്ട്രീയനീക്കമല്ലെന്നും വെറുമൊരു സൈനിക നീക്കം മാത്രമാണെന്നുമാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്.
ബുധനാഴ്ച വൈകുന്നേരം നടക്കുന്ന സുരക്ഷാസമിതി യോഗത്തില്‍ പ്രധാനമന്ത്രി വാജ്പേയി അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി, പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ്, ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്ര എന്നിവരും സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫിബ്രവരി 26 തിങ്കളാഴ്ചയാണ് കശ്മീരിലെ വെടിനിര്‍ത്തലിന്റെ കാലാവധി അവസാനിക്കുന്നത്.
സുരക്ഷാ സമിതി ഫിബ്രവരി 18 ഞായറാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം യോഗം മാറ്റിവെക്കുകയായിരുന്നു.












Click it and Unblock the Notifications