കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്റ്റ്വെയര്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇല്ലാത്ത ബഹുരാഷ്ട്ര കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കമ്പനിയുടെ പേരില്‍ ലക്ഷങ്ങള്‍ വെട്ടിച്ചതായി പരാതി. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൂപ്പിറ്റര്‍ സോഫ്ടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് വ്യാജപരസ്യം നല്കി ലക്ഷങ്ങള്‍ വെട്ടിച്ചത്.

അമേരിക്കയിലെ സന്യ ഇന്‍കോര്‍പറേറ്റിന്റെ സൈബര്‍ ആന്റ് ഡാറ്റാ കളക്ഷന്‍ കേന്ദ്രങ്ങളുടെ ശൃംഖല ഇന്ത്യയില്‍ തുടങ്ങുന്നതിനായിരുന്നു പ്രമുഖ പത്രങ്ങളില്‍ പരസ്യം വന്നത്. 2000 ആഗസ്റ് 19നാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ കമ്പനിയുടെ ബിസിനസ് പങ്കാളിയാകാന്‍ ആയുഷ്കാല അവസരം എന്നായിരുന്നു പരസ്യം.

സൈബര്‍ ആന്റ് ഡാറ്റാ കളക്ഷന്‍ കേന്ദ്രങ്ങളുടെ ശൃംഖല ഇന്ത്യയില്‍ തുടങ്ങുന്നതിന് ആവശ്യമായ പാര്‍പ്പിട, വാണിജ്യ കേന്ദ്രങ്ങള്‍ കമ്പനി പരസ്യത്തിലൂടെ ആവശ്യപ്പെട്ടു. കുറഞ്ഞത് 37 ചതുരശ്ര മീറ്റര്‍ മുതല്‍ 222 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സ്ഥലങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. വിസ്തീര്‍ണമനുസരിച്ച് രണ്ട് മുതല്‍ 12 ഫോണ്‍ വരെയും രണ്ട് എസി മുതല്‍ ആറ് എസി വരെയും ഈ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കണം. നിലവില്‍ സൗകര്യമില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ ഇത് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു.

സൗകര്യങ്ങളൊരുക്കുന്നതിന് ചെലവാക്കുന്ന മുഴുവന്‍ തുകയും കമ്പനി നല്കുമെന്നായിരുന്നു വാഗ്ദാനം. നടത്തിപ്പുകാര്‍ക്ക് ഇരട്ട വരുമാനവും കമ്പനി നല്കുമെന്നായിരുന്നു അറിയിപ്പ്. മൂന്ന് വര്‍ഷത്തേക്ക് കമ്പനി കരാറനുസരിച്ച് കടമുറികള്‍ക്ക് ചതുരശ്രമീറ്ററിന് മാസം 2152 രൂപയും വീടുകള്‍ക്ക് 1614 രൂപയും നല്കും. രജിസ്ട്രേഷന്‍ ഫോറത്തിന് എച്ച്ഡിഎഫ്സിയില്‍ നിന്ന് 1150 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പരസ്യത്തില്‍ നാല് ഫോണ്‍ നമ്പറുകള്‍ , ഫാക്സ്, ദില്ലി ഓഫീസിന്റെ മേല്‍വിലാസം എന്നിവയും നല്കിയിരുന്നു.

പരസ്യത്തില്‍ നല്കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടവരുടെ സംസ്ഥാനം ഏതെന്നാരാഞ്ഞ ശേഷം പ്രാദേശിക ഭാഷയില്‍ കാര്യങ്ങള്‍ വിശദമായി സംസാരിക്കാനും അവസരം നല്കി. ഇതേത്തുടര്‍ന്ന് പലരും ഡിഡിയെടുത്ത് ദില്ലിക്കയച്ചു. പണമയച്ചവര്‍ക്ക് താമസിയാതെ തന്നെ രസീതും അപേക്ഷാഫോറവും ലഭിച്ചു. അപേക്ഷ അയച്ചവരോട് വീണ്ടും 5000 രൂപയുടെ ഡിഡി അയയ്ക്കാനായിരുന്നു നിര്‍ദേശം .

കമ്പനിയുടെ സംഘം വന്ന് സ്ഥലം പരിശോധിക്കുമ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഇതെന്നായിരുന്നു വിശദീകരണം. മുറിയും മറ്റ് സൗകര്യങ്ങളും ഇഷ്ടപ്പെട്ടാല്‍ ഈ തുക തിരികെ നല്കുമെന്ന് ഉറപ്പും ലഭിച്ചു. തുടര്‍ന്ന് 5,000 രൂപ മുടക്കിയവര്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. കമ്പനിയുടെ ഓഫീസര്‍മാരെ പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. തപാല്‍ മുഖേന ബന്ധപ്പെട്ടവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല. ദില്ലി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സ്ഥാപനം ആ നമ്പറില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മറുപടി. ഫാക്സിനും പ്രതികരണമൊന്നുമുണ്ടായില്ല.

തട്ടിപ്പിനിരയായവര്‍ സംഘടിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. നാണക്കേട് മൂലം പുറത്താരോടും വിവരം പറയാനും ഇവര്‍മടിക്കുന്നു. ഒരു കാലത്ത് ലക്ഷങ്ങള്‍ തട്ടി അപ്രത്യക്ഷമായ മണി ചെയിന്‍ പദ്ധതിയുടെ രൂപത്തിലുള്ള പുതിയ തട്ടിപ്പ് പദ്ധതികളും ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X